Connect with us

International

തൊടുക്കുമ്പോൾ ഒന്ന്, നൂറായി ചിതറിത്തെറിക്കും; നാടൊന്നാകെ നശിപ്പിക്കുന്ന ഇറാന്റെ വജ്രായുധം പതിച്ചെന്ന് ഇസ്‌റാഈൽ

വൻ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ

Published

|

Last Updated

തെൽ അവീവ് |ഇറാൻ മാരക പ്രഹരശേഷിയുള്ള ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈൽ. ഇറാന്റെ വജ്രായുധമായ ക്ലസ്റ്റർ ബോംബ് കഴിഞ്ഞ ദിവസം പ്രത്യാക്രമണത്തിന് ഉപയോഗിച്ചെന്നും വൻ നാശം ഇതോടെ ഇസ്‌റാഈലിൽ ഉണ്ടായെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു. മധ്യ ഇസ്‌റാഈലിലെ അസോറിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ഇസ്രായേൽ മാധ്യമങ്ങളും റിപോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇറാൻ ഒന്നും പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായാണ് ഇറാൻ ക്ലസ്റ്റർ ബോംബുകൾ തൊടുക്കുന്നത്. ഒന്ന് തൊടുക്കുമ്പോൾ ലക്ഷ്യസ്ഥാനത്തെത്തിയാൽ നൂറായി പൊട്ടിത്തെറിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകൾ. പൊട്ടിത്തെറിക്കാത്ത ഡസൻകണക്കിന് ബോംബുകൾ മധ്യ ഇസ്‌റാഈലിൽ നിന്ന് കണ്ടെത്തിയെന്ന് ഇസ്‌റാഈൽ സൈന്യം വെളിപ്പെടുത്തി. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടങ്ങളെക്കുറിച്ചുള്ള പൊതുജന മുന്നറിയിപ്പായി ഇസ്‌റാഈൽ സൈന്യം ഗ്രാഫിക് പുറത്തിറക്കി.

മിസൈലുകളിൽ പോർമുനയായി വെക്കുന്ന ക്ലസ്റ്റർ ബോംബുകൾ ഒന്നു തൊടുത്താൽ നൂറും ആയിരവുമായി ചിതറിത്തെറിച്ച് പൊട്ടിത്തെറിക്കും. ഒറ്റ സ്‌ഫോടനം കൊണ്ട് അവസാനിക്കാതെ ഒരു പ്രദേശമാകെ അലക്ഷ്യമായി പൊട്ടിത്തെറിക്കുന്നുവെന്നതാണ് ആക്രമണം ഗുരുതരമാക്കുന്നത്. ഒരു വിശാലമായ പ്രദേശം മുഴുവൻ നാശം വിതക്കാൻ ഈ ആയുധത്തിനാകും. ചിതറി തെറിച്ചവ വീണയുടൻ പൊട്ടിത്തെറിക്കാത്തതിനാൽ അപ്രതീക്ഷിതമായ പൊട്ടിത്തെറികളാണ് പിന്നീടുണ്ടാകുക.

2008ൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധമാണിത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിർമാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൽ ഇറാനും ഇസ്‌റാഈലും പങ്കുചേർന്നിരുന്നില്ല.

 

---- facebook comment plugin here -----

Latest