vs achuthananthan
വി എസിന്റെ സംസ്‌കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍
നാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം | അന്തരിച്ച വി എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എ കെ ജി സെന്ററായ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. രാത്രി എട്ടിന് തിരുവനന്തപുരത്ത് വി എസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം ദേശീയ പാതയിലൂടെ ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വി എസിന്റെ സംസ്‌കാരം പുന്നപ്ര-വയലാര്‍ സമര സഖാക്കൾ അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടില്‍ നടക്കും.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരളത്തിന്റെ പ്രിയ നേതാവ് ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്. പാര്‍ട്ടി ഓഫീസുകളില്‍ പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വി എസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.
സി പി എമ്മിന്റെ സ്ഥാപക നേതാക്കളില്‍ അവസാനത്തെയാളായ അദ്ദേഹം 11 വര്‍ഷം സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ല്‍ സി പി ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി സി പി എമ്മിനു രൂപം നല്‍കിയ 32 പേരില്‍ ഒരാളാണ്. 1985 മുതല്‍ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചു. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായി. 2016 മുതല്‍ 2020 വരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു വിശ്രമ ജീവിതം നയിച്ചു.