vssc exam fraud
വി എസ് എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികൾ ആൾമാറാട്ടം നടത്തി, പിന്നിൽ വൻ സംഘം
നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഹരിയാന സ്വദേശികളാണ്.

തിരുവനന്തപുരം | വിക്രം സാരാഭായ് സ്പേസ് സെന്റർ (വി എസ് എസ് സി) നടത്തിയ പരീക്ഷയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ആൾമാറാട്ടവും കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഹരിയാന സ്വദേശികളാണ്. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിൽ നിന്നുള്ള 469 പേർ ഇന്നലെ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയിട്ടുണ്ട്.
മനോജ് കുമാർ, ഗൗതം ചൗഹാൻ എന്നിവരെയാണ് പരീക്ഷാ ഹാളിൽ നിന്ന് പോലീസ് പിടികൂടിയത്. ഹരിയാന സ്വദേശികളായ സുനിൽ, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവർ പരീക്ഷയെഴുതിയത്. സുമിത്തിന് വേണ്ടി മനോജ് കുമാറും സുനിലിന് വേണ്ടി ഗൗതം ചൗഹാനുമാണ് പരീക്ഷക്ക് ഇരുന്നത്. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റിൻ്റെ ഭാഗമാണ് ആൾമാറാട്ടം നടത്തിയവരെന്നാണ് നിഗമനം. ഹരിയാനയിലെ കോച്ചിംഗ് സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ സെൻ്റർ ആളുകളെ വൻ തുക കൊടുത്ത് ഇങ്ങനെ പരീക്ഷാ തട്ടിപ്പിനായി നിയോഗിക്കാറുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘം ഹരിയാനയിലേക്ക് പോകും.
വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ ടെക്‌നീഷ്യൻ- ബി കാറ്റഗറി തസ്തികയിലേക്കുള്ള പരീക്ഷയിൽ ഹൈടെക് മോഡൽ കോപ്പിയടിയും ആൾമാറാട്ടവും പിടികൂടിയത്. ഹരിയാനയിൽ നിന്നെത്തുന്നവർ കോപ്പിയടിക്കാൻ സാഹചര്യമൊരുക്കിയതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിവരം പരീക്ഷാ സെന്ററുകളെ അറിയിച്ചു. ഐ പി സി 420, 406 വകുപ്പുകൾ പ്രകാരം വഞ്ചനക്കും ക്രിമിനൽ വിശ്വാസ ലംഘനത്തിനുമാണ് കേസെടുത്തത്.
വയറ്റിൽ കെട്ടിയ ബെൽറ്റിൽ ഘടിപ്പിച്ച മൊബൈൽ ഫോണിന്റെ ക്യാമറ ഭാഗം ഷർട്ടിന്റെ ബട്ടൺ ഹോളിനോട് ചേർത്ത് ഒട്ടിച്ചുവെച്ചാണ് ചോദ്യപേപ്പർ പകർത്തിയത്. ചോദ്യങ്ങൾ അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് അയച്ചുനൽകി. ചെവിക്കകത്ത് വെച്ച കുഞ്ഞൻ ബ്ലൂടൂത്ത് ഇയർഫോൺ വഴി കൂട്ടാളി പറഞ്ഞുകൊടുക്കുന്ന ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു. 80ൽ എഴുപതിലധികം മാർക്കിന്റെ ശരിയുത്തരം സുനിൽ വേണ്ടി ഗൗതം എഴുതിയിട്ടുണ്ട്.