National
എന്താണ് ഒളിക്കാനുള്ളത്?; മോദിയോട് ബിരുദ സർട്ടിഫിക്കറ്റ് പങ്കുവെക്കാൻ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്സ് എം പി
ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ താങ്കൾക്ക് എന്താണ് ഒളിക്കാനുള്ളത്?

ന്യൂഡൽഹി | ബിരുദ സർട്ടിഫിക്കറ്റ് പങ്കുവെക്കാൻ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്സ് എം പി സാഗരിക ഘോഷ്. എന്താണ് നിങ്ങളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച രഹസ്യമെന്ന് സാഗരിക ഘോഷ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.
ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ താങ്കൾക്ക് എന്താണ് ഒളിക്കാനുള്ളത്?. ഡൽഹി സർവകലാശാലയിൽ നിന്നുള്ള തൻ്റെ ബിരുദ സർട്ടിഫിക്കറ്റിൻ്റെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് ഘോഷിൻ്റെ പോസ്റ്റ്. ഇതാണ് എൻ്റെ ബിരുദ സർട്ടിഫിക്കറ്റ്, ഇനി താങ്കളുടെത് എല്ലാവർക്കും കാണിക്കൂ. ഇതിനായി മോദിയെ വെല്ലുവിളിക്കുകയാണെന്നും ഘോഷ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പടെയുള്ളവരുടെ ഡിഗ്രി രേഖകൾ കാണിക്കണമെന്ന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഉത്തരവിലാണ് നടപടി.
1978 ൽ ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവരുടെ റോൾ നമ്പർ, പേര്, മാർക്ക്, ഫലം എന്നിവ പരിശോധിക്കാൻ വിവരാവകാശ പ്രവർത്തകൻ നീരജ് കുമാറിനെ അനുവദിക്കുന്നതായിരുന്നു കമ്മീഷൻ്റെ ഉത്തരവ്. ഈ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ എത്തുകയായിരുന്നു. ഉടനടി ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. സർവകലാശാലക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്നീട് ഹാജരായി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും പുറമേ നിന്നുള്ള ഒരാളെ ഈ രേഖകൾ കാണിക്കാനാവില്ല എന്നുമായിരുന്നു സർവകലാശാല നിലപാട്.