Kerala
ജി എസ് ടി കൗണ്‍സില്‍ യോഗം നിര്‍ണായകം; ഭരണപക്ഷ സംസ്ഥാനങ്ങളും ആശങ്കയില്‍: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടം നികത്തണമെന്ന ആവശ്യം മാത്രമാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നും മന്ത്രി

തിരുവനന്തപുരം | ഇന്നു തുടങ്ങുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഏറെ നിര്‍ണായകമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനില്‍പ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടം നികത്തണമെന്ന ആവശ്യം മാത്രമാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ സംസ്ഥാനങ്ങള്‍ മാത്രമല്ല ഭരണപക്ഷ സംസ്ഥാനങ്ങളും ആശങ്കയിലാണ്. ആഡംബര വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കും. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും നടത്തിയിട്ടില്ല. സംസ്ഥാനങ്ങള്‍ ദുര്‍ബലമായാല്‍ രാജ്യം ദുര്‍ബലമാകും. അത്തരം ഒരു അപകടത്തിലേക്ക് പോകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നും നാളെയുമായി ഡല്‍ഹിയില്‍ ആരംഭിക്കുന്നത്. ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കുന്നതിനുള്ള നിര്‍ദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.