Connect with us

SirajArticle

ക്യാപ്റ്റനൊഴിഞ്ഞ പഞ്ചാബിലെ കോണ്‍ഗ്രസ്സിന്റെ ഭാവി?

രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയേക്കാള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വലുത് തങ്ങളുടെ വ്യക്തി താത്പര്യങ്ങളാണ് എന്നാണ് പഞ്ചാബും തെളിയിക്കുന്നത്.

Published

|

Last Updated

കോണ്‍ഗ്രസ്സിന് തുടര്‍ഭരണമുണ്ടാകുമെന്ന് മതേതര വിശ്വാസികള്‍ ആശ്വസിച്ചിരുന്ന പഞ്ചാബിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ഒടുവില്‍ ആന്റി ക്ലൈമാക്‌സിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചു. മാസങ്ങള്‍ നീണ്ട ഗ്രൂപ്പ് പോരിനൊടുവിലാണ് പിടിച്ചുനില്‍ക്കാനാകാതെ ക്യാപ്റ്റന്‍ കളംവിട്ടത്. 2017ല്‍ ശിരോമണി അകാലിദളിനോടും ഡല്‍ഹിക്ക് ശേഷം പുതിയ തട്ടകം തേടിയിറങ്ങിയ ആം ആദ്മി പാര്‍ട്ടിയോടും ശക്തമായി പോരാടിയാണ് അമരീന്ദര്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് അടിതെറ്റിയപ്പോഴും പഞ്ചാബില്‍ പാര്‍ട്ടി നിവര്‍ന്നു നിന്നത് അമരീന്ദറിന്റെ കരുത്തിലാണ്.

എന്നാല്‍ ഭരണം കിട്ടിയതോടെ പതിവുപോലെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ്സിലെത്തിയത്. ഉപമുഖ്യമന്ത്രി പദത്തിലായിരുന്നു സിദ്ധുവിന്റെ നോട്ടം. എന്നാല്‍ അമരീന്ദര്‍ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി മാത്രമേ നല്‍കിയുള്ളൂ. ഇതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. അധികാരത്തിലെത്തി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ സിദ്ധുവില്‍ നിന്ന് സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റി. തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് അമരീന്ദറുമായി നേരിട്ടു പോരിനിറങ്ങുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിന് മാരത്തോണ്‍ ചര്‍ച്ച നടത്തിയ ഹൈക്കമാന്‍ഡ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സിദ്ധുവിനെ പി സി സി അധ്യക്ഷനാക്കി നിയമിച്ചത്. സമവായ ഫോര്‍മുലയായാണ് ഹൈക്കമാന്‍ഡ് തീരുമാനം വന്നതെങ്കിലും നേരിട്ടു പോരടിച്ച മുഖ്യമന്ത്രിക്കും പി സി സി അധ്യക്ഷനും ഒരുമിച്ച് പാര്‍ട്ടിയെ നയിക്കാനാകുമോ എന്ന കാര്യം ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല. ഭിന്നത മൂര്‍ച്ഛിച്ചതോടെ ആകെയുള്ള 80 എം എല്‍ എമാരില്‍ 50 പേരും ഹൈക്കമാന്‍ഡിനെ കണ്ട് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധി നേരിട്ട് അമരീന്ദറിന്റെ രാജിയാവശ്യപ്പെട്ടത്.

അമരീന്ദറിന്റെ ഏകാധിപത്യ ശൈലിയാണ് അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ അനഭിമതനാക്കി മാറ്റിയത്. ഹൈക്കമാന്‍ഡ് നേരിട്ട് നടത്തിയ സര്‍വേയില്‍ അമരീന്ദറിന് പഴയ ജനപിന്തുണയില്ലെന്നും അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയിക്കാനാകില്ലെന്നും കണ്ടെത്തിയതോടെയാണ് രാജിയാവശ്യപ്പെട്ടതെന്നാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രി ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അപ്രാപ്യനായി മാറിയെന്നും വിമര്‍ശമുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാറിനെ മാറ്റാന്‍ അമരീന്ദര്‍ തയ്യാറാകാത്തതിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. ഒടുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതോടെ അദ്ദേഹത്തിന്റെ പതനം പൂര്‍ത്തിയായി. പഞ്ചാബില്‍ വഴിമുടക്കാതെ ഡല്‍ഹിയില്‍ പോയി സമരം ചെയ്യൂ എന്നായിരുന്നു കര്‍ഷകരോട് അദ്ദേഹം പറഞ്ഞത്. ഇതുകൂടി ആയതോടെയാണ് അമരീന്ദറിനെ മാറ്റുകയെന്ന അന്തിമ തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയത്.

