Connect with us

Kerala

വി ഡി സതീശന്‍ വസ്ത്രാക്ഷേപം നടത്തി ചെളിവാരി എറിഞ്ഞു; ഇനി പ്രതീക്ഷ കെ സി വേണുഗോപാലില്‍: പി വി അന്‍വര്‍

യുഡിഎഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു

Published

|

Last Updated

മലപ്പുറം  | കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി പി വി അന്‍വര്‍. യുഡിഎഫുമായി സഹകരിപ്പിക്കാന്‍ കത്ത് നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രഖ്യാപനവും ഉണ്ടായില്ല. വസ്ത്രാക്ഷേപം നടത്തി ചെളിവാരി എറിഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കഴിഞ്ഞ മൂന്ന് നാല് മാസമായി എന്നെയും എന്റെ പാര്‍ട്ടിയേയും വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്. വസ്ത്രാക്ഷേപം നടത്തിയതിന് ശേഷം എന്റെ മുഖത്തേക്ക് ഇന്നലെ ചെളിവാരിയെറിയുക കൂടി ചെയ്തു. എന്നിട്ട് ദയാവധത്തിന് വിട്ടിരിക്കുകയാണ് .

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് താനും തന്റെ പാര്‍ട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. കോണ്‍ഗ്രസിനോട് പൂര്‍ണമായി സഹകരിച്ചുനിന്ന മിന്‍ഹാജിനോട് നന്ദി പറയാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ല. അതെല്ലാം കണ്ടില്ലെന്ന് വച്ചു. പിണറായി ഭരണത്തിന്റെ അന്ത്യം കാണുക എന്ന ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിച്ചത്. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. നിലമ്പൂരില്‍ യുഡിഎഫിന് വോട്ട് നഷ്ടമാകാതിരിക്കാനാണ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

എന്നെ കള്ളനായി ചിത്രീകരിച്ച ഘട്ടത്തിലാണ് ഉള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് നിന്നിരുന്ന പ്രസ്ഥാനം വിട്ടത്. പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിട്ടും യുഡിഎഫ് വാഗ്ദാനം നിറവേറ്റിയില്ല. ഫലം വന്നിട്ട്പോലും ഒരു നന്ദി വാക്ക് പറഞ്ഞില്ല.വയനാട്ടില്‍ പ്രിയങ്കയെ പിന്തുണച്ചു. പനമരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നേടിക്കൊടുത്തു. ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിന് നേടിക്കൊടുത്തു. ഞങ്ങളെ സഹകരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തു. സതീശന്‍ പ്രഖ്യാപിക്കുമെന്നാണ് അവര്‍ അറിയിച്ചത്. അതിന് ശേഷം ഒരു വിവരവുമില്ല. സതീശനെ പലതവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. ബന്ധപ്പെടാന്‍ ആയില്ല. പിന്നീട് ഈ മാസം 15-ന് സതീശനുമായി ചര്‍ച്ച നടത്തി. അന്ന് അദ്ദേഹം പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം നടത്തുമെന്നായിരുന്നു. എന്നിട്ട് ഇപ്പോള്‍ പറയുന്നു അന്‍വര്‍ തീരുമാനിക്കട്ടെയെന്ന്

ഇനി കാലു പിടിക്കാനില്ല. ഇനി പ്രതീക്ഷ കെ സി വേണുഗോപാലിലാണ്. യുഡിഎഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു

യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വ  ഡി സതീശന്‍ പ്രതികരിച്ചിരുന്നു

 

Latest