vs achuthananthan
സമരവും ജീവിതവും രണ്ടല്ലെന്നും തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്: എം വി ഗോവിന്ദന്‍
സമാനതകളില്ലാത്ത ഒരു യുഗത്തിന്റെ അവസാനമാണ് വിഎസിന്റെ വിയോഗം

തിരുവനന്തപുരം | സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമാനതകളില്ലാത്ത ഒരു യുഗത്തിന്റെ അവസാനമാണ് വിഎസിന്റെ വിയോഗം സൃഷ്ടിച്ചത്. സ്വയം തെളിച്ച വഴിയിലൂടെയാണ് വി എസ് കേരളത്തെ നയിച്ചതെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അനുസ്മരണം കുറിപ്പ്: സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേര്‍ന്ന രണ്ടക്ഷരം – വി എസ്, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളില്‍ ജ്വലിച്ചുനില്‍ക്കും. അനീതികളോട് സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു സഖാവ് വി എസ്. സഖാവിന്റെ വിയോഗം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്ത വിടവാണ് കേരളത്തിനുണ്ടാക്കിയിരിക്കുന്നത്.
സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ് അച്യുതാനന്ദന്‍. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിന് നല്‍കിയ അതുല്യസംഭാവന. അനാഥത്വത്തോട് പൊരുതിയ ബാല്യം മുതല്‍ ആരംഭിച്ചതാണ് ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര – വയലാര്‍ സമരം,
കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങള്‍, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ളയ്ക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്.
രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ് ഇറങ്ങിച്ചെന്നത് ഒരു പോരാളിയായാണ്. ദിവാന്‍ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വര്‍ഗ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം.
പോലീസിന്റെ ലാത്തിക്കും തോക്കുകള്‍ക്കും തോല്‍പ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം. ഭീഷണികള്‍ക്കും അധികാര ദുഷ്പ്രഭുത്വത്തിനും മുന്നില്‍ ശിരസ് കുനിക്കാതെ, സ്വയം തെളിച്ച വഴിയിലൂടെയാണ് വി എസ് കേരളത്തെ നയിച്ചത്. ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ആ ജീവിതം അവസാനിക്കുമ്പോഴും വി എസ് ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ നമുക്കാകില്ല.
സ്വാതന്ത്ര്യ സമര സേനാനി, കര്‍ഷക, കര്‍ഷക തൊഴിലാളി സമരങ്ങളുടെ അതുല്യ സംഘാടകനും അമരക്കാരനും, സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, കേരളത്തിന്റെ മുഖ്യമന്ത്രി, അഴിമതികളോട് പടവെട്ടിയ പ്രതിപക്ഷ നേതാവ്.. അങ്ങിനെ ഒറ്റക്കള്ളിയില്‍ ഒതുക്കാന്‍ കഴിയാത്ത ജീവിതമായിരുന്നു വിഎസിന്റേത്. പ്രിയസഖാവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഖാവിനൊപ്പമുള്ള അനേകായിരം ഓര്‍മകളാണ് മനസിലേക്ക് ഇരച്ചെത്തുന്നത്. വിപ്ലവ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ധീര സഖാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വിട പ്രിയസഖാവേ.. ലാല്‍സലാം.