heavy ain
ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം ഉയര്‍ന്നു; തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
പളയത്തിനു ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതല്‍ മഴയെന്നു മന്ത്രി
തിരുവനന്തപുരം | ശക്തമായ മഴയില്‍ നിരവധി ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ ആകെയുള്ളത് 875 പേരാണ്.
തിരുവനന്തപുരം താലൂക്കില്‍ മാത്രം 16 ക്യാമ്പുകള്‍ തുറന്നു. ഇവിടെ 580 പേരാണുള്ളത്. ജില്ലയില്‍ ആറു വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 249 പേരെയും വര്‍ക്കല താലൂക്കില്‍ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാര്‍പ്പിച്ചു.തിരുവനന്തപുരം താലൂക്ക്കടകംപള്ളി വില്ലേജില്‍ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എല്‍.പി.എസ്, കരിക്കകം ഗവ. എച്ച് എസ്, വേളി യൂത്ത് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാര്‍പ്പിച്ചു.
പട്ടം വില്ലേജില്‍ കേദാരം ലൈന്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ 56 പേരെയും തേക്കുംമൂട് താത്കാലിക ക്യാമ്പില്‍ 260 പേരെയും കുന്നുകുഴി ഗവ. എല്‍ പി എസില്‍ 26 പേരെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
പ്രളയത്തിനു ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതല്‍ മഴയാണ് തിരുവനന്തപുരത്തെ വെള്ളത്തിലാഴ്തിയതെന്നു മന്ത്രി കെ രാജന്‍ പറഞ്ഞു. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ചില പ്രദേശങ്ങളില്‍ ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളില്‍ ഉള്ളവരെ കാമ്പുകള്‍ എത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.