Editors Pick
ആരാണ് സൊഹ്‌റാന്‍ മംദാനി?
നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തതകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം.
ന്യൂയോര്‍ക്ക്| യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്‌റാന്‍ മംദാനി വിജയിച്ചു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് സൊഹ്റാന്‍ മംദാനി. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പിന്നാലെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് ദശലക്ഷത്തിലധികം ന്യൂയോര്‍ക്കുകാര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെയും റിപ്പബ്ലിക്കന്‍ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് 34കാരനായ സൊഹ്‌റാന്‍ മംദാനി വിജയിച്ചത്.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്നും ഭാവി നമ്മുടെ കയ്യിലാണെന്നും ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത് മംദാനി സംസാരിച്ചു. മാറ്റത്തിനായുള്ള ജനവിധിയാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത്. പുതിയൊരു തരം രാഷ്ട്രീയത്തിനായുള്ള ജനവിധി, ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ഒരു നഗരത്തിനായുള്ള ജനവിധി. ജനുവരി 1ന് ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൊഹ്‌റാന്‍ മംദാനി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിക്കുകയും ന്യൂയോര്‍ക്ക് സിറ്റിയില്‍ വളരുകയും ചെയ്ത മംദാനി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്.
മാതാവ് മീരാ നായരുടെ വഴിയെ വെള്ളിത്തിരയിലേക്ക് പോകാതെ രാഷ്ട്രീയത്തിലാണ് സൊഹ്‌റാന്‍ മംദാനി തന്റെ വഴി കണ്ടെത്തിയത്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു സിറിയന്‍ കലാകാരിയായ റാമ ദുവാജിയുമായിട്ടുള്ള സൊഹ്‌റാന്റെ വിവാഹം. ആഫ്രിക്കന്‍ പഠനത്തില്‍ ബിരുദം നേടിയിട്ടുള്ള മംദാനി നേരത്തെ ഒരു സാമൂഹ്യപ്രവര്‍ത്തകനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.
മേയര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ മംദാനി വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകനായ മംദാനിയുടെ ജയം ട്രംപിനു കനത്ത തിരിച്ചടിയാണ്. മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ചട്ടക്കൂടിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന, ജനങ്ങള്‍ക്ക് സുപരിചിതനല്ലാതിരുന്ന സൊഹ്‌റാനാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് മേയര്‍ കസേരയില്‍ ഇരിപ്പുറപ്പിക്കുന്നത്. സൊഹ്‌റാന്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു ഡൊമാക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ്.
മംദാനിയുടെ വാഗ്ദാനങ്ങള്‍
മംദാനി മേയറായാല്‍ സ്ഥിരവാടകക്കാരുടെ വാടക ഉടന്‍ മരവിപ്പിക്കുമെന്നും, ന്യൂയോര്‍ക്കുകാര്‍ക്ക് ആവശ്യമായ ഭവനങ്ങള്‍ നിര്‍മ്മിക്കാനും വാടക കുറയ്ക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. വേഗമേറിയതും സൗജന്യവുമായ ബസ്സുകള്‍, എല്ലാ സിറ്റി ബസ്സുകളിലും നിരക്ക് ശാശ്വതമായി ഒഴിവാക്കും, ബസ് മുന്‍ഗണനാ പാതകള്‍ അതിവേഗം നിര്‍മ്മിക്കും, ക്യൂ ജമ്പ് സിഗ്‌നലുകള്‍ വികസിപ്പിക്കും, ഡെഡിക്കേറ്റഡ് ലോഡിംഗ് സോണുകള്‍ സ്ഥാപിച്ചു ഇരട്ട പാര്‍ക്കിംഗിനെ ഒഴിവാക്കി യാത്രകള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ആറ് ആഴ്ച മുതല്‍ അഞ്ച് വയസ്സ് വരെയുള്ള എല്ലാ ന്യൂയോര്‍ക്കുകാര്‍ക്കും സൗജന്യ ശിശുപരിപാലനം, ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായ സാഹചര്യത്തില്‍, വില കുറച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കുന്ന സിറ്റി ഉടമസ്ഥതയിലുള്ള പലചരക്ക് കടകളുടെ ഒരു ശൃംഖല എന്നിവ മേയര്‍ എന്ന നിലയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍പെടും.
ട്രംപിന്റെ കണ്ണിലെ കരട്
ഏതാനും നാളുകള്‍ക്ക് മുമ്പ് ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ ഏജന്‍സികള്‍ അമേരിക്കയിലെ നഗരങ്ങളില്‍ വലിയ റെയ്ഡുകളും കൂട്ട അറസ്റ്റും നടത്തിയിരുന്നു. ലോസ് ആഞ്ജലീസിലും ന്യൂയോര്‍ക്കിലും ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. സര്‍ക്കാരിന്റെ നടപടിക്കെതിരെ നിന്ന തൊഴിലാളി നേതാക്കളും ജനപ്രതിനിധികളും വരെ അറസ്റ്റ് ചെയ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സൊഹ്‌റാന്‍ മംദാനിയായിരുന്നു. സര്‍ക്കാറിന്റെ ഈ നടപടികളെ ഫാസിസം എന്നാണ് അന്നദ്ദേഹം വിശേഷിപ്പിച്ചത്. ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്നമാണെന്ന് പറയാനും മംദാനി മടിച്ചില്ല. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരേയും കോര്‍പ്പറേറ്റുകള്‍ ന്യൂയോര്‍ക്കിലെ സാധാരണക്കാരന്റെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് വിമര്‍ശിക്കാനും കെല്‍പ്പ് മംദാനിക്കുണ്ടായി.
ഫലസ്തീന്‍ അനുകൂല നിലപാട്
സൊഹ്‌റാന്റെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്നു ഉറക്കെ പറയാനും മംദാനി ആരെയും ഭയന്നില്ല. ഇതിന്റെ പേരില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടണമെന്ന് പറയാനും മംദാനി മടിച്ചില്ല. ഒരു പോഡ്കാസ്റ്റിനിടെ ഇന്‍തിഫാദ എന്ന ഫലസ്തീന്‍ മുദ്രാവാക്യത്തെ തള്ളിപ്പറയണമെന്നുള്ള ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തതകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം.



