Connect with us

siraj editorial

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിന് വിലക്ക് വരുമ്പോള്‍

നേരിട്ടുള്ള വില്‍പ്പനയുടെ (ഡയറക്ട് സെല്ലിംഗ്) മറവില്‍ ആളുകളെ കണ്ണി ചേര്‍ത്ത് വിവിധ തട്ടുകളാക്കി പ്രവര്‍ത്തിക്കുന്ന രീതിയാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, റഫറല്‍ മാര്‍ക്കറ്റിംഗ്, പിരമിഡ് സെല്ലിംഗ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ വ്യാപാരം. പല വിദേശ രാജ്യങ്ങളും നേരത്തേ തന്നെ ഇത് നിരോധിച്ചതാണ്

Published

|

Last Updated

സ്വാഗതാര്‍ഹമാണ് മള്‍ട്ടി ലെവല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് (എം എല്‍ എം) നിരോധനം. പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണി ചെയിന്‍ പദ്ധതികള്‍ക്കും നിരോധനം ബാധകമാണ്. നീതിപൂര്‍വമല്ലാത്ത വ്യാപാരമല്ലാത്തതു കൊണ്ടാണ് നടപടിയെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം വ്യക്തമാക്കുന്നു. നേരിട്ടുള്ള വില്‍പ്പനയുടെ (ഡയറക്ട് സെല്ലിംഗ്) മറവില്‍ ആളുകളെ കണ്ണി ചേര്‍ത്ത് വിവിധ തട്ടുകളാക്കി പ്രവര്‍ത്തിക്കുന്ന രീതിയാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, റഫറല്‍ മാര്‍ക്കറ്റിംഗ്, പിരമിഡ് സെല്ലിംഗ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ വ്യാപാരം. പല വിദേശ രാജ്യങ്ങളും നേരത്തേ തന്നെ ഇത് നിരോധിച്ചതാണ്. ഇന്ത്യയില്‍ ഏകദേശം ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ ഈ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

മൊത്തക്കച്ചവടക്കാരില്‍ നിന്ന് ചില്ലറക്കച്ചവടക്കാരിലേക്കും അവരില്‍ നിന്ന് ഉപഭോക്താവിലേക്കും എന്ന സാധാരണ കച്ചവട രീതിക്കു പകരം കമ്പനി വ്യക്തികള്‍ വഴി (നെറ്റ്‌വര്‍ക്ക് രീതിയില്‍) ഉത്പന്നത്തെ കസ്റ്റമര്‍ക്ക് എത്തിക്കുന്നതാണ് മള്‍ട്ടിലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് രീതി. ഇതിലൂടെ പരസ്യവും ഹോള്‍സെയില്‍-റീട്ടെയില്‍ ബിസിനസ്സുകാരുടെ കമ്മീഷനുമൊക്കെ ഒഴിവാക്കാന്‍ കഴിയുന്നതിനാല്‍ അത് കണ്ണിചേരുന്നവര്‍ക്ക് നല്‍കാന്‍ കഴിയുന്നു എന്നാണ് കമ്പനികള്‍ അവകാശപ്പെടാറുള്ളത്. കുറഞ്ഞ മുതല്‍ മുടക്കില്‍ അവിശ്വസനീയമായ ഒരു ബിസിനസ്സ് അവസരത്തെ കുറിച്ച് കേള്‍ക്കുന്നതോടെ ധാരാളം പേര്‍ ഇതില്‍ വീണുപോകുന്നു. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം ആദ്യം കണ്ണി ചേര്‍ന്നവര്‍ വാരിക്കൂട്ടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഒരാള്‍ കണ്ണി ചേരുന്നതിലൂടെ ഈ കച്ചവടം അവസാനിക്കുന്നില്ല. അയാള്‍ ഒരു നിശ്ചിത എണ്ണം ആളുകളെ ചേര്‍ക്കുക കൂടിവേണം. സൗഹൃദ ബന്ധങ്ങള്‍, മുന്‍പരിചയം, കുടുംബ ബന്ധങ്ങള്‍, അയല്‍പക്ക ബന്ധങ്ങള്‍, പൊതു സുഹൃത്തുക്കളുടെ ശിപാര്‍ശകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് ഇതില്‍ ആളുകളെ കണ്ണികളാക്കുന്നത്. അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബേങ്ക് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരും സാമാന്യം നല്ല നിലയില്‍ ജീവിച്ചു പോകാന്‍ വകയുള്ളവരുമെല്ലാം ഈ ശൃംഖലയില്‍ അണി ചേരുന്നുണ്ട്. പണത്തോടുള്ള ഒടുങ്ങാത്ത ഈ ആര്‍ത്തിയാണ് തട്ടിപ്പ് കമ്പനികള്‍ക്ക് പ്രചോദനമാകുന്നത്. കോടികള്‍ മാറുകയും മറിയുകയും ചെയ്യുന്ന ഈ ബിസിനസ്സിന്റെ പിന്നാമ്പുറക്കഥകള്‍ അധികമാരും അറിയുന്നില്ല. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍, പ്രശ്‌നങ്ങള്‍, വിപണനത്തിന്റെ നിജസ്ഥിതി എന്നിവ അറിയാന്‍ ശ്രമിക്കാറുമില്ല. സുഹൃത്തുക്കളോ ബന്ധുക്കളോ പറഞ്ഞതുകൊണ്ട് മാത്രം മിക്ക പേരും ഇതില്‍ കണ്ണികളാകുന്നു.

