local body election 2025
വയനാട് ജില്ലാ പഞ്ചായത്ത്; സ്ഥാനാര്‍ഥികളെ കളത്തിലിറക്കി എല്‍ ഡി എഫ്
സി പി എം-11, സി പി ഐ-2, ആര്‍ ജെ ഡി-2, എന്‍ സി പി-1, കേരള കോണ്‍ഗ്രസ്സ് (എം)-1
കല്‍പ്പറ്റ | വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ്. ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ കൂടുതല്‍ സ്ത്രീ പ്രാധിനിധ്യവുമായാണ് കരുത്തരായ സ്ഥാനാര്‍ഥികളെ എല്‍ ഡി എഫ് കളത്തിലിറക്കിയിരിക്കുന്നത്. ജനറല്‍ സംവരണ സീറ്റായ തോമാട്ടുചാല്‍, പട്ടികവര്‍ഗ, വനിത സംവരണ സീറ്റായ മുള്ളന്‍കൊല്ലി ഡിവിഷനുകള്‍ ഒഴികെയുള്ള ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ 11 എണ്ണത്തില്‍ സി പി എമ്മും രണ്ട് ഡിവിഷനുകളില്‍ സി പി ഐയും രണ്ട് സീറ്റില്‍ ആര്‍ ജെ ഡിയും ഓരോ സീറ്റില്‍ എന്‍ സി പി-എസും കേരള കോണ്‍ഗ്രസ്സ്-എമ്മും മത്സരിക്കും. വനിതാ സംവരണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം.
സി പി എം സ്ഥാനാര്‍ഥികള്‍
ബീന വിജയന്‍ (മീനങ്ങാടി-ജനറല്‍ ഡിവിഷന്‍) സി പി എം സ്ഥാനാര്‍ഥികളില്‍ 53കാരിയായ ബീന വിജയന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമാണ്.
എം പി കുഞ്ഞുമോള്‍ (അമ്പലവയല്‍-വനിത) 58 വയസ്സുകാരിയായ എം പി കുഞ്ഞുമോള്‍ സി പി എം ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസ്സോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഏരിയാ സെക്രട്ടറി ആയിരുന്നു.
ജസ്റ്റിന്‍ ബേബി (എടവക-ജനറല്‍) 59കാരനായ ജസ്റ്റിന്‍ ബേബി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനാണ്. എടവക പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ ആര്‍ ജിതിന്‍ (തിരുനെല്ലി-ജനറല്‍) 37കാരനായ കെ ആര്‍ ജിതിന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും യൂത്ത് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റനുമാണ്.
റഹീമ വാളാട് (തവിഞ്ഞാല്‍-വനിത), 28കാരിയായ റഹീമ വാളാട് കവയിത്രിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ ഗവേഷകയുമാണ്.
അനസ് റോസ്ന സ്റ്റെഫി (വൈത്തിരി-വനിത) 28 കാരിയായ സ്റ്റെഫി സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും പൊഴുതന പഞ്ചായത്ത് പ്രസിഡന്റുമാണ്.
പി എം ആസ്യ (തരുവണ-വനിത), 63കാരിയായ ആസ്യ നിലവില്‍ പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറാണ്. മുന്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.
സുധി രാധാകൃഷ്ണന്‍ (വെള്ളമുണ്ട-വനിത) വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റാണ് 45കാരിയായ സുധി രാധാകൃഷ്ണന്‍. സി പി എം ലോക്കല്‍ കമ്മിറ്റി അംഗമാണ്.
ബിന്ദു മനോജ് (നൂല്‍പ്പുഴ-വനിത) 46കാരിയായ ബിന്ദു പാര്‍ട്ടി ബത്തേരി ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമാണ്.
അനീറ്റ ഫെലിക്സ് (പനമരം-പട്ടികവര്‍ വനിത) സി പി ഐ (എം) ലോക്കല്‍ കമ്മിറ്റി അംഗമാണ് അനീറ്റ ഫെലിക്സ് (50). എ കെ എസ് ഏരിയാ കമ്മിറ്റി അംഗമാണ് നിലവില്‍ പനമരം ഗ്രാമപഞ്ചായത്തംഗവുമാണ്.
കെ ഹസീന (മുട്ടില്‍-വനിത) 51കാരിയായ ഹസീന രണ്ട് തവണ മുട്ടില്‍ പഞ്ചായത്തംഗവും ഇതില്‍ ഒരു തവണ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനും ആയിരുന്നു.
സി പി ഐ
കെ എം ബാബു (കേണിച്ചിറ-ജനറല്‍) 64കാരനായ കെ എം ബാബു റിട്ട.കൃഷി ഓഫീസറാണ്. സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗമാണ്.
എ ബാലചന്ദ്രന്‍ (മേപ്പാടി-ജനറല്‍) സി പി ഐ ടിക്കറ്റില്‍ മത്സരിക്കുന്ന എ ബാലചന്ദ്രന്‍ (70) എ ഐ ടി യു സി ജില്ലാ കൗണ്‍സില്‍ അംഗവും മേപ്പാടി പഞ്ചായത്ത് മുന്‍ അംഗവുമാണ്.
ആര്‍ ജെ ഡി
ശാരദ മണിയന്‍ (പടിഞ്ഞാറത്തറ പട്ടികവര്‍ഗ വനിത) 48കാരിയായ ശാരദ മണിയന്‍ മുന്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവും ആയിരുന്നു. ആര്‍ ജെ ഡി ജില്ലാ കമ്മിറ്റി അംഗവും ആര്‍ ജെ ഡി മഹിള ജില്ലാ സെക്രട്ടറിയുമാണ്.
എന്‍ സി പി എസ്
പി എം സുകുമാരന്‍ (കണിയാമ്പറ്റ പട്ടികജാതി) പി എം സുകുമാരന്‍(66)ചെണ്ട കലാകാരനും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമാണ്. പട്ടികജാതി സംസ്ഥാന ഉപദേശക സമിതി മുന്‍ അംഗമാണ്.
തോമാട്ടുചാല്‍ (ജനറല്‍), മുള്ളന്‍കൊല്ലി (പട്ടികവര്‍ഗം) ഡിവിഷന്‍ സ്ഥാനാര്‍ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.
ജില്ലയില്‍ ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ. ബാബു, ആര്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ്കെ കെ ഹംസ പറഞ്ഞു. മുന്നണി ജില്ലാതല പ്രകടന പത്രിക 21ന് പ്രസിദ്ധപ്പെടുത്തും.






