Connect with us

Editors Pick

ശ്രീലങ്കയും ഫലസ്തീനും തമ്മില്‍ എന്ത്?

ഒരു ചെറു ദ്വീപും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രമായിട്ടില്ലാത്ത ജനതയും തമ്മിലുള്ള സൗഹൃദത്തില്‍ നിന്ന് വന്‍ രാഷ്ട്രങ്ങള്‍ക്ക് പലതും പഠിക്കാനുണ്ട്.

Published

|

Last Updated

അഞ്ച് വർഷത്തിനുള്ളിൽ പ്രത്യേക ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രീലങ്കയുടെ അചഞ്ചലമായ പിന്തുണ ജൂൺ 23 ന് പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ ആവർത്തിച്ചു. രാജ്യത്തിൻ്റെ നിലവിലെ പാപ്പരായ സമ്പദ്‌വ്യവസ്ഥയാണെങ്കിലും, തൻ്റെ സർക്കാരിൻ്റെ നേതൃത്വത്തിൽ ഗസ്സ ചിൽഡ്രൻസ് ഫണ്ടിനായി ഉദാരമായ പൊതു സംഭാവനകളിലൂടെ ഒരു ദശലക്ഷം ഡോളർ സമാഹരിച്ചതായും പ്രസിഡൻ്റ് പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ മുസ്ലീം ആധിപത്യമുള്ള കാറ്റാൻകുടിയിലെ ഒരു ഗ്രാൻഡ് ജുമുഅ മസ്ജിദിൽ ഗസ്സയിലെ ദുരിതബാധിതർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കവെയാണ് വിക്രമസിംഗെ ഇക്കാര്യം പറഞ്ഞത്. ഗസ്സയിലെ ഏറ്റുമുട്ടലുകളിൽ ശ്രീലങ്കയുടെ നിലപാട് ഒരിക്കലും മാറില്ലെന്നും അഞ്ച് വർഷത്തിനകം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ നടപടിയെടുക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മുമ്പ് 2014 ലും ശ്രീലങ്ക ഫലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം ഡോളര്‍ സഹായധനം നല്‍കിയിരുന്നു.

വംശീയ പ്രശ്നങ്ങള്‍, തമിഴ് പുലികളും സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, കൊവിഡിനു ശേഷം പ്രധാനവരുമാനമാര്‍ഗ്ഗമായ ടൂറിസത്തിനുണ്ടായ തകര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് യുദ്ധസമാനമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ശ്രീലങ്കയെന്ന ചെറുരാജ്യം. ഇതിനിടയിലും ഗസ്സയിലെ കുട്ടികള്‍ക്കായി ഒരു ലക്ഷം ഡോളര്‍ സമാഹരിക്കുകയും സ്വതന്ത്ര ഫലസ്തീന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ശ്രീലങ്കയുടെ ഈ നിലപാട് എങ്ങനെയുണ്ടായി‌ എന്നതിന് ഒരു ചരിത്രമുണ്ട്.

ശ്രീലങ്കയും ഫലസ്തീനും തമ്മിലുള്ള ബന്ധം 1971 ലാണ് ആരംഭിക്കുന്നത്. പ്രത്യേകിച്ച് യാസര്‍ അറഫാത്ത് നേതൃത്വം നല്‍കിയ ഫലസ്തീൻ ലിബറേഷൻ ഓര്‍ഗനൈസേഷനുമായി സിരിമാവോ ബണ്ഡാരനായകേയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ കാഴ്ചപ്പാടുള്ള   ശ്രീലങ്കന്‍ ഫ്രീഡം‌ പാര്‍ടിക്കുള്ള അനുഭാവവും സൗഹൃദവും. ആ വര്‍ഷം ശ്രീലങ്കയിൽ ഒരു രാഷ്ട്രീയ കൂടിയാലോചനയോഗം നടന്നിട്ടുണ്ട്. ചരിത്രപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ സൗഹാർദ്ദപരമായിരുന്നു. 1975ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) കൊളംബോയിൽ എംബസി തുറന്നതോടെയാണ് ഫലസ്തീനും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ദൃഡമാകുന്നത്.

