Connect with us

articles

ജസ്റ്റിസ് ഓക; നീതിന്യായത്തിലെ ജനാധിപത്യ മുഖം

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഓക. ഭരണകൂട കടന്നുകയറ്റങ്ങള്‍ക്കും ഭൂരിപക്ഷ വികാരങ്ങള്‍ക്കും വിരുദ്ധമായി പൗരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ ജസ്റ്റിസ് ആയിരുന്നു അദ്ദേഹമെന്ന് പറയാം. സമീപകാലത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള, കൂടുതല്‍ വിധി തീര്‍പ്പുകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം പല സവിശേഷതകളും കൊണ്ട് വ്യത്യസ്തനായിരുന്നു.

Published

|

Last Updated

തമീം കളമശ്ശേരി

ഈ മാസം 23ന് സുപ്രീം കോടതി ജസ്റ്റിസ് ആയി വിരമിച്ച അഭയ് എസ് ഓക നിയമവാഴ്ചയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തിയ, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു. ഭരണകൂട കടന്നുകയറ്റങ്ങള്‍ക്കും ഭൂരിപക്ഷ വികാരങ്ങള്‍ക്കും വിരുദ്ധമായി പൗരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ ജസ്റ്റിസ് ആയിരുന്നു അദ്ദേഹമെന്ന് പറയാം. സമീപകാലത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള, കൂടുതല്‍ വിധി തീര്‍പ്പുകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം പല സവിശേഷതകളും കൊണ്ട് വ്യത്യസ്തനായിരുന്നു. അപൂര്‍വമായി മാത്രമേ ജസ്റ്റിസ് ഓക അവധി എടുക്കാറുണ്ടായിരുന്നുള്ളൂ. മുഴുസമയവും കോടതിയില്‍ ചെലവഴിക്കുകയാണ് പതിവ്. മാതാവ് മരിച്ചതിന്റെ പിറ്റേദിവസമായ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനവും കൂടിയായിരുന്നു. അന്നും അദ്ദേഹം കോടതിയില്‍ വരികയും പത്ത് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയുമുണ്ടായി.

വ്യക്തവും സമ്പൂര്‍ണവുമായിരുന്നു ജസ്റ്റിസ് ഓകയുടെ വിധിന്യായങ്ങള്‍. വിഷയങ്ങളുടെ ഉള്‍പ്പരപ്പിലേക്ക് ഇറങ്ങിച്ചെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിധിതീര്‍പ്പുകള്‍. ഭരണഘടനക്ക് ഭീഷണി ഉയര്‍ത്തുന്ന ന്യയാധിപന്മാര്‍ക്കിടയിലും ജനാധിപത്യത്തിന്റെ അപൂര്‍വ ശബ്ദമായിരുന്നു ജസ്റ്റിസ് എസ് ഓക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ വിമര്‍ശിക്കുകയും പാകിസ്താനികള്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേരുകയും ചെയ്ത ജാവേദ് അഹമ്മദ് ഹജാമിനെതിരെ ഉണ്ടായിരുന്ന ക്രിമിനല്‍ കേസുകള്‍ റദ്ദാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, എല്ലാ വിമര്‍ശനങ്ങളും കുറ്റകൃത്യമായി കണ്ടാല്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്നാണ്. മറ്റൊരു രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേരുന്നത് ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും, ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടതുകൊണ്ട് മാത്രം തെറ്റായ ഉദ്ദേശ്യങ്ങള്‍ ആരോപിക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ ഓക പ്രസ്താവിച്ചു. ഒരു ഭൂരിപക്ഷ വികാരത്തിനും വഴങ്ങാതെ, വളരെ വ്യക്തവും കൃത്യതയുമുള്ള വിധികള്‍ ഭരണഘടനയോട് പ്രതിബദ്ധതയുള്ള ഒരു ജഡ്ജിയില്‍ നിന്ന് മാത്രമേ കാണാന്‍ സാധിക്കൂ.

ഒരു കവിത പങ്കുവെച്ചതിന് രാജ്യസഭാ എം പി ഇംറാന്‍ പ്രതാപിനെതിരെ ഗുജറാത്ത് പോലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ അദ്ദേഹം റദ്ദാക്കുകയുണ്ടായി. വാസ്തവത്തില്‍ കവിതയുടെ സന്ദേശം അഹിംസയായിരുന്നു. ഇതിനെതിരെയുള്ള എഫ് ഐ ആര്‍ അംഗീകരിച്ചതിന് ഹൈക്കോടതിയെ ശാസിക്കുകയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കടമയെക്കുറിച്ച് ജസ്റ്റിസ് ഓക ഓര്‍മിപ്പിക്കുകയുമുണ്ടായി. ജഡ്ജിമാര്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടവരാണെന്നും അതിന് തടസ്സം നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം വിധിന്യായത്തില്‍ രേഖപ്പെടുത്തി. മാത്രമല്ല, പ്രസംഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം നിര്‍ബന്ധമാക്കുകയും ചെയ്തു.

