Connect with us

Health

ഭക്ഷ്യവിഷബാധ സംഭവിച്ചാൽ എന്തു ചെയ്യണം? എങ്ങിനെ പ്രതിരോധിക്കാം

ഭക്ഷണം പഴകി കഴിഞ്ഞാലോ, ഭക്ഷണത്തിലൂടെ വിഷം ഉളളിലേക്ക് ചെന്നാലോ ഭക്ഷ്യവിഷ ബാധ സംഭവിക്കാം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമായിരിക്കും അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക.

Published

|

Last Updated

ഭക്ഷ്യവിഷ ബാധയെ കുറിച്ച് കേരളം വീണ്ടും ചർച്ച ചെയ്യുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് കാസർഗോഡ് ഒരു വിദ്യാർത്ഥിനിയും കോട്ടയത്ത്‌ ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരിയും മരിച്ചതോടെയാണ് ഈ വിഷയം ചർച്ചകളിൽ നിറയുന്നത്. ഇതേതുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അതീവജാഗ്രത പുലർത്തിവരികയാണ്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതും പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്തതുമായ നിരവധി ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് താഴിട്ടുകഴിഞ്ഞു. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം 440 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. വൃത്തിയില്ലാതെ പ്രവർത്തിച്ച 11 ഹോട്ടലുകളുടെയും ലൈസെൻസ് ഇല്ലാതിരുന്ന 15 ഹോട്ടലുകളുടെയും പ്രവർത്തനം നിർത്തിവെപ്പിച്ചു. ഒപ്പം 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

എന്താണ് ഭക്ഷ്യ വിഷബാധ?

നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമുടെ വയറിന് പിടിച്ചില്ലെങ്കിലോ, പഴകിയതാണെങ്കിലോ അല്ലെങ്കില്‍ ഭക്ഷണത്തിനകത്ത് ഏതെങ്കിലും തരത്തിലുളള ബാക്ടീരിയകളോ, പോയിസണോ ഉണ്ടെങ്കിലോ വയറിനികത്ത് അണുബാധ വരാം. ഇതിനെയാണ് ഭക്ഷ്യവിഷ ബാധ അല്ലെങ്കില്‍ ഫുഡ് പോയിസണ്‍ എന്നു പറയുന്നത്. ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണിത്. ആരോഗ്യം കുറവുളളവരിലാണ് ഭക്ഷ്യവിഷബാധ കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്. അല്ലാത്തവരിൽ ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ രോഗം ഭേദമാകും.

എങ്ങിനെയാണ് ഭക്ഷ്യവിഷ ബാധയുണ്ടാകുന്നത്?

ഭക്ഷണം പഴകി കഴിഞ്ഞാലോ, ഭക്ഷണത്തിലൂടെ വിഷം ഉളളിലേക്ക് ചെന്നാലോ ഭക്ഷ്യവിഷ ബാധ സംഭവിക്കാം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമായിരിക്കും അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക.

വയറ് വേദന, ശര്‍ദ്ദില്‍, എന്ത് കഴിച്ചാലും വയറ് കൊളുത്തി പിടിക്കുന്ന വേദന, വയറിളക്കം, പനി, വിറയല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിൽ അണുബാധക്കുള്ള സാധ്യത കൂടുതലാണ്.

സാധാരണ നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഒന്നര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ദഹിച്ച് ആമാശയത്തില്‍ നിന്നും കുടലിലേക്ക് പോകേണ്ടതാണ്. എന്നാല്‍ ഭക്ഷ്യവിഷ ബാധയേറ്റാല്‍ അവ ദഹിക്കാതെ അവിടെ തന്നെ കിടക്കും.

തുടര്‍ച്ചയായി ശര്‍ദ്ദിച്ചാല്‍ എന്ത് ചെയ്യണം?

ഭക്ഷ്യവിഷബാധയേറ്റാൽ രോഗി തുടർച്ചയായി ശർദ്ദിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ഘട്ടങ്ങളിൽ വീട്ടിൽവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകണം. ഒരു ടീസ്പൂണ്‍ ഗ്‌ളൂക്കോസ് പൗഡറോ മുക്കാല്‍ ടീസ്പൂണ്‍ പഞ്ചസാരയോ എടുക്കുക. അതിലേക്ക് അഞ്ച് നുള്ള് ഉപ്പ് മിക്‌സ് ചെയ്യുക. ശേഷം അല്‍പ്പാല്‍പമായി നാവിലേക്ക് ഇട്ട് കൊടുക്കുക. ഇത് ശർദ്ദിൽ എളുപ്പം മാറിക്കിട്ടാൻ ഏറെ ഫലപ്രദമാണ്.