അതേസമയം, അമരീന്ദറിന്റെ അടുത്ത നീക്കമെന്ത് എന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ജനപ്രിയതയില്‍ കുറവുണ്ടെങ്കിലും അമരീന്ദറിന് സംസ്ഥാനത്ത് വിപുലമായ ബന്ധങ്ങളും ഉന്നത സ്വാധീനവുമുണ്ട്. അപമാനിക്കപ്പെട്ടുവെന്ന് പറഞ്ഞാണ് അദ്ദേഹം കളമൊഴിഞ്ഞത്. ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടാനുള്ള മനോഭാവത്തിലാണ് താനെന്നാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം തെളിയിക്കുന്നത്. ഭാവിയെന്ത് എന്ന ചോദ്യത്തിന്, തീരുമാനമെടുക്കാന്‍ സമയമുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആന്ധ്രാപ്രദേശില്‍ ജഗ്മോഹന്‍ റെഡ്ഢി ചെയ്തതുപോലെ പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍ രംഗത്ത് വന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ്സിന്റെ ഭാവി ഇരുളടഞ്ഞതാകുമെന്നതില്‍ സംശയമില്ല.
അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ചരൺജിത്ത് സിംഗ് ചന്നി പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് ഏറ്റവും അവസാനം പുറത്തുവരുന്ന വിവരം. സിഖ് സമുദായത്തില്‍ നിന്ന് തന്നെ ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന ഹൈക്കമാന്‍ഡ് തീരുമാനമാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. എന്നാല്‍ അമരീന്ദറിനെ തിരക്കിട്ട് മാറ്റിയതില്‍ അതൃപ്തിയുള്ള ഒരു വിഭാഗവും സംസ്ഥാനത്തുണ്ട്. ഒരു മുതിര്‍ന്ന നേതാവിനെ ഇതിനേക്കാള്‍ മാന്യമായ രീതിയില്‍ പരിഗണിക്കേണ്ടിയിരുന്നു എന്നതാണ് അവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ പുതിയ നേതൃത്വത്തിന് എത്രത്തോളം നേട്ടമുണ്ടാക്കാനാകുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്. കര്‍ഷക പ്രക്ഷോഭത്തിലൂടെയുണ്ടായ ബി ജെ പി വിരുദ്ധത മുതലെടുക്കുന്നതിന് പകരം അമരീന്ദര്‍ നടത്തിയ പ്രസ്താവന പടിക്കല്‍ കലമുടക്കുന്നത് പോലെയായി. ഇനി കര്‍ഷകര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരിക്കും.

സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ്സ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന മതേതര വിശ്വാസികളെ കോണ്‍ഗ്രസ്സ് വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ് എന്നതാണ് പഞ്ചാബ് തെളിയിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയേക്കാള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വലുത് തങ്ങളുടെ വ്യക്തി താത്പര്യങ്ങളാണ് എന്നാണ് പഞ്ചാബും തെളിയിക്കുന്നത്. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം ഇത് തന്നെയാണ് കോണ്‍ഗ്രസ്സിന്റെ ചരിത്രം. മധ്യപ്രദേശില്‍ കമല്‍നാഥുമായുള്ള വടംവലികള്‍ക്കൊടുവില്‍ ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി ക്യാമ്പിലെത്തി, രാജസ്ഥാനില്‍ അശോക് ഗെഹ്്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. തനിക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാത്തതിനാല്‍ സച്ചിന്‍ പൈലറ്റ് എപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് അറിയാത്ത സ്ഥിതിയാണ്. ഛത്തീസ്ഗഢിലും ഹൈക്കമാന്‍ഡ് നേതൃത്വം ഇടപെട്ടതിന്റെ താത്കാലിക ശാന്തത മാത്രമാണുള്ളത്. കേരളത്തില്‍ പോലും പുതിയ നേതൃത്വം ചില മാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അരനൂറ്റാണ്ടും കാല്‍ നൂറ്റാണ്ടും എം എല്‍ എമാരും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ആയവര്‍ പോലും പാരപണിയുന്ന കാഴ്ചയാണ് കാണുന്നത്.

അമരീന്ദറിന്റെ രാജിക്ക് പിന്നാലെ ആദ്യത്തെ പ്രതികരണം വന്നത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടേതായിരുന്നു. പരസ്പരം പോരടിക്കുന്ന തിരക്കിനിടയില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകുമെന്ന് കരുതുന്നത് അതിമോഹമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ ഓരോ മതേതര വിശ്വാസിയുടെയും നിരാശയാണ് ഉമര്‍ അബ്ദുല്ല പ്രകടിപ്പിച്ചത്. സംഘ്പരിവാറിന്റെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് ശക്തിപ്പെടണമെന്ന് ഓരോ മതേതര വിശ്വാസിയും ആഗ്രഹിക്കുന്നു. പക്ഷേ, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അതില്ലാത്ത കാലത്തോളം ആ സ്വപ്‌നം ഉമര്‍ അബ്ദുല്ല പറഞ്ഞതുപോലെ അതിമോഹം മാത്രമായിരിക്കും.

Latest