International
വെൽക്കം ശുഭാൻഷു ശുക്ലാ..; പ്രാർഥനയോടെ രാജ്യം; സ്പ്ലാഷ് ലാൻഡിംഗ് ഉച്ചകഴിഞ്ഞ് 3.01ന്
ബഹിരാകാശ യാത്രയിലെ ഏറ്റവും നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കൽ. ഇത് സാധ്യമാകുന്നതോടെ ശുഭാംഷു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് തിരശ്ശീല വീഴും.

കലിഫോർണിയ | 140 കോടി ഇന്ത്യക്കാർ പ്രാർഥനയോടെ കാത്തിരിക്കുകയാണ്. ബഹിരാകാശ നിലയം സന്ദർശിച്ച് മടങ്ങുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലണയുന്ന നിമിഷം വരെ ഓരോ ഇന്ത്യക്കാരന്റെയും മനസ്സ് അവർക്കായി മന്ത്രിച്ചുകൊണ്ടേയിരിക്കും.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയാണ് ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഇവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം, ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് മൂന്ന് മണിയോടെ പസഫിക് സമുദ്രത്തിൽ, കലിഫോർണിയൻ തീരത്ത് സ്പ്ലാഷ്ഡൗൺ നടത്തും. ബഹിരാകാശ യാത്രയിലെ ഏറ്റവും നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കൽ. ഇത് സാധ്യമാകുന്നതോടെ ശുഭാംഷു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് തിരശ്ശീല വീഴും.
ശുക്ലയെയും ബഹുരാഷ്ട്ര ആക്സിയം മിഷൻ 4 ക്രൂവിനെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം തിങ്കളാഴ്ച വൈകുന്നേരം 4:30 ന് ISS-ൽ നിന്ന് വേർപെട്ടു. ഇതോടെ 22 മണിക്കൂർ നീളുന്ന ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത മടക്കയാത്രയ്ക്ക് തുടക്കമായി. പേടകം ഭൂമിയെ പലതവണ വലയം ചെയ്തതിന് ശേഷം, നിശ്ചിത സ്പ്ലാഷ്ഡൗൺ സോണിലേക്ക് കൃത്യമായി ലക്ഷ്യമിടാൻ ആവശ്യമായ ഡിഓർബിറ്റ് ബേൺ പ്രക്രിയകൾ പൂർത്തീകരിക്കും. അതീവ നിർണായകമാണ് ഈ ഘട്ടം.
ഏത് ബഹിരാകാശ ദൗത്യത്തിലെയും ഏറ്റവും അപകടകരമായ ഭാഗമായിട്ടാണ് റീ-എൻട്രി കണക്കാക്കപ്പെടുന്നത്. ഡ്രാഗൺ പേടകം മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം വേഗതയിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, കടുത്ത ഘർഷണം അനുഭവപ്പെടുകയും അതിന്റെ താപകവചത്തിന് 1,600°C വരെ താപനില സഹിക്കേണ്ടി വരികയും ചെയ്യും. ഈ ഘട്ടത്തിൽ മിനിറ്റുകളോളം ക്രൂവിന് ആശയവിനിമയ ബന്ധം നഷ്ടമാകും. ഘർഷണം കാരണം പേടകത്തിൽ പ്ലാസ്മ രൂപപ്പെടുന്നത് സിസ്റ്റത്തിനും ഗ്രൗണ്ട് കൺട്രോളിനും ഇടയിൽ തടസ്സം സൃഷ്ടിക്കുന്നതിനാലാണ് ഈ ആശയവിനിമയ വിച്ഛേദം ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലൂടെ കടന്നുപോയ ശേഷം, പേടകത്തിന്റെ വേഗത കുറയ്ക്കാൻ നിരവധി പാരച്യൂട്ടുകൾ വിന്യസിക്കുകയും പസഫിക്കിൽ സൗമ്യമായ സ്പ്ലാഷ്ഡൗൺ നടത്തുകയും ചെയ്യും. കപ്പലുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുന്ന രക്ഷാപ്രവർത്തന സംഘങ്ങൾ അവിടെ സജ്ജമാണ്. ഭൂമിയിൽ ഇറങ്ങിയാൽ ഉടൻ ക്രൂവിന് ഉടൻ വൈദ്യസഹായം നൽകുന്നതിന് മെഡിക്കൽ സംഘവും സജ്ജമാണ്.
ISS-ൽ ഉണ്ടായിരുന്ന സമയത്ത് ശുക്ല 60-ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. സസ്യ ജീവശാസ്ത്രം, മെറ്റീരിയൽ സയൻസ്, നിർമ്മിത ബുദ്ധി എന്നിവയിലെ ഗവേഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് മൈക്രോഗ്രാവിറ്റിയിലെ സസ്യവളർച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ “സ്പ്രൗട്ട്സ് പ്രോജക്റ്റ്” ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.