road maintenance
വാഗ്വാദമല്ല, കുഴികളടയ്ക്കുകയാണ് വേണ്ടത്
റോഡുകളുടെ കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ കൊമ്പുകോര്‍ത്തത് കൊണ്ടോ പരസ്പരം പഴിചാരിയതു കൊണ്ടോ ആയില്ല. കുഴികളും റോഡ് തകര്‍ച്ചയും ദേശീയ പാതയിലായാലും സംസ്ഥാന പാതയിലായാലും കോര്‍പറേഷന്‍, പഞ്ചായത്ത് റോഡുകളിലായാലും അതടച്ച് യാത്ര സുരക്ഷിതമാക്കുകയെന്നതാണ് ജനങ്ങളെ സംബന്ധിച്ച് പ്രധാനം.

യാത്രക്കാര്‍ക്ക്, വിശിഷ്യാ ബൈക്ക് യാത്രികര്‍ക്ക് കനത്ത ഭീഷണിയാണ് റോഡിലെ കുഴികള്‍. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് ബൈക്ക് യാത്രികര്‍ റോഡിലെ കുഴികളില്‍ വീണ് മരിച്ചു. ജൂണ്‍ നാലിന് പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറ പാലം നിര്‍മാണ സ്ഥലത്തെ കുഴിയില്‍ വീണ് വിഷ്ണുവെന്ന 26കാരന്‍ മരിച്ചത്. ജൂലൈ 16ന് തൃശൂര്‍ തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് കുന്നംകുളം പഴഞ്ഞി സ്വദേശി സനു സി ജെയിംസ് എന്ന യുവാവ് മരിച്ചു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതായിരുന്നു അപകട കാരണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്‌കൂളിനു സമീപം ദേശീയ പാതയിലെ കുഴിയില്‍ പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രികന്‍ ഹാശിം അജ്ഞാത വാഹനം കയറി മരിച്ചു. ഹോട്ടല്‍ തൊഴിലാളിയായ ഹാശിം ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച ഉച്ചക്ക് കോഴിക്കോട് പന്തീരങ്കാവിലെ റോഡില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ വീണ് ഒരു യാത്രക്കാരന്റെ സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു. യാത്രക്കാരന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
മഴക്കാലമായതോടെ സംസ്ഥാനത്തെ റോഡുകളിലുടനീളം കുഴികള്‍ പ്രത്യക്ഷമായിരിക്കുകയാണ്. വെള്ളത്തിനു പൈപ്പിടാന്‍ ജല അതോറിറ്റി നിര്‍മിക്കുന്ന കുഴികളും വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴികളും വേറെയും. കുഴികളില്‍ വീണ് നിരവധി പേര്‍ മരിക്കുന്നതിനു പുറമെ ആയിരക്കണക്കിനു പേരാണ് ഗുരുതരമായി പരുക്കേല്‍ക്കുന്ന ഹതഭാഗ്യര്‍. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആഴമോ അപകട സാധ്യതയോ അറിയാതെ എത്തുന്നവരാണ് പലപ്പോഴും അപകടത്തില്‍ പെടുന്നത്. പരാതി വ്യാപകമാകുമ്പോള്‍ കുഴി മൂടല്‍ പ്രഹസനം നടത്തുമെങ്കിലും ജോലിക്കാര്‍ മടങ്ങി ഏറെ കഴിയും മുമ്പ് പഴയ അവസ്ഥയിലെത്തുന്നതും പതിവാണ്.
റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ഹൈക്കോടതി പലപ്പോഴും രൂക്ഷമായി പ്രതികരിച്ചതാണ്. വെള്ളിയാഴ്ചത്തെ നെടുമ്പാശ്ശേരി അപകടത്തിലും കോടതി ഇടപെടുകയും എത്രയും വേഗം കുഴികള്‍ അടക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റിയുടെ റീജ്യനല്‍ ഓഫീസര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കുകയുമുണ്ടായി. അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് നല്‍കിയത്. കേരളത്തില്‍ എല്ലായിടത്തും ഒരുപോലെയാണ് മഴ പെയ്യുന്നത് എന്നിരിക്കെ എന്തുകൊണ്ടാണ് ചില സ്ഥലങ്ങളില്‍ മാത്രം റോഡ് തകരുന്നതും കുഴികളുണ്ടാകുന്നതുമെന്നായിരുന്നു ജൂലൈ 19ന് മറ്റൊരു സിറ്റിംഗില്‍ പൊതുമരാമത്ത് വകുപ്പിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ചോദ്യം. നിര്‍മാണം പൂര്‍ത്തിയായി ആറ് മാസത്തിനകമാണ് റോഡ് തകരുന്നതെങ്കില്‍ ഉത്തരവാദികളായ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും എതിരെ വിജിലന്‍സ് കേസെടുക്കണമെന്ന നിര്‍ദേശവും നല്‍കി കോടതി.
