vs achuthananthan
വി എസ് Vs പിണറായി; ഒരു വൈരുദ്ധ്യാത്മക ബന്ധത്തിന്റെ കഥ
പലപ്പോഴും സമാനതകളില്ലാത്ത വ്യക്തിത്വ പോരാട്ടങ്ങളാൽ കൂടി അടയാളപ്പെടുത്തപ്പെട്ടതാണ് വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരും, ഒരേ ലക്ഷ്യത്തിനായി നിലകൊണ്ടവരുമായിരുന്നിട്ടും, ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദവും ശത്രുതയും മാറിമാറി വന്ന ഒരു സങ്കീർണ്ണ സമവാക്യമായിരുന്നു.

കേരള രാഷ്ട്രീയത്തിലെ അതികായനും, പോരാട്ടങ്ങളുടെ പ്രതീകവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ. സാധാരണക്കാരന്റെ ശബ്ദമായി പതിറ്റാണ്ടുകളോളം നിലകൊണ്ട വി എസ്, തന്റെ ജീവിതം കൊണ്ട് ഒരു യുഗസന്ധിയുടെ അന്ത്യം അടയാളപ്പെടുത്തുന്നു. പലപ്പോഴും സമാനതകളില്ലാത്ത വ്യക്തിത്വ പോരാട്ടങ്ങളാൽ കൂടി അടയാളപ്പെടുത്തപ്പെട്ടതാണ് വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരും, ഒരേ ലക്ഷ്യത്തിനായി നിലകൊണ്ടവരുമായിരുന്നിട്ടും, ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദവും ശത്രുതയും മാറിമാറി വന്ന ഒരു സങ്കീർണ്ണ സമവാക്യമായിരുന്നു. ഒരുമിച്ച് പാർട്ടി കെട്ടിപ്പടുത്തവർ, കാലക്രമേണ സി പി എമ്മിന്റെ രണ്ട് ധ്രുവങ്ങളായി മാറിയ കാഴ്ച കേരള രാഷ്ട്രീയം കൗതുകത്തോടെയും ആശങ്കയോടെയും കണ്ടു.
ആശയപരമായ ഭിന്നതകളാണ് പലപ്പോഴും ഈ ബന്ധത്തിലെ വിള്ളലുകൾക്ക് കാരണമായിത്തീർന്നത്. വി എസ് എന്നും ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി സ്വയം അടയാളപ്പെടുത്തി. ജനകീയ പ്രശ്നങ്ങളിലും അഴിമതി വിഷയങ്ങളിലും അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചു. എന്നാൽ, പിണറായി വിജയൻ കൂടുതൽ പ്രായോഗിക സമീപനങ്ങളിലൂടെ പാർട്ടിയെ നയിക്കാൻ ശ്രമിച്ചു. ഇത് പലപ്പോഴും വി.എസിന്റെ നിലപാടുകളുമായി ഏറ്റുമുട്ടി. വി.എസ്-പിണറായി പോര് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്.
2000 ത്തിന്റെ തുടക്കത്തിൽ സി പി എമ്മിൽ രൂക്ഷമായ വിഭാഗീയത ഉടലെടുത്തു. ഈ വിഭാഗീയതയുടെ പ്രധാന നേതാക്കൾ വി എസും പിണറായിയുമായിരുന്നു. പാർട്ടി സമ്മേളനങ്ങളിലും സംസ്ഥാന സമിതി യോഗങ്ങളിലും ഇരുവരും പരസ്യമായി ഏറ്റുമുട്ടി. ഈ പോര് പാർട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പിനെ തന്നെ സാരമായി ബാധിച്ചു.
ടി പി ചന്ദ്രശേഖരൻ പാർട്ടി വിട്ടപ്പോൾ ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയിലേക്ക് തിരികെ വരണം എന്ന് വി എസ് ഒരു പൊതു വേദിയില്‍ ആവശ്യപ്പെട്ടു. അതിനോട് പിണറായി വിജയന്‍ പ്രതികരിച്ചത് രൂപക്ഷമായിട്ടായിരുന്നു. കുലം കുത്തികൾ എന്നും കുലംകുത്തികൾ തന്നെയാണെന്നും അവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ഉറച്ച നിലപാടെടുത്ത് വിഎസിനെ തള്ളി പിണറായി രംഗത്ത് വന്നു. പിന്നീട് ടിപി ചന്ദ്ര ശേഖരൻ കൊല്ലപ്പെട്ടപ്പോൾ, പാർട്ടിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചു വിഎസ്. ഇത് പിണറായി പക്ഷത്തെ പ്രകോപിപ്പിക്കുകയും വി.എസിനെതിരെ പാർട്ടിയിൽ ശക്തമായ നീക്കങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഒരു ഉപതിരഞ്ഞെടുപ്പ് ദിവസം വിലക്ക് ലംഘിച്ച് ടിപിയുടെ ഭാര്യ കെകെ രമയെ സന്ദര്‍ശിക്കനായി അദ്ദേഹം വീട്ടിലെത്തിയ നടപടി കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
വി എസ് പലപ്പോഴും കൈയേറ്റങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടെടുത്തു. ഇത് ചിലപ്പോൾ പാർട്ടിയിലെ ചില നേതാക്കളെയും പിണറായി പക്ഷത്തെയും അസ്വസ്ഥരാക്കി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ പോലെയുള്ള വിഷയങ്ങളിൽ വി എസ് ഒറ്റയാൾ പോരാട്ടം നടത്തിയത് ശ്രദ്ധേയമായിരുന്നു.
2006-ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ, പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി തുടർന്നു. ഇരുവരും തമ്മിലുള്ള അധികാര വടംവലി പലപ്പോഴും ഭരണത്തെയും പാർട്ടിയുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴും വി എസിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് ഒതുക്കിയത് ഈ ബന്ധത്തിലെ വിള്ളലുകൾക്ക് തെളിവായിരുന്നു.
ഭിന്നതകൾക്കിടയിലും ഇരുവരും ഒരുമിച്ച് നിന്ന സന്ദർഭങ്ങളുമുണ്ട്. പലപ്പോഴും സി പി എമ്മിന്റെ നിലനിൽപ്പിന് അത് അനിവാര്യമായിരുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിക്കുന്നതിൽ ഇരുവർക്കും വലിയ പങ്കുണ്ടായിരുന്നു. പല ജനകീയ സമരങ്ങളിലും, പ്രത്യേകിച്ച് പ്രതിപക്ഷത്തിരിക്കുമ്പോൾ, ഇരുവരും ഒരുമിച്ച് അണിനിരന്നിട്ടുണ്ട്.
വി എസിന്റെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായം അവസാനിക്കുകയാണ്. അദ്ദേഹത്തിന്റെ ജനകീയ പ്രതിച്ഛായയും പോരാട്ട വീര്യവും എക്കാലവും കേരള ജനതയുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. വി എസ് അച്യുതാനന്ദന്റെ ജീവിതം പോരാട്ടങ്ങളുടെയും നിലപാടുകളുടെയും ഒരു പാഠപുസ്തകമാണ്.