Kerala
പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും ഭരണവിരുദ്ധ വികാരവും വി എസ് സുനില്‍ കുമാറിന്റെ പരാജയത്തിന് കാരണമായി; സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്
കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബേങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു

തൃശൂര്‍ | തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വി എസ് സുനില്‍ കുമാറിന്റെ പരാജയത്തിന് പിന്നില്‍ തൃശൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍ഗ്രസിന്റെ വോട്ട് വലിയ രീതിയില്‍ ചോര്‍ന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചു.എല്‍ഡിഎഫിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് ഏറെ സാധ്യതകളുണ്ടായിരുന്ന വിഎസ് സുനില്‍ കുമാറിന്റെ തോല്‍വി. ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചു
ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താന്‍ പ്രത്യേക പ്രവര്‍ത്തനം നടത്തി. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെയും യുവജനങ്ങളുടെയും വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിച്ചുവെന്നും ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലുണ്ട്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബേങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു
തിരഞ്ഞെടുപ്പ് ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നടത്തിയ വാര്‍ത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു .എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച ഉണ്ടായി. ബൂത്ത് കമ്മറ്റികളില്‍ നിന്ന് വോട്ടുചേര്‍ക്കണമെന്ന് മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഘടകങ്ങള്‍ പലതും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചില്ല. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ഗൗരവത്തോടുകൂടി കാണണം. സാമ്പ്രദായിക രീതിയിലുള്ള എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണം
തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലുടനീളം ബിജെപിക്കാര്‍ കൃത്രിമമായി വോട്ട് ചേര്‍ത്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പത് ഡല്‍ഹി ലെഫ്റ്റ് ഗവര്‍ണര്‍ കേരളത്തില്‍ എത്തി മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയത് ക്രൈസ്തവ വോട്ട് സമാഹരിക്കാനായിരുന്നു. കേന്ദ്ര ഏജന്‍സികളെ ചൂണ്ടിക്കാട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി വന്‍ തോതില്‍ പണം പിടുങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.