National
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ത്യാ സഖ്യത്തിലെ വോട്ടു ചോര്‍ച്ച മുന്നണിയില്‍ ഗൗരവതരമായ ചര്‍ച്ചക്ക് വഴിയൊരുക്കുന്നു
മഹാരാഷ്ട്രയിലെ മൂന്നോ നാലോ കോണ്‍ഗ്രസ് എം പിമാര്‍ കൂറുമാറി വോട്ട് ചെയ്തതുവെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്നുള്ള വോട്ടു ചോര്‍ച്ച മുന്നണിയില്‍ ഗൗരവതരമായ ചര്‍ച്ചക്ക് വഴിയൊരുക്കുന്നു. മഹാരാഷ്ട്രയിലെ മൂന്നോ നാലോ കോണ്‍ഗ്രസ് എം പിമാര്‍ കൂറുമാറി വോട്ട് ചെയ്തതുവെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്. കൂറുമാറി വോട്ട് ചെയ്തതില്‍ അന്വേഷണം വേണമെന്ന് മനീഷ് തിവാരി എം പി പരസ്യമായി ആവശ്യപ്പെട്ടത് കോണ്‍ഗ്രസിനകത്തെ തര്‍ക്കത്തിന്റെ സൂചനയായി.
ഡല്‍ഹിയിലെ പരാജയത്തിനു ശേഷം ആം ആത്മി പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയെന്നും വിലയിരുത്തപ്പെടുന്നു. എ എ പി എം പി സ്വാതി മലിവാര്‍ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ചില ചെറിയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വം അസാധുവാക്കിയെന്നും നേതാക്കള്‍ സംശയിക്കുന്നു.
കൂറുമാറ്റത്തില്‍ ഇന്ത്യാ സഖ്യത്തില്‍ കടുത്ത അതൃപ്തി പുകയുകയാണ്. പ്രതിപക്ഷത്ത് ഒരുമയില്ലെന്ന സന്ദേശം നല്‍കാനാണ് വോട്ടു ചോര്‍ച്ച ഇടയാക്കിയതെന്നു സി പി എം വിലയിരുത്തി. വോട്ടു ചോര്‍ച്ച നിരാശാജനകമെന്നും ചിലര്‍ വോട്ടുകള്‍ മനപ്പൂര്‍വ്വം അസാധുവാക്കിയെന്നും സി പി എം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. വോട്ടെണ്ണലിന് തൊട്ടു മുന്‍പ് വരെ 315 വോട്ടുകളെങ്കിലും കിട്ടുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകള്‍ മാത്രം.
ഇത് കോണ്‍ഗ്രസ് ക്യാമ്പിലടക്കം വലിയ ഞെട്ടലായി. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും അസാധാരണ ഐക്യം ദൃശ്യമായിട്ടും ഇത് വോട്ടാകാത്തതിനെ വളരെ ഗൗരവത്തോടെയാണ് നേതൃത്ത്വം കാണുന്നത്. മുതിര്‍ന്ന നേതാവ് ജയറാം രമേശിനായിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രധാന ഏകോപന ചുമതല.