ഉപഭോക്തൃ ശൃംഖലയിലെ ആദ്യത്തെ കണ്ണികള്‍ക്കു മാത്രമാണ് മള്‍ട്ടി ലെവല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഇരകളെ നിഷ്പ്രയാസം ലഭിക്കുന്നത്. കണ്ണികള്‍ വര്‍ധിക്കുന്തോറും ആളുകളെ ലഭിക്കാന്‍ പ്രയാസം നേരിടും. അതോടെ കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാകാതെ വഴിമുട്ടും. അവസാന ഘട്ടത്തില്‍ കണ്ണി ചേര്‍ന്നവരുടെ മടക്കു മുതല്‍ പോലും നഷ്ടമാകുകയും ചെയ്യും. തട്ടിപ്പില്‍ കുടുങ്ങിയതിന്റെ മാനഹാനി വേറെയും. അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, അവര്‍ പഠനം നടത്തിയ 350 മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളില്‍ കണ്ണിചേര്‍ന്ന 99 ശതമാനം പേര്‍ക്കും അവരുടെ പണം നഷ്ടമാകുകയുണ്ടായി. ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് എല്ലാ ചെലവുകളും പരിഗണിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ലാഭം ലഭിക്കുന്നത.് ആദ്യം കണ്ണി ചേര്‍ന്നവരാണ് ഇവര്‍.
ഉപഭോക്താക്കളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും അതിശയിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയുമാണ് കൂടുതല്‍ ആളുകളെ ചേര്‍ത്ത് കച്ചവട ശൃംഖല വികസിപ്പിക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന തന്ത്രം. നേരത്തേ കണ്ണിചേര്‍ന്നവര്‍ നേടിക്കൊണ്ടിരിക്കുന്ന ലക്ഷങ്ങളുടെ കണക്കുകളാണ് അവര്‍ ക്ലാസ്സില്‍ അവതരിപ്പിക്കുന്നത്. മിക്കവാറും ക്ലാസ്സിനു നേതൃത്വം നല്‍കുന്നതും അത്തരം വ്യക്തികളായിരിക്കും. വിലപിടിപ്പുള്ള കാറുകളിലായിരിക്കും ഇവര്‍ യോഗത്തിനെത്തുക. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതോടെ ധാരാളം പേര്‍ ഈ വലയില്‍ അകപ്പെടുന്നു. ക്ലാസ്സില്‍ പ്രൊഡക്ടുകളുടെ ഗുണമേന്മയെക്കുറിച്ചുള്ള വ്യാജമായ അവകാശവാദങ്ങള്‍ ധാരാളമുണ്ടാകും. അതേസമയം അവര്‍ വിതരണം ചെയ്യുന്ന ചരക്കുകളേക്കാള്‍ മികച്ചവ അതിനേക്കാള്‍ കുറഞ്ഞ വിലക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ടാകും. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്ന ഉത്പന്നങ്ങള്‍ ആറ് മുതല്‍ പത്ത് മടങ്ങ് വരെ അധിക വിലക്കാണ് അന്താരാഷ്ട്ര മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ആംവേ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ കണ്ണികള്‍ വഴി വിതരണം ചെയ്തിരുന്നത്.

1995ന് ശേഷമാണ് നെറ്റ്‌വര്‍ക്ക് മേഖല ഇന്ത്യയില്‍ വ്യാപകമായത്. 1991ലെ നവ സാമ്പത്തികനയം ഇതിലേക്ക് വഴിതെളിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ആംവേ, ബിസയര്‍, നാനോ എക്‌സല്‍, മെഡി ക്ലെയിം തുടങ്ങി നിരവധി മള്‍ട്ടി ലെവല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളാണ് രാജ്യത്തുടനീളം വന്‍വിതരണ ശൃംഖല സൃഷ്ടിച്ച് വന്‍ സമ്പാദ്യമുണ്ടാക്കിയതും പതിനായിരങ്ങളെ ചതിയില്‍ പെടുത്തിയതും. കോടിക്കണക്കിനു രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം ഇവര്‍ തട്ടിയെടുത്തത്. ബിസിനസ്സ് രംഗം വികസിക്കുകയും ആഗോളവത്കരണത്തിന്റെ ഫലമായി വ്യത്യസ്തമായ ഉത്പന്നങ്ങള്‍ പരസ്പരം മത്സരിച്ചു വിപണിയിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ വിപണനത്തിനും വിനിമയത്തിനും പുതിയ രീതികള്‍ കണ്ടെത്തുക സ്വാഭാവികമാണ്. എന്നാല്‍ അതില്‍ ധാര്‍മികതയും സത്യസന്ധതയും ആവശ്യമാണ്. ഉപഭോക്താവ് കബളിപ്പിക്കപ്പെടാന്‍ ഇടയാകരുത്. ഉപഭോക്താവും വിപണന ശൃംഖലയില്‍ കണ്ണി ചേരുന്നവരും വഞ്ചിക്കപ്പെടാനിടയാക്കുന്ന കച്ചവടമേതും നിരോധിക്കപ്പെടേണ്ടതാണ്.

Latest