Connect with us

Editorial

റോഹിംഗ്യകളോട് വേണ്ടത് മാനുഷിക സമീപനം

റോഹിംഗ്യന്‍ അഭയാര്‍ഥി സമൂഹത്തെ അപ്പാടെ തള്ളിപ്പറയുകയും നിരസിക്കുകയും ചെയ്യാതെ ദേശീയ സുരക്ഷ ഉറപ്പാക്കി, അവരോട് മാനുഷിക നിലപാട് കൈക്കൊള്ളുകയാണ് ഭരണകൂടവും ജുഡീഷ്യറിയും ചെയ്യേണ്ടത്.

Published

|

Last Updated

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിര രൂക്ഷവിമര്‍ശമുയര്‍ ത്തിയിരിക്കുകയാണ് മുന്‍ ജഡ്ജിമാരും അഭിഭാഷകരും അടങ്ങുന്ന നാല്‍പ്പതോളം നിയമജ്ഞര്‍. നിവൃത്തികേടു കൊണ്ട് ഇന്ത്യയിലേക്ക് കടന്നുവന്ന റോഹിംഗ്യക്കാരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച ചീഫ് ജസ്റ്റിസിന്റെ നടപടി ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ആ ജനവിഭാഗത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതുമാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി എ ഷാ, മദ്രാസ്- പാറ്റ്ന ഹൈക്കോടതി മുന്‍ ജഡ്ജിമാരായ കെ ചന്ദു, അഞ്ജന പ്രകാശ്, നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ മോഹന്‍ ഗോപാല്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന നിയമജ്ഞരുടെ കൂട്ടായ്മ ചീഫ് ജസ്റ്റിസിന് അയച്ച തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ചീഫ് ജസ്റ്റിസ് റോഹിംഗ്യകള്‍ക്കെതിരായ രൂക്ഷ വിമര്‍ശം നടത്തിയത്. “രാജ്യത്തേക്ക് നിയമവിരുദ്ധമായി നുഴഞ്ഞു കയറിയവരാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. അവരെ ഞങ്ങള്‍ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കണോ? നുഴഞ്ഞുകയറി വന്ന റോഹിംഗ്യകള്‍ ഭക്ഷണം, പാര്‍പ്പിടം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായി നുഴഞ്ഞുകയറി വന്നവര്‍ക്ക് അഭയം നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ടോ? റോഹിംഗ്യകളെ സര്‍ക്കാര്‍ അഭയാര്‍ഥികളായി അംഗീകരിക്കാത്തതു കൊണ്ട് കോടതിക്കും അതംഗീകരിക്കാന്‍ കഴിയില്ലെന്നും’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഭരണകൂടം രാഷ്ട്രീയ, വര്‍ഗീയ താത്പര്യത്തോടെ സ്വീകരിക്കുന്ന നിലപാടുകളെ അടിസ്ഥാനമാക്കിയല്ല, സുപ്രീം കോടതിയും ഉത്തരവാദപ്പെട്ട ജഡ്ജിമാരും ഒരു വിഷയത്തെക്കുറിച്ച് നിരീക്ഷിക്കേണ്ടതും അഭിപ്രായ പ്രകടനം നടത്തേണ്ടതും. വസ്തുത പഠിച്ചറിഞ്ഞും വ്യക്തമായി മനസ്സിലാക്കിയുമാകണം അവരുടെ പ്രതികരണം. ഭരണകൂടത്തിന്റെ പീഡനവും അതിക്രമവും ക്രൂരതയും സഹിക്ക വയ്യാതെ മ്യാന്മറില്‍ നിന്ന് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവരാണ് റോഹിംഗ്യര്‍. ഇന്ത്യയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചല്ല, നിവൃത്തികേടു കൊണ്ടാണ് അവര്‍ ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്തത്. പിറന്ന നാട്ടില്‍ നിന്ന് ഭരണകൂടം അവരെ ആട്ടിപ്പായിക്കുകയായിരുന്നു. റോഹിംഗ്യര്‍ താമസിക്കുന്ന പടിഞ്ഞാറന്‍ മ്യാന്മറിലെ രാഖിനെ പ്രവിശ്യയില്‍ 300 ഗ്രാമങ്ങളാണ് സൈന്യം കത്തിച്ച് ചാമ്പലാക്കിയത്. സ്ത്രീകള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഇനിയും നാട്ടില്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് നാടുവിടാന്‍ അവര്‍ നിര്‍ബന്ധിതരായത്. അന്യായമായി മ്യാന്മര്‍ പൗരത്വം നിഷേധിക്കപ്പെട്ട വിഭാഗമാണവര്‍. കൊടിയ വംശഹത്യയാണ് റോഹിംഗ്യര്‍ അനുഭവിക്കേണ്ടി വന്നതെന്ന് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച അന്വേഷണ സംഘം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമെന്നാണ് ഐക്യരാഷ്ട്ര സഭ അവരെ വിശേഷിപ്പിച്ചത്. ആംനസ്റ്റി ഇന്റര്‍ നാഷനല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്തരമൊരു വിഭാഗത്തോട് എന്താണ് ഇന്ത്യന്‍ ഭരണകൂടവും ജുഡീഷ്യറിയും ചെയ്യേണ്ടത്. മ്യാന്മറിലേക്കു തന്നെ തിരിച്ചയച്ച് ഭരണകൂടത്തിന്റെ വംശഹത്യക്ക് വിട്ടുകൊടുക്കുകയാണോ? അതോ മാനുഷിക പരിഗണന വെച്ച് അവരുടെ പ്രശ്നത്തിന് പരിഹാരമാകുന്നതു വരെ സംരക്ഷണം നല്‍കുകയോ? അഭയാര്‍ഥികളോട് മനുഷ്യത്വപരമായ നിലപാടാണ് ഇന്ത്യ കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വീകരിച്ചത്. 1959ല്‍ ചൈന ടിബറ്റിനെ അക്രമിച്ചപ്പോള്‍ ആയിരക്കണക്കിന് ടിബറ്റുകാരെ ഇന്ത്യ ചേര്‍ത്തുപിടിച്ചു. 1971ലെ വിമോചന പോരാട്ട കാലത്ത് ലക്ഷക്കണക്കിന് ബംഗ്ലാദേശുകാര്‍ക്ക് ഇന്ത്യ അഭയം നല്‍കി. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധക്കാലത്ത് ശ്രീലങ്കന്‍ അഭയാര്‍ഥികളെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. തമിഴ്നാട്ടിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളിലായി 70,000ത്തോളം ശ്രീലങ്കന്‍ തമിഴര്‍ ഇപ്പോഴും താമസിച്ചു വരുന്നു. സമീപകാലത്ത് ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ശ്രീലങ്കക്കാരെ പോലും ഇന്ത്യ സ്വീകരിച്ചു. ഇതാണ് രാജ്യത്തിന്റെ പാരമ്പര്യം.