നമ്മുടെ ആമാശയത്തില്‍ ദഹനം സംഭവിക്കുന്നില്ലെങ്കിലോ, വയറ്‌വേദന വന്നാലോ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളൊന്നും ശരീരം വലിച്ചെടുക്കുകയോ വെളളം താഴേക്ക് പോകുകയോ ചെയ്യുകയില്ല. എന്നാല്‍ അല്‍പം മധുരത്തോടൊപ്പം ഉപ്പും ചേര്‍ത്ത് നല്‍കിയാല്‍ ഇവ നമുടെ വായ്ക്കുളളില്‍ നിന്ന് തന്നെ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടും. അപ്പോള്‍ രക്തത്തില്‍ പെട്ടെന്ന് സോഡിയത്തിന്റെ അളവ് വര്‍ധിക്കുകയും നാം ക്ഷീണത്തില്‍ നിന്നും മുക്തരാകുകയും ചെയ്യും.
ഈ മിശ്രിതം വായിലേക്ക് കൊടുക്കുമ്പോള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് രോഗി വെളളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്നിട്ടും ശര്‍ദ്ദില്‍ മാറുന്നില്ലെങ്കിൽ നിര്‍ബന്ധമായും അടുത്തുളള ആശുപത്രിയില്‍ എത്തിക്കുക.

വയറിളക്കം സംഭവിച്ചാല്‍?

സാധാരണയായി വയറിളക്കം സംഭവിച്ചാല്‍ കട്ടന്‍ ചായയില്‍ നാരങ്ങ നീര് പോലെയുളള ഒറ്റമൂലികളാണ് പ്രയോഗിക്കാറുളളത്. എന്നാല്‍ ഇത് ഉപയോഗിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലപ്പോള്‍ ഒരു വൈറസ് രോഗ ബാധ കൊണ്ടാണ് വയറിളക്കം ഉണ്ടാകുന്നതെങ്കില്‍ ഇത്തരത്തിലുളള ഒറ്റമൂലി നല്‍കി കഴിഞ്ഞാല്‍ രക്തത്തിലേക്ക് അവ അലിഞ്ഞ് ചേരുകയും ശക്തമായുളള പനിയ്ക്കും വിറയലിനും ഇടയാക്കുകയും ചെയ്യും. ദിവസത്തില്‍ മൂന്നോ നാലോ പ്രാവിശ്യം മാത്രമാണ് വയറിള്ളക്കം സംഭവിക്കുന്നതെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല. വയര്‍ നന്നാക്കാന്‍ ഉളള ഭക്ഷണമോ, മരുന്നോ വാങ്ങി കഴിച്ചാൽ തന്നെ പ്രശ്നം മാറിക്കിട്ടും.

ഇഞ്ചി ചതച്ച് ചാറെടുത്ത് അതില്‍ അല്‍പ്പം വെളളം ചാലിച്ച് കഴിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്. നല്ലൊരു ആയുര്‍വേദ പരിഹാരമാണിത്. വയറിന് ബാധിക്കുന്ന വൈറസ് രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവ് ഇഞ്ചിക്കുണ്ട്. കൂവപൊടി ചൂട് വെളളത്തില്‍ കാച്ചി കുടിക്കുന്നതും വയറിളക്കം മാറാന്‍ നല്ലതാണ്. ഒരു ദിവസത്തിനപ്പുറം വയറിളക്കം മാറിയിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അടുത്തുളള ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കണം.

ഭക്ഷ്യവിഷ ബാധയേറ്റാല്‍ കരുതേണ്ട കാര്യങ്ങള്‍:

  • വയര്‍ പൂര്‍ണ്ണമായും നോര്‍മലാകാതെ അടുത്ത മൂന്ന് ദിവസത്തെങ്കിലും കടുത്ത ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
  • മസാല ചേര്‍ത്ത, അമിത എണ്ണ പലഹാരങ്ങള്‍ കഴിക്കാതിരിക്കുക.
  • ഉപ്പിട്ട കഞ്ഞിവെളളം, എരിവില്ലാതെ നന്നായി വേവിച്ച കറി, അധികം മസാല ചേര്‍ക്കാത്ത ചെറുമീനുകളുടെയും ചിക്കന്റെയും കറി തുടങ്ങിയവ ഈ സമയങ്ങളില്‍ കഴിക്കാം. കൂടാതെ കഞ്ഞിയും പയറും കഴിക്കുന്നതും വളരെ നല്ലതാണ്.
  • രോധ പ്രതിരോധ ശേഷി കൂട്ടാന്‍ പപ്പായ, മാതളം തുടങ്ങിയവയും കഴിക്കാം.
  • സോഡ, കോള, കളര്‍ ഡ്രിങ്‌സ് തുടങ്ങിയ പാനീയങ്ങള്‍ ഈ സമയങ്ങളില്‍ കുടിക്കാതിരിക്കുക.

ഭക്ഷ്യവിഷ ബാധ വരാതിരിക്കാന്‍:

  • വെളളം നന്നായി കുടിക്കുക.
  • പരമാവധി വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക.
  • അധിക നാള്‍ വെച്ച ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക
  • രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

തുടര്‍ച്ചയായ വയറ് വേദനയും, ശര്‍ദ്ദിയുമാണെങ്കില്‍ ഇത് ഏത് ടൈപ്പ് അണുബാധ ആണെന്നും, കരളിനെ ബാധിച്ചിട്ടുണ്ടോയെന്നും മഞ്ഞപ്പിത്തത്തിലേക്ക് നയിക്കാന്‍ കാരണമാകുന്നുണ്ടോയെന്നും നിര്‍ബന്ധമായും ഡോക്ടറെ കണ്ട് തീര്‍ച്ചപ്പെടുത്തണം.

വിവരങ്ങൾക്ക് കടപ്പാട്:  ഡോ.രാജേഷ് കുമാര്‍, തിരുവനന്തപുരം

Latest