ശ്രീലങ്കയും പലസ്തീനും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ ആദ്യ സെഷൻ കൊളംബോയിൽ 2017 ഏപ്രിൽ 21 ന് കൊളംബോയിലെ വിദേശകാര്യ മന്ത്രാലയത്തിൽ നടന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും ലക്ഷ്യമിട്ട് 2012 ൽ ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ കൂടിയാലോചനകൾ സംബന്ധിച്ച പ്രോട്ടോക്കോൾ ഒപ്പുവച്ചു. അന്ന് ഫലസ്തീനോടുള്ള അനുഭാവം പ്രകടിപ്പിച്ച് ശ്രീലങ്കൻ ഗവണ്‍മെന്‍റ് കൊളംബോയിലെ ഇസ്റാഈൽ എംബസി അടച്ചുപൂട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക സഹകരണത്തിൻ്റെ പുതിയ മേഖലകളിലേക്ക് നിലവിലുള്ള ബന്ധങ്ങളെ കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്തു.

വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, ആരോഗ്യം, കൃഷി, നൈപുണ്യ വികസനം, പരസ്പര പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണത്തിനുള്ള തൊഴിൽ പരിശീലനം തുടങ്ങി നിരവധി പുതിയ മേഖലകൾ യോഗത്തില്‍ ചര്‍ച്ചയായി. കൂടാതെ, സഹകരിക്കാവുന്ന മേഖലകളിൽ അത്തരം സഹകരണം ഔപചാരികമാക്കുന്നതിന് ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാനും യോഗം നിർദ്ദേശിച്ചു.

ശ്രീലങ്കയും ഫലസ്തീൻ രാഷ്ട്രവും‌ തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ രണ്ടാം സെഷൻ 2018 ൽ ഫലസ്തീനിലെ റമല്ലയിൽ നടക്കുമെന്നാണ് അന്ന് തീരുമാനിക്കപ്പെട്ടിരുന്നത്. 2018 ല്‍ സ്വതന്ത്ര ഫലസ്തീൻ പ്രഖ്യാപനമുണ്ടായപ്പോൾ മാലി ദ്വീപ് , ദക്ഷിണാഫ്രിക്ക തുടങ്ങിയവരോടൊപ്പം അതിനെ അനുകൂലിച്ചത് ശ്രീലങ്കയായിരുന്നു. അന്ന് ശ്രീലങ്ക ഫലസ്തീന് നിരുപാധിക പിന്തുണ നല്‍കുകയും യു.എന്‍ ജനറൽ അസംബ്ലിയുടെ സെഷനില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഫലസ്തീനുവേദി വാദിക്കുകയും ചെയ്തിരുന്നു. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളോടും ഫലസ്തീൻ പ്രശ്‌നത്തെ കൂടുതൽ മാനുഷികമായി സമീപിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഫലസ്തീനികൾ നേരിടുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് നീതിപൂര്‍വ്വമായ സമീപനം കൈക്കൊള്ളമെന്നും‌ സിരിസേന അന്ന് ആവശ്യപ്പെട്ടിരുന്നു.

