gaza attack two years
ജീവൻ ത്യജിച്ച സന്നദ്ധ സേവകർ, മരണത്തോടൊപ്പം ജീവിക്കുന്ന മാധ്യമ പ്രവർത്തകർ
ഗസ്സയിൽ ഇസ്‌റാഈൽ കൊന്നൊടുക്കിയത് 562 മാനുഷിക- സന്നദ്ധ പ്രവർത്തകരെയാണ്. ഇതിൽ 376 പേർ ഐക്യരാഷ്ട്രസഭാ ജീവനക്കാരാണ്. ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 200 കടന്നു.

ഗസ്സാ സിറ്റി | ഗസ്സാ മുനമ്പിൽ ഇസ്‌റാഈൽ വംശഹത്യയുടെ രണ്ട് വർഷം പിന്നിടുമ്പോൾ മാനുഷിക പ്രവർത്തകരുടെ മരണസംഖ്യ അമ്പരപ്പിക്കുന്നതാണ്. ദുരിതങ്ങൾക്കെതിരെ പോരാടാനും സഹായഹസ്തം നീട്ടാനുമെത്തിയവർക്ക് ഗസ്സാ മുനമ്പ് മരണ മുനമ്പായാണ് മാറിയത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗസ്സയിൽ ഇസ്‌റാഈൽ കൊന്നൊടുക്കിയത് 562 മാനുഷിക- സന്നദ്ധ പ്രവർത്തകരെയാണ്. ഇതിൽ 376 പേർ ഐക്യരാഷ്ട്രസഭാ ജീവനക്കാരാണ്. സ്ത്രീകൾ ഉൾപ്പെടെ ഭക്ഷണം എത്തിച്ചുനൽകുന്നവർ, മരുന്നുകൾ നൽകുന്നവർ, സ്‌കൂളുകളിലെ അധ്യാപകർ, ടെന്റ് ഷെൽട്ടറുകൾ നിർമിക്കുന്നവർ, ജലവിതരണത്തിൽ ഏർപ്പെടുന്നവർ, ആംബുലൻസ്- പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി… ഇസ്‌റാഈൽ കൊന്നുതള്ളിയ സന്നദ്ധ സേവകരുടെ പട്ടിക നീണ്ടുപോകുന്നു.
മാത്രമല്ല, സ്‌കൂളുകൾ, ആശുപത്രികൾ, ഫീൽഡ് ക്ലിനിക്കുകൾ, ആംബുലൻസുകൾ എന്തിന് ഐക്യരാഷ്ട്രസഭാ ഓഫീസുകൾ അടക്കം ഇസ്‌റാഈൽ സൈന്യം തകർത്തുതരിപ്പണമാക്കി.
ഗസ്സയിൽ ആഴത്തിൽ പ്രവർത്തിക്കുന്ന ആഗോള ജീവകാരുണ്യ സംഘടനകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സഭവിച്ചത്. ഗസ്സയിലെ ഫലസ്തീനികൾക്ക് ആരോഗ്യ, താമസ, ഭക്ഷണ സേവനങ്ങൾ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് (യു എൻ ആർ ഡബ്ല്യു എ)ക്കാണ് കനത്ത വില നൽകേണ്ടി വന്നത്.
യു എൻ ആർ ഡബ്ല്യു എ റിപോർട്ട് പ്രകാരം 2023 നവംബറോടെ 102 ജീവനക്കാരാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിൽ ഇത് 171 ആയും ഏപ്രിലിൽ 182 ആയും ജൂലൈയിൽ 202 ആയും കൊല്ലപ്പെട്ട ജീവനക്കാരുടെ എണ്ണം ഉയർന്നു.
ഗസ്സയിലെ അടിയന്തര മെഡിക്കൽ സേവനങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ച ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ജീവനക്കാരും വളണ്ടിയർമാരുമായി 54 പേരെ നഷ്ടപ്പെട്ടു.
2024 മാർച്ച് 23ന് യു എസ് ജീവനക്കാരും ഫലസ്തീൻ റെഡ് ക്രസന്റ് ജീവനക്കാരും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഇസ്‌റാഈൽ സൈന്യം വെടിയുതിർത്ത് 15 പേരെ കൊന്നു. സഹായ പ്രവർത്തകരാണെന്ന അടയാളങ്ങൾ വാഹനത്തിൽ പതിപ്പിച്ചിട്ടും വ്യക്തത വരുത്താൻ പോലും നിൽക്കാതെയായിരുന്നു ക്രൂരത. പിന്നീട് വാഹനങ്ങളും മൃതദേഹങ്ങളും ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു സൈന്യം ചെയ്തത്. ജീവൻ രക്ഷിക്കാൻ ഗസ്സയിലെത്തിയവർ കൂട്ടക്കുഴിമാടത്തിൽ ഒടുങ്ങി.
മരണത്തോടൊപ്പം ജീവിക്കുന്ന മാധ്യമ പ്രവർത്തകർ
ഗസ്സയിലെ അൽ നസ്ർ ആശുപത്രിക്ക് പുറത്ത് ഇസ്‌റാഈൽ ആക്രമണങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു മാധ്യമ പ്രവർത്തകർ. മിനുട്ടുകൾക്കുള്ളിൽ രണ്ടാമത്തെ സ്‌ഫോടനം. തനിക്കൊപ്പം ക്യാമറ പിടിച്ചുനിന്ന സഹപ്രവർത്തകർ ചിന്നിച്ചിതറുന്നതാണ് ഫലസ്തീൻ മാധ്യമ പ്രവർത്തകനായ ഇബ്‌റാഹീം ഖൻആൻ കാണുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് അഞ്ച് മാധ്യമ പ്രവർത്തകരാണവിടെ മരിച്ചുവീണത്. ഇതോടെ ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 200 കടന്നു.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റിന്റെ റിപോർട്ട് പ്രകാരം 2023 ഒക്‌ടോബറിന് ശേഷം ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 223 മാധ്യമ പ്രവർത്തകരാണ്.