church attack
മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളിയിലേക്ക് ഹിന്ദുത്വ സംഘടനകളുടെ അതിക്രമം
വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇവിടേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്
		
      																					
              
              
            റോഹ്തക് | മതപരിവര്‍ത്തനമാരോപിച്ച് ഹരിയാനയിലെ റോഹ്തക് ഇന്ദിരാ കോളനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദുത്വ സംഘടനകള്‍ അതിക്രമിച്ചു കയറി. ഉച്ചയോടെയാണ് സംഭവം. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ച് വിവിധ ഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ളവര്‍ ഇവിടേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇവിടേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
എന്നാല്‍, ഇവിടെ സമാന സംഭവം അരങ്ങേറുന്നുവെന്ന് വിവരമുണ്ടായിരുന്നെങ്കിലും അന്വേഷണത്തിനൊടുവില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ സുരക്ഷാ വിന്യാസം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
എല്ലായിടത്തേയും പോലെ സാധാരണ നിലയിലുള്ള ആരാധനയേ ഇവിടെ നടക്കുന്നുള്ളുവെന്നും ഇവിടെ സന്ദര്‍ശിക്കാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിക്കാറുമില്ലെന്നും പള്ളിയിലെ പുരോഹിതന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ഇവിടെ പോലീസ് വന്ന് അന്വേഷിച്ചിരുന്നുവെന്നും അവര്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള രേഖകള്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ടെന്നും പുരോഹിതന്‍ അറിയിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