ഇസ്റാഈൽ ഫലസ്തീന്‍ ദ്വിരാഷ്ട്ര വാദത്തെ എന്നും അംഗീകരിച്ചിട്ടുള്ള അംഗമാണ് ശ്രീലങ്ക. മിക്കവാറും എല്ലാ തവണയും ഐക്യരാഷ്ട്രസഭയിൽ അവര്‍ ഫലസ്തീന് അനുകൂലാമായാണ് വോട്ട് ചെയ്തത്. അതിനിസിരിമാവോ ബണ്ഡാരനായകെ അധികാരത്തിൽ വന്നതിനുശേഷം, ശ്രീലങ്കൻ ചായ ബഹിഷ്‌കരിക്കുമെന്ന് യുണൈറ്റഡ് കിംഗ്ഡത്തിലെ സയണിസ്റ്റ് ലോബികളുടെ നിരവധി ഭീഷണികൾ വകവയ്ക്കാതെ ശ്രീലങ്ക ഇസ്റാഈൽ എംബസി അടച്ചുപൂട്ടിയിരുന്നു. 1997-ൽ, ശ്രീലങ്കൻ പ്രസിഡൻ്റ് ചന്ദ്രിക കുമാരതുംഗയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം‌ ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ അതില്‍ മദ്ധ്യസ്ഥം‌ വഹിക്കാമെന്ന് പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്ത് പറഞ്ഞിരുന്നതും ഓര്‍ക്കുക.

ജെ ആർ ജയവർദ്ധനെയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ യുണൈറ്റഡ് നാഷണൽ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം ശ്രീലങ്ക ഇസ്റാഈലുമായി ബന്ധം പുനഃസ്ഥാപിച്ചു. ഫലസ്തീൻ ആവശ്യത്തെ പിന്തുണച്ച്,  പ്രസിഡൻ്റ് രണസിംഗെ പ്രേമദാസയുടെ കീഴിൽ ഇസ്റാഈലുമായുള്ള നയതന്ത്രബന്ധം വീണ്ടും താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ 2000-ൽ വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു.

ജറുസലേമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തെ ശക്തമായി എതിർത്തു ശ്രീലങ്ക . ശ്രീലങ്കൻ ഫലസ്‌തീൻ പാർലമെൻ്ററി ഫ്രണ്ട്‌ഷിപ്പ് അസോസിയേഷൻ (SLPPFA) ശ്രീലങ്കൻ ആരോഗ്യമന്ത്രി രജിത സേനരത്‌നെയുടെ നേതൃത്വത്തിൽ ഫലസ്‌തീനെ പിന്തുണച്ച് വൻ റാലി തന്നെ നടത്തിയിരുന്നു.

2023- ലെ ഇസ്റാഈൽ ഹമാസ് യുദ്ധത്തിൽ , ഇസ്റാഈലിലെയും ഗസ്സയിലെയും ജീവഹാനിയെക്കുറിച്ച് ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്റാഈലിനെ വിമര്‍ശിക്കുമ്പോഴും അത് ഹമാസിന്‍റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നില്ലെന്ന നിലപാടായിരുന്നു ശ്രീലങ്കയുടേത്. എന്നാല്‍ ഐക്യരാഷ്ട്രസഭയിൽ ഹമാസിനെ അപലപിക്കുന്നതിനെതിരെ ശ്രീലങ്ക വോട്ട് ചെയ്തിരുന്നുവെന്നതാണ് വസ്തുത. ഇത് ഫലസ്തീനുമായുള്ള ദീര്‍ഘകാല സൗഹൃദത്തിന്‍റെ പേരിലാകാം എന്നു കരുതുന്നു. ഇസ്റാഈൽ ഫലസ്തീൻ പ്രശ്നം ഐക്യരാഷ്ട്രസഭയിൽ വരുമ്പോള്‍ പല വലതുപക്ഷ രാഷ്ട്രങ്ങളും ഇസ്റാഈലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ചിലര്‍ നിഷ്പക്ഷത പാലിച്ചു വിട്ടുനിന്നു. എന്നാല്‍ ശ്രീലങ്കയെന്ന ഫലസ്തീന്‍റെ ചിര സുഹൃത്ത് മാത്രം എപ്പോഴും ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തു.

ഒരു ചെറു ദ്വീപും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രമായിട്ടില്ലാത്ത ജനതയും തമ്മിലുള്ള സൗഹൃദത്തില്‍ നിന്ന് വന്‍ രാഷ്ട്രങ്ങള്‍ക്ക് പലതും പഠിക്കാനുണ്ട്.

Latest