Connect with us

Uae

'ഓൺ യുവർ പാത്ത്' പദ്ധതി 6,487 പേർക്ക് പ്രയോജനപ്പെട്ടു

ദുബൈയിൽ ചെറിയ ട്രാഫിക് അപകടങ്ങളുടെ റിപ്പോർട്ട് വേഗത്തിൽ നൽകുന്നതാണ് ഈ പദ്ധതി

Published

|

Last Updated

ദുബൈ|ദുബൈ പോലീസ് ആരംഭിച്ച “ഓൺ യുവർ പാത്ത്’ പദ്ധതിയിലൂടെ 6,487 പേർക്ക് സേവനം ലഭിച്ചു. ചെറിയ ട്രാഫിക് അപകടങ്ങളുടെ റിപ്പോർട്ട് വേഗത്തിൽ നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണിത്. ട്രാഫിക് അപകടങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് സ്റ്റേഷനുകളിൽ പോകുന്നത് ഒഴിവാക്കാനും സമയവും പ്രയത്‌നവും ലാഭിക്കാനും ഇതിലൂടെ സാധിക്കും.
എമിറേറ്റിലെ 152 പെട്രോൾ സ്റ്റേഷനുകളിൽ നിന്ന് 2,901 ചെറിയ ട്രാഫിക് അപകട റിപ്പോർട്ടുകൾ നൽകി. കൂടാതെ, 981 അജ്ഞാത റിപ്പോർട്ടുകളും നൽകി. 721 കാറുകളാണ് നന്നാക്കിയത്. പോലീസ് സേവനം വഴി 219 റിപ്പോർട്ടുകളും ലഭിച്ചുവെന്ന് പദ്ധതിയുടെ തലവൻ ക്യാപ്റ്റൻ മാജിദ് ബിൻ സഈദ് അൽ കഅബി പറഞ്ഞു.

സേവന കേന്ദ്രങ്ങളിലേക്കുള്ള ഈ ഉപഭോക്താക്കളുടെ സന്ദർശനം ഇല്ലാതാക്കാൻ ഇതിലൂടെ സാധിച്ചു. ഇത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം 93 ശതമാനത്തിലധികം കുറച്ചു. ഉപഭോക്തൃ സംതൃപ്തി 95.2 ശതമാനമായും പങ്കാളികളുടെ സംതൃപ്തി 97 ശതമാനമായും വർധിച്ചു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പോലീസ് ലീഡേഴ്‌സ് അവാർഡും ഗവൺമെന്റ് അച്ചീവ്‌മെന്റ്‌വിഭാഗത്തിൽ അറബ് ഡിജിറ്റൽ ഗവൺമെന്റ് ഷീൽഡ് അവാർഡിൽ ഒന്നാം സ്ഥാനവും പദ്ധതിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

85 സ്ഥാപനങ്ങളിലെ 19,861 പേർക്ക് പദ്ധതിയുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശീലനം നൽകി. ദുബൈയിലെ ഇന്ധന കമ്പനികളായ ഇനോക്, അഡ്‌നോക്, ഇമാറാത്ത് എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

 

---- facebook comment plugin here -----