Connect with us

National

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു

ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ) പ്രകാരം ഉപരാഷ്ട്രപതിസ്ഥാനം രാജിവെക്കുന്നതായി രാജിക്കത്തില്‍ പറയുന്നു. രാഷ്ട്രപതിയുടെ പിന്തുണക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍ എന്നിവരുടെ സഹകരണത്തിനും കത്തില്‍ നന്ദി പറഞ്ഞു. രാജിയിലേക്ക് നയിച്ചതില്‍ ആരോഗ്യ കാരണങ്ങള്‍ അല്ലാതെ മറ്റു കാരണങ്ങളുണ്ടോയെന്ന് വ്യക്തമല്ല.

രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് ധന്‍ഖര്‍. 2022 ആഗസ്റ്റ് ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് ആല്‍വയെ 346 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2019 മുതല്‍ 2022 വരെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍, ഒരു തവണ ലോക്സഭാംഗം, കേന്ദ്ര മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ ജനിച്ച ജഗ്ദീപ് ധന്‍ഖര്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ്. ഉപരാഷ്ട്രപതി രാജിവെച്ചാല്‍ 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് വ്യവസ്ഥ. പാര്‍ലിമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.

ഉപരാഷ്ട്രപതി സ്ഥാനത്ത് ഒഴിവുണ്ടായാല്‍, ഭരണഘടന പ്രകാരം രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രാജ്യസഭയുടെ ആക്ടിംഗ് ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും. നിലവില്‍, ഈ സ്ഥാനം വഹിക്കുന്നത് ഹരിവംശ് നാരായണ്‍ സിംഗാണ്.