ദേശീയ പാതകളിലാണ് കുഴികള്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നത്. തൃശൂര്‍ തളിക്കുളത്തും നെടുമ്പാശ്ശേരിയിലും ബൈക്ക് യാത്രികര്‍ മരിച്ചത് ദേശീയ പാതകളിലെ കുഴികളില്‍ വീണായിരുന്നു. ദേശീയ പാതകളിലെ കുഴികള്‍ അടക്കാന്‍ താമസം നേരിടുന്നതാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്നാണ് ഇതുസംബന്ധിച്ച് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. പല ഭാഗത്തെയും ദേശീയ പാതകളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നിരവധി തവണ കത്തുകള്‍ നല്‍കിയതാണ്. എന്നാല്‍ ബന്ധപ്പെട്ട കേന്ദ്ര ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തമായ ഭരണഘടനാ സംവിധാനങ്ങളുള്ള നമ്മുടെ രാജ്യത്ത് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള വകുപ്പില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടുന്നതിന് പരിമിതികളുണ്ട്. ദേശീയ പാതയിലെ കുഴികള്‍ അടക്കാന്‍ പൊതുമരാമത്ത് വകുപ്പിന് അധികാരമില്ല. അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും അദ്ദേഹം പറയുന്നു. ദേശീയ പാതയിലെ കുഴികളെക്കുറിച്ച് നാഷനല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്സ് എം പി ബെന്നി ബഹനാനും പ്രസ്താവിച്ചു. നെടുമ്പാശ്ശേരിയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിക്ക് കത്ത് നല്‍കുകയുമുണ്ടായി.
ദേശീയ പാതകളുടെ തകര്‍ച്ചയെക്കുറിച്ച് സംസ്ഥാന പൊതുമരാമത്തും കേന്ദ്ര മന്ത്രിമാരും തമ്മില്‍ വാഗ്വാദം പതിവാണ്. കേരളത്തില്‍ വരുന്ന കേന്ദ്ര മന്ത്രിമാര്‍ കേന്ദ്രപദ്ധതികള്‍ കണ്ടു മടങ്ങിയതു കൊണ്ടായില്ല ദേശീയ പാതയിലെ കുഴികള്‍ എണ്ണാനും അത് അടക്കാനും തയ്യാറാകണമെന്നാണ് ഒരു മാസം മുമ്പ് കേന്ദ്ര മന്ത്രി എസ് ജയ്ശങ്കര്‍ തിരുവനന്തപുരത്ത് കഴക്കൂട്ടം മേല്‍പ്പാലം സന്ദര്‍ശിച്ചതിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തുന്ന പത്രസമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ പാതയിലെ കുഴികള്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളേക്കാള്‍ കുറവാണെന്നായിരുന്നു ഇതിന് വി മുരളീധരന്റെ മറുപടി.
റോഡുകളുടെ കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഇവ്വിധം കൊമ്പുകോര്‍ത്തത് കൊണ്ടോ പരസ്പരം പഴിചാരിയതു കൊണ്ടോ ആയില്ല. കുഴികളും റോഡ് തകര്‍ച്ചയും ദേശീയ പാതയിലായാലും സംസ്ഥാന പാതയിലായാലും കോര്‍പറേഷന്‍, പഞ്ചായത്ത് റോഡുകളിലായാലും അതടച്ച് റോഡിലെ യാത്ര സുരക്ഷിതമാക്കുകയെന്നതാണ് ജനങ്ങളെ സംബന്ധിച്ച് പ്രധാനം. 2021 ഡിസംബറില്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതും ഇതുതന്നെയായിരുന്നു. റോഡുകള്‍ ഏത് വകുപ്പിന്റേതെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതില്ല. എല്ലാം നന്നായിക്കിട്ടുകയാണ് വേണ്ടതെന്നാണ് അന്നദ്ദേഹം പറഞ്ഞത്. സംസ്ഥാന റോഡുകളുടെ കാര്യത്തില്‍ പൊതുമരാമത്ത് നടപടികള്‍ ഊര്‍ജിതമാക്കുകയും ദേശീയ പാതകളുടെ കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും സഹകരിച്ച് നടപടി സ്വീകരിക്കുകയുമാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഇനി ഒരാളും കുഴികളില്‍ വീണ് മരിക്കുന്ന സ്ഥിതിയുണ്ടാകരുത്.