Kerala
വാഫി- വഫിയ്യ കലോത്സവം: ഇ കെ സമസ്ത വിലക്ക് മറികടന്ന് നേതാക്കള്‍
പാണക്കാട് കുടുംബം എല്ലാ നേതൃത്വങ്ങള്‍ക്കും മീതെയന്ന് സി ഐ സി

കോഴിക്കോട് | വാഫി- വഫിയ്യ സ്ഥാപനങ്ങളുടെ ഏകോപന സമിതിയായ കോ- ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസി(സി ഐ സി)ൻ്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ പങ്കെടുക്കരുതെന്നുള്ള സമസ്ത ഇ കെ വിഭാഗം നിര്‍ദേശത്തെ മറികടന്ന് പോഷക സംഘടനാ നേതാക്കള്‍. വിദ്യാർഥി സംഘടനയായ എസ് കെ എസ് എസ് എഫിൻ്റെ സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് വിലക്ക് ലംഘിച്ച് വാഫി- വഫിയ്യ കലോത്സവത്തില്‍ പങ്കെടുത്തത്.
പാണക്കാട് കുടുംബം എല്ലാ നേതൃത്വങ്ങള്‍ക്കും മീതെയാണെന്ന് സി ഐ സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി അദൃശ്ശേരി സന്ദേശ പ്രഭാഷണത്തില്‍ വ്യക്തമാക്കി. പണ്ഡിത നേതൃത്വം ഓരോ വിഷയങ്ങളിലും അവഗാഹമുള്ളവരുമായി കൂടിയാലോചന നടത്തണമെന്നും വോട്ടുബേങ്ക് കണ്ട് പിന്നാലെ കൂടുന്നവരെ തിരിച്ചറിയണമെന്നും ലിബറലിസവും മത നിരാസവും വരുന്ന വഴി മുന്‍കൂട്ടി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ ആരംഭിച്ച വാഫി- വഫിയ്യ കലോത്സവത്തോടനുബന്ധിച്ച് നടന്ന സനദ് ദാന സമ്മേളനം ഡോ. ഉസാമ അല്‍ അബ്ദ് (ഈജിപ്ത്) ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍ എന്നിവരും പങ്കെടുത്തു. നാളെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള കലോത്സവ പരിപാടികളാണ് നടക്കുന്നത്.
തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സി ഐ സി തയ്യാറാകുന്നില്ലെന്നും ഈ കാരണത്താല്‍ സി ഐ സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ഇ കെ സമസ്തയുടെ ആഹ്വാനം. കീഴ്ഘടകങ്ങളായ 13 സംഘടനകള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇ കെ സമസ്ത നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രധാന ഘടകങ്ങളായ എസ് കെ എസ് എസ് എഫിന്റേയും എസ് വൈ എസിന്റേയും സംസ്ഥാന പ്രസിഡന്റുമാര്‍ തന്നെ പരിപാടിയിൽ പങ്കെടുത്തതാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.