താഴെക്കിടയിലുള്ളവര്‍ക്കും അദ്ദേഹം നീതിയുറപ്പാക്കി. അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് വിധിച്ചത് അദ്ദേഹമാണ്. വിധിന്യായത്തില്‍, ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും നടപ്പാക്കുന്നതിന് അങ്കണ്‍വാടി ജീവനക്കാര്‍ നല്‍കിയ സംഭാവനകളെ ജസ്റ്റിസ് ഓക പ്രത്യേകം പ്രശംസിക്കുകയും അവര്‍ക്ക് നല്‍കുന്ന തുച്ഛമായ ഓണറേറിയത്തെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു.

മുസഫര്‍ നഗറില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ജസ്റ്റിസ് ഓക ശക്തമായ ഇടപെടലുകള്‍ നടത്തുകയും പോലീസിന്റെ ദുര്‍ബലമായ എഫ് ഐ ആറിനെ വിമര്‍ശിക്കുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ സാരമായി തന്നെ ബാധിക്കുമെന്നും സംസ്ഥാനത്തെ അദ്ദേഹം ഓര്‍മപ്പെടുത്തി. മാത്രമല്ല, ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ മുഴുവനും സംസ്ഥാനം വഹിക്കണമെന്നും അദ്ദേഹത്തിന്റെ ബഞ്ച് ഉത്തരവിട്ടു.

സുല്‍ഫിക്കര്‍ ഹൈദര്‍ കേസില്‍, ആറ് കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റിയതിന് യു പി സര്‍ക്കാറിനെ അദ്ദേഹത്തിന്റെ ബഞ്ച് രൂക്ഷമായി വിമര്‍ശിക്കുകയും ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ന്യൂനപക്ഷാവകാശങ്ങള്‍ക്ക് എന്നും പ്രാധാന്യം കല്‍പ്പിച്ചിരുന്ന ഒരു വ്യക്തിത്വം കൂടിയായിരുന്നു ജസ്റ്റിസ് ഓക.
പൂര്‍ണമായും, ജുഡീഷ്യല്‍ അച്ചടക്കത്തില്‍ വിശ്വസിക്കുകയും സദാചാര പോലീസിംഗില്‍ ഏര്‍പ്പെടാനും അനാവശ്യ അഭിപ്രായങ്ങള്‍ പറയാനും ജഡ്ജിമാര്‍ നടത്തുന്ന ശ്രമങ്ങളെ നിഷ്‌കരുണം തടയുകയും ചെയ്തു. “ജഡ്ജിമാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നായിരുന്നു’ അദ്ദേഹത്തിന്റെ വീക്ഷണം.

സീനിയര്‍ പദവി ചുരുക്കം ചിലരുടെ മാത്രം കുത്തകയല്ലെന്നും വിചാരണാ കോടതികളിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ സീനിയര്‍ അഭിഭാഷകരായി നിയമിക്കുന്നതിനുള്ള വാതിലുകള്‍ തുറന്നിടുകയും ചെയ്തു. നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ പൗരന്മാരുടെ വിശ്വാസം ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം പലതവണ പറയുകയും ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജനകീയ വികാരങ്ങള്‍ക്ക് വിരുദ്ധമായി, കോടതി ചടങ്ങുകളില്‍ പൂജകള്‍ പോലുള്ള മതപരമായ ആചാരങ്ങള്‍ നടത്തുന്നതിനെ അദ്ദേഹം അപലപിച്ചു. ദുരുദ്ദേശ്യപരമായി കോടതിയെ സമീപിക്കരുതെന്നും സത്യസന്ധതയെ കൈവിടരുതെന്നും പലപ്പോഴും അദ്ദേഹം ഓർമപ്പെടുത്തിയതായി കാണാം.

സുപ്രീം കോടതിയിലെ സേവന കാലത്തും അദ്ദേഹം അവധിയെടുത്തത് ഒരു ദിവസം മാത്രമായിരുന്നു. ബോംബെ ഹൈക്കോടതിയിലെ 12 വര്‍ഷ സേവന കാലയളവില്‍ ഒരു ദിവസം പോലും അവധിയെടുക്കാതെ താനെയില്‍ നിന്ന് മുംബൈയിലേക്ക് ദിവസേന അദ്ദേഹം യാത്ര ചെയ്തിരുന്നതായി കൂടെയുള്ളവര്‍ ഓര്‍മിക്കുന്നു. രാത്രിയില്‍ ഏറെ നേരം ഉണര്‍ന്നിരുന്ന് ഓരോ വിഷയവും ശ്രദ്ധാപൂര്‍വം വായിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്യുമായിരുന്നു. ആരