Uae
ഫുട്‌ബോൾ മത്സരത്തിനിടെ അക്രമം; നിരവധി പേർ അറസ്റ്റിൽ
സുരക്ഷാ പ്രോട്ടോക്കോളുകളോ ആരാധക പെരുമാറ്റ ചട്ടങ്ങളോ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതോറിറ്റി എടുത്തു പറഞ്ഞു.

ദുബൈ | അല്‍ വാസല്‍, ശബാബ് അല്‍ അഹ്്‌ലി ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരത്തിനിടെ അക്രമം കാട്ടിയ കാണികളെ പോലീസ് അറസ്റ്റ് ചെയ്തു. യു എ ഇ പ്രോ ലീഗ് മത്സരത്തിലാണ് കലാപം. നിരീക്ഷണ ക്യാമറകള്‍ വിശകലനം ചെയ്താണ് കലാപകാരികളെ കണ്ടെത്തിയത്.
ഉത്തരവാദികളെ തിരിച്ചറിയാന്‍ അതോറിറ്റി അടിയന്തര അന്വേഷണം നടത്തി.മെയ് മൂന്ന് ശനിയാഴ്ച സഅബീല്‍ സ്റ്റേഡിയത്തില്‍ നടന്ന ലീഗ് മത്സരത്തില്‍ അല്‍ വാസല്‍ 2 – 1ന് വിജയിച്ചു.യു എ ഇ ഫുട്ബോള്‍ അസോസിയേഷന്റെ അച്ചടക്ക സമിതി ക്ലബ്ബുകള്‍ക്കെതിരെ കനത്ത പിഴ ചുമത്തി.എതിര്‍ ടീമിലെ പിന്തുണക്കാരെ അധിക്ഷേപിച്ചതിനും മൈതാനത്തേക്കും എതിരാളികളുടെ ആരാധകര്‍ക്ക് നേരെയും വാട്ടര്‍ ബോട്ടിലുകള്‍ എറിഞ്ഞതിനും ശബാബ് അല്‍ അഹ്്‌ലി ക്ലബ്ബിന് 70,000 ദിര്‍ഹം പിഴ ചുമത്തി.
പുക ജ്വലിപ്പിച്ചതിനും എതിര്‍ ടീമിന് നേരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനും മൈതാനത്തേക്കും മറ്റ് കാണികള്‍ക്കും നേരെ വസ്തുക്കള്‍ എറിഞ്ഞതിനും അല്‍ വാസല്‍ ക്ലബ്ബിന് 80,000 ദിര്‍ഹം പിഴ ചുമത്തി.സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങള്‍ക്കിടയിലും അക്രമാസക്ത പെരുമാറ്റം ഒഴിവാക്കാന്‍ ദുബൈ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
‘കായിക പരിപാടികള്‍ ആസ്വാദിക്കാനും ആരാധകര്‍ക്കിടയില്‍ പരസ്പര ബഹുമാനത്തോടെ ആരോഗ്യകരമായ മത്സരം വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്.’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘സ്റ്റേഡിയങ്ങള്‍ സംഘര്‍ഷത്തിന്റെയും ആക്രമണത്തിന്റെയും വേദികളല്ല, സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങളായി തുടരണം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റേഡിയങ്ങള്‍ സുരക്ഷിതമാക്കുക, പങ്കെടുക്കുന്നവരെ സംരക്ഷിക്കുക, വാഹന ചലനം നിരീക്ഷിക്കുക, മത്സരങ്ങള്‍ക്ക് മുമ്പും ശേഷവും ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുക എന്നിവ പോലീസിന്റെ ബാധ്യതയാണ്. സുരക്ഷാ പ്രോട്ടോക്കോളുകളോ ആരാധക പെരുമാറ്റ ചട്ടങ്ങളോ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതോറിറ്റി എടുത്തു പറഞ്ഞു. ഞായറാഴ്ച അല്‍ ഐനും അല്‍ ജാസിറയും തമ്മിലുള്ള മത്സരം നിയന്ത്രിച്ച റഫറിയിംഗ് ടീമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഫുട്ബോള്‍ ഗവേണിംഗ് ബോഡി നേരത്തെ തീരുമാനിച്ചിരുന്നു. സസ്‌പെന്‍ഷന്‍ സീസണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും.