Connect with us

Editorial

ഇ ഡിക്ക് അമിതാധികാരങ്ങള്‍ നല്‍കുമ്പോള്‍

ഇ ഡി ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇ ഡിയുടെ വഴിവിട്ട കളികളെ തടയുകയും തികച്ചും നീതിപൂര്‍വകവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്.

Published

|

Last Updated

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) വിപുലമായ അധികാരങ്ങള്‍ ശരിവെച്ചിരിക്കുകയാണ് സുപ്രീം കോടതി. കള്ളപ്പണ കേസില്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ അറസ്റ്റിന്റെ പശ്ചാത്തലം കുറ്റാരോപിതരോട് വെളിപ്പെടുത്താന്‍ ഇ ഡിക്ക് ബാധ്യതയില്ല. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ട് (ഇ സി ഐ ആര്‍) എഫ് ഐ ആറിന് സമാനമല്ല. അറസ്റ്റിനു വിധേയമാകുന്ന ആള്‍ക്ക് അത് നല്‍കേണ്ടതില്ല. കുറ്റം ചെയ്തില്ലെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത പ്രതികള്‍ക്കാണ് തുടങ്ങി അന്വേഷണ ഏജന്‍സിയുടെ എല്ലാ അധികാരങ്ങളും നിയമപരവും കള്ളപ്പണം തടയുന്നതില്‍ അനിവാര്യവുമാണെന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധിപ്രസ്താവം. കള്ളപ്പണ കേസുകളില്‍ ജാമ്യത്തിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന 45ാം വകുപ്പിനും കോടതി അംഗീകാരം നല്‍കി. ഇ ഡിക്ക് വിപുലമായ അധികാരം നല്‍കുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 242 ഹരജികള്‍ തള്ളിയാണ് കോടതിയുടെ മേല്‍ നിരീക്ഷണങ്ങള്‍.

ഇ ഡിക്ക് നല്‍കപ്പെട്ട വിപുലമായ അധികാരങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും നിരക്കാത്തതാണെന്ന് നിയമവൃത്തങ്ങള്‍ക്ക് നേരത്തേ തന്നെ അഭിപ്രായമുണ്ട്. ശരിയായ വിചാരണക്ക് മുന്നേ ഒരാള്‍ കുറ്റവാളിയായി അംഗീകരിക്കപ്പെടുന്നതും കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനില്‍ നിന്ന് പ്രതിയില്‍ നിക്ഷിപ്തമാകുന്നതും അറസ്റ്റിന്റെ പശ്ചാത്തലം പ്രതിയോട് വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യസ്ഥയും ക്രിമിനല്‍ നീതിക്ക് എതിരാണ്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ആയുധമായി ഇ ഡിയെ ഉപയോഗപ്പെടുത്തുന്നതായുള്ള പരാതിയും വ്യാപകമാണ്. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, ഡി കെ ശിവകുമാര്‍, അനില്‍ ദേശ്മുഖ്, കീര്‍ത്തി ചിദംബരം, തൃണമൂല്‍ കോണ്‍ഗ്രസ്സിലെ അഭിഷേക് ബാനര്‍ജി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ആം ആദ്മിയുടെ സത്യേന്ദ്ര ജയിന്‍, ശിവസേനയിലെ അനില്‍ പരബ,് ഡി എം കെ നേതാവ് കനിമൊഴി തുടങ്ങി നിലവില്‍ ഇ ഡിയുടെ നടപടിക്കു വിധേയമായവരെല്ലാം പ്രതിപക്ഷ നിരയിലെ ബി ജെ പിയുടെ രാഷ്ട്രീയ ശത്രുക്കളാണെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് പ്രതിപക്ഷ നിരയിലുള്ളവര്‍ മാത്രമല്ല അനധികൃത സ്വത്തുസമ്പാദനവും കള്ളപ്പണവും സംബന്ധിച്ച ആരോപണം നേരിടുന്നവര്‍. ഒട്ടേറെ ബി ജെ പി നേതാക്കളും ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

