Editorial
എയർ ഇന്ത്യ വീണ്ടും ടാറ്റയിലെത്തുമ്പോൾ
രാജ്യാന്തര തലത്തില്‍ ഇന്ത്യ എറ്റവും ശ്രദ്ധിക്കപ്പെടാനുള്ള കാരണങ്ങളിലൊന്നായ എയര്‍ ഇന്ത്യയും സ്വകാര്യ മേഖലയിലേക്ക്. 1932ല്‍ ടാറ്റാഗ്രൂപ്പ് തുടക്കമിടുകയും 1953ല്‍ ദേശവത്കരിച്ചതുമായ എയര്‍ ഇന്ത്യ, 68 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ടാറ്റയുടെ കൈകകളിലേക്ക് തിരിച്ചെത്തുന്നത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’ എന്ന് ട്വീറ്റ് ചെയ്താണ് തറവാട്ടിലേക്കുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചു വരവിനെ രത്തന്‍ ടാറ്റ സ്വാഗതം ചെയ്തത്.
അനുദിനം നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും തകര്‍ച്ചയെ നേരിടുകയും ചെയ്യുന്ന എയര്‍ ഇന്ത്യക്ക് ഈ മടക്കം ഒരു പക്ഷേ ഗുണകരമായിരിക്കാം. വിമാനക്കമ്പനിക്കു ഇതോടെ നല്ലൊരു ഭാവി പ്രതീക്ഷിക്കാമെങ്കിലും കൈമാറ്റം രാജ്യത്തിനും ജനതക്കും വേദനാജനകമാണ്. ഇന്ത്യക്ക് സ്വന്തമായൊരു വിമാനക്കമ്പനി എന്ന ആശയമാണ് ടാറ്റയുടെ കൈകളില്‍ നിന്നു കമ്പനിയെ ഏറ്റെടുക്കാന്‍ നെഹ്റു ഭരണകൂടത്തെ പ്രേരിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ രക്ഷാ ദൗത്യങ്ങള്‍ക്ക് ചിറക് വിരിച്ചിരുന്ന എയര്‍ ഇന്ത്യ, നടത്തിപ്പില്‍ പോരായ്മകളേറെയുണ്ടെങ്കിലും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ടതാണ്. ഏറ്റവുമധികം പേരെ അപകടസ്ഥലത്ത് നിന്നും ഒഴിപ്പിച്ച രക്ഷാപ്രവര്‍ത്തനത്തില്‍, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ എയര്‍ ഇന്ത്യയുടെ പേര് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ടാറ്റക്ക് കീഴില്‍ എത്ര വളര്‍ന്നാലും രാജ്യത്തിനും ജനതക്കും ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ലഭ്യമായിരുന്ന സേവനം ഇനി ലഭ്യമാകുമോ എന്നു കണ്ടറിയണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യം സംജാതമാകുമ്പോള്‍, ഇനി എന്തുവഴി സ്വീകരിക്കുമെന്ന ചോദ്യത്തിനു സര്‍ക്കാര്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഭാരിച്ച കടബാധ്യതയെ തുടര്‍ന്നാണ് സര്‍ക്കാറിന് എയര്‍ ഇന്ത്യയെ കൈയൊഴിയേണ്ടി വന്നത്. 2009- 2010 കാലത്ത് മാത്രം 1.1 ലക്ഷം കോടിയിലധികം രൂപ, സ്ഥാപനത്തിന്റെ നഷ്ടം നികത്താനോ വായ്പ തിരിച്ചടക്കുന്നതിനോ സര്‍ക്കാര്‍ ചെലവിട്ടതായാണ് കണക്ക്. ദേശസാത്കരണത്തിനു ശേഷം തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരികയും പിന്നീട് ചെറിയ കടബാധ്യതകളുമായി സേവനം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യവേ, 2007ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിക്കുകയും വിമാനങ്ങള്‍ക്കായി വലിയ ഓര്‍ഡര്‍ നല്‍കുകയും ചെയ്തതോടെയാണ് കമ്പനിയുടെ കടബാധ്യത വന്‍ തോതില്‍ വര്‍ധിച്ചത്. അതാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് വിദഗ്ധ പക്ഷം. ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ ഇന്ത്യന്‍ വ്യോമയാന മേഖലകളില്‍ കടന്നു വന്നതും എയര്‍ഇന്ത്യക്ക് തിരിച്ചടിയായി.
രാജ്യത്തിന്റെ അഭിമാനവും സമ്പദ്ഘടനയുടെ കരുത്തുമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തില്‍ ഈ മേഖലക്കു മികച്ച പങ്കുണ്ട്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ആദ്യകാല ഭരണാധികാരികള്‍ വിശിഷ്യാ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകാരനായിരുന്ന ജവഹാര്‍ലാല്‍ നെഹ്റു നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയാണ് നെഹ്‌റുവിന് മുന്നിലുണ്ടായിരുന്നത്. കൊളോണിയല്‍ ചൂഷണത്തില്‍ പാപ്പരായ സമ്പദ്ഘടന, വിഭജനത്തിന്റെ മുറിവുകള്‍, ശീതയുദ്ധത്താല്‍ തകര്‍ക്കപ്പെട്ട ലോകരാഷ്ട്രീയം- ഇതൊക്കെയായിരുന്നു അന്നത്തെ ഇന്ത്യന്‍ സാഹചര്യം. ഈ തകര്‍ച്ചകള്‍ക്കു നടുവിലും നെഹ്റുവിന്റെ ദീര്‍ഘവീക്ഷണവും ആസൂത്രണ മികവ് തെളിയിച്ച പഞ്ചവത്സര പദ്ധതികളും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. തൊണ്ണൂറുകള്‍ക്ക് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന യു പി എ, എന്‍ ഡി എ സര്‍ക്കാറുകളുടെ സാമ്പത്തിക രംഗത്തെ നയമപരമായ മാറ്റങ്ങളുടെ ഫലമായി പൊതുമേഖലാ സഥാപനങ്ങളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതോടെയാണ് പൊതുമേഖലയുടെ തകര്‍ച്ച ശക്തിപ്പെട്ടത്. പ്രത്യേകിച്ചും മോദി സര്‍ക്കാറിന്റെ ഭരണത്തില്‍. 1991 ശേഷം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയുടെ 70 ശതമാനവും ഈ സര്‍ക്കാറിന്റെ കാലത്താണ് നടന്നത്.
ഇന്നിപ്പോള്‍ വൈദ്യുതി, റെയില്‍വേ, പെട്രോളിയം, ആണവോര്‍ജം, ബഹിരാകാശ ഗവേഷണം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരണത്തിന്റെ വഴിയിലാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട് വിറ്റു തുലക്കുന്നവയുടെ ഗണത്തില്‍. പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലേക്ക് നീങ്ങുമ്പോള്‍ അതെങ്ങനെയെങ്കിലും കൈയൊഴിക്കുകയല്ല ഉത്തരവാദിത്വ ബോധവും രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചു ദീര്‍ഘവീക്ഷണവുമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. തകര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ്. നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നതും മാനേജ്‌മെന്റിലെ പാളിച്ചയും ജീവനക്കാരെ വേണ്ടവിധം ഉപയോഗിക്കാത്തതുമൊക്കെയാണ് എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക് നയിച്ചതെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിരീക്ഷണം. ഇതു പരിഹരിച്ചു സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിന് മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഒരു ന്യായീകരണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറ. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് നിലവിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു മൂലകാരണം.