അതേസമയം റോഹിംഗ്യകള്‍ക്ക് ഐ എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അവര്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നുമാണ് മോദി സര്‍ക്കാര്‍ പറയുന്നത്. അവരെ തിരിച്ചയക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്വന്തം രാജ്യം സ്വീകരിക്കാന്‍ സന്നദ്ധമല്ലാത്ത സാഹചര്യത്തില്‍ എവിടേക്കാണ് അവരെ തിരിച്ചയക്കുന്നത്? എത്രമാത്രം പൈശാചികമാണ് അവരെ മരണമുഖത്തേക്ക് എറിഞ്ഞു കൊടുക്കാനുള്ള കേന്ദ്ര തീരുമാനം. കേവല വര്‍ഗീയ ചിന്താഗതിയില്‍ നിന്നുള്ള സര്‍ക്കാറിന്റെ നിലപാടുകളെ തിരുത്താനും റോഹിംഗ്യകളോട് മാനുഷിക സമീപനം കൈക്കൊള്ളാനും ബാധ്യതപ്പെട്ട ചീഫ് ജസ്റ്റിസ് ഭരണകൂടത്തിന്റെ മെഗാഫോണായി തരംതാഴുന്നത് ദൗര്‍ഭാഗ്യകരമണ്.

കേവലം വംശീയ വിദ്വേഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് റോഹിംഗ്യകള്‍ക്ക് ഐ എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം. അഥവാ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ തന്നെ റോഹിംഗ്യകളെ മൊത്തം ഐ എസ് തീവ്രവാദികളായി ചാപ്പ കുത്തുന്നത് കടുത്ത അനീതിയാണ്. റോഹിംഗ്യന്‍ അഭയാര്‍ഥി സമൂഹത്തെ അപ്പാടെ തള്ളിപ്പറയുകയും നിരസിക്കുകയും ചെയ്യാതെ ദേശീയ സുരക്ഷ ഉറപ്പാക്കി, അവരോട് മാനുഷിക നിലപാട് കൈക്കൊള്ളുകയാണ് ഭരണകൂടവും ജുഡീഷ്യറിയും ചെയ്യേണ്ടത്. സുരക്ഷിത പരിശോധനകള്‍ കര്‍ശനമാക്കി, നിയന്ത്രിത പ്രവേശനം നല്‍കി അന്താരാഷ്ട്ര സഹായത്തോടെ അഭയാര്‍ഥികളെ സംരക്ഷിക്കുന്ന ഉദാത്ത മാതൃകയാണ് രാജ്യം സ്വീകരിക്കേണ്ടത്. ഐക്യരാഷ്ട്ര സഹകരണത്തോടെ മ്യാന്മറില്‍ ജനാധിപത്യം തിരിച്ചു കൊണ്ടുവരുന്നതിനും റോഹിംഗ്യകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇന്ത്യക്കാകണം. ഇതിലൂടെ സ്ഥിരപരിഹാരത്തിനുള്ള അന്തര്‍ദേശീയ സമ്മര്‍ദം സൃഷ്ടിക്കാനും സാധ്യമാകും.

---- facebook comment plugin here -----

Latest