അതൊന്നും ഇ ഡി അറിഞ്ഞ ഭാവമേ നടിക്കുന്നില്ല. ശ്രദ്ധയില്‍ പെടുത്തിയാല്‍ തന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കുന്നുമില്ല. ബലഗാവിയിലുള്ള കോണ്‍ട്രാക്ടറും ബി ജെ പി പ്രവര്‍ത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കിയ വന്‍ കോഴ വിവാദം ഉയര്‍ന്നു വരികയുണ്ടായി അടുത്തിടെ കര്‍ണാടകയില്‍. സന്തോഷ് പാട്ടീല്‍ നടത്തിയ ഒരു റോഡ് പണിയുടെ ബില്‍ മാറാന്‍ എത്തിയപ്പോള്‍ യെദ്യൂരപ്പ സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഈശ്വരപ്പ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. ചില കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ക്കും ഈ കോഴ വിവാദത്തില്‍ പങ്കുള്ളതായും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കോഴ ആരോപണത്തിലേക്ക് ഒന്നെത്തി നോക്കാന്‍ പോലും ഇ ഡി തയ്യാറായില്ല.

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി നേതൃത്വം അയച്ച മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണമാണ് കൊടകരയില്‍ കവര്‍ന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ ഒമ്പത് ജില്ലകളിലായി നിയമസഭാ തിരഞ്ഞെടുപ്പില്‍ 41.4 കോടിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ 12 കോടിയും ഉള്‍പ്പെടെ 53.40 കോടി രൂപയുടെ കുഴല്‍പ്പണ ഇടപാട് നടന്നതായി ഇതുസംബന്ധിച്ചു നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷക സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം കുഴല്‍പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇ ഡിക്കായതിനാല്‍ കേസിന്റെ വിശദമായ റിപോര്‍ട്ട് ഇ ഡിക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്. എന്‍ ഡി എ സഖ്യകക്ഷിയാകാന്‍ സി കെ ജാനുവിന്റെ ജെ ആര്‍ പിയുമായി ബി ജെ പി നേതാക്കള്‍ സാമ്പത്തിക വിലപേശല്‍ നടത്തിയെന്നും പത്ത് കോടി ചോദിച്ച ജാനുവിന് പത്ത് ലക്ഷം നല്‍കിയാണ് മുന്നണിയിലെത്തിച്ചതെന്നും ജെ ആര്‍ പി ട്രഷറര്‍ തന്നെ വെളിപ്പെടുത്തിയതാണ്. വ്യക്തമായ തെളിവുകളുള്ള ഈ കേസുകളൊന്നും അറിഞ്ഞ ഭാവമേ ഇല്ല ഇ ഡിക്ക്.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം മുന്‍ എം പിമാര്‍ ഉള്‍പ്പെടെ 51 എം പിമാരും 71 എം എല്‍ എമാരും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം വിവിധ നടപടികള്‍ നേരിടുന്നതായി, ശിവസേന എം പി പ്രിയങ്ക ചതുര്‍വേദിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഇവരില്‍ ഇ ഡി പിന്തുടരുന്നവരെ പരതിയാല്‍ ഒരൊറ്റ ബി ജെ പി എം പിയെയോ എം എല്‍ എയെയോ കണ്ടെത്താനാകില്ല. ഈ വിധം ഈ അന്വേഷണ ഏജന്‍സി ഇന്ന് ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും തങ്ങളില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇ ഡിയുടെ വഴിവിട്ട കളികളെ തടയുകയും തികച്ചും നീതിപൂര്‍വകവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും മഹത്തായ സന്ദേശങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടുള്ള നീതിനിര്‍വഹണത്തിലൂടെ മാത്രമേ ജുഡീഷ്യറിയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

---- facebook comment plugin here -----

Latest