Connect with us

Kerala

വയനാട് ദുരന്തം: കാണാതായവർക്കായി ഇന്നും ജനകീയ തിരച്ചിൽ

മലപ്പുറം ജില്ലയിൽ ചാലിയാർ കേന്ദ്രീകരിച്ചാകും ഇന്നും നാളെയും പ്രധാനമായും തിരച്ചിൽ നടക്കുക.

Published

|

Last Updated

മേപ്പാടി | വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി ഇന്നും ഊർജിത ജനകീയ തിരച്ചിൽ. മലപ്പുറം ജില്ലയിൽ ചാലിയാർ കേന്ദ്രീകരിച്ചാകും ഇന്നും നാളെയും പ്രധാനമായും തിരച്ചിൽ നടക്കുക.

മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തെരച്ചിൽ നടത്തുക. രാവിലെ ഏഴുമണിക്കു മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തെരച്ചിൽ ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തെരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തെരച്ചിലിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.

വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തെരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങൾ തെരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തെരച്ചിൽ നടത്തും.

ഞായറാഴ്ച നടന്ന ജനകീയതെരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ പങ്കെടുത്തു. തെരച്ചിലിൽ കാന്തൻപാറ വനത്തിനുള്ളിൽനിന്നു മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മനുഷ്യശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽനിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കും.

ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡി.എൻ.എ. പരിശോധന ഉടൻ പൂർത്തിയാകും.

Latest