vs achuthananthan
LIVE | അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങള്‍; എ കെ ജി സെന്റര്‍ ജനനിബിഡം
മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വി എസിന് ആദരാഞ്ജലി അര്‍പ്പിച്ചു.

തിരുവനന്തപുരം | ഉജ്ജ്വലമായ രാഷ്ട്രീയ മുഹൂര്‍ത്തങ്ങളില്‍ വി എസിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍ ഏറ്റുവിളിച്ച ആ മുദ്രാവാക്യം പഴയ എ കെ ജി സെന്ററിനു മുന്നില്‍ വീണ്ടുമുയര്‍ന്നു. കണ്ണേ കരളേ വി എസ്സേ…ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…
അന്തരിച്ച വി എസ് അച്യുതാനന്ദന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചപ്പോള്‍ രംഗം ഏറെ വികാര സാന്ദ്രമായി. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എ കെ ജി സെന്ററിലെത്തിയിരുന്നത്. മുദ്രാവാക്യം മുഴക്കിയ ജനസാഗരത്തിനു നടുവിലൂടെയാണ് വി എസിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് എ കെ ജി സെന്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വി എസിന് ആദരാഞ്ജലി അര്‍പ്പിച്ചു.
എ കെ ജി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകിട്ടോടെ സംസ്‌കാരം നടക്കും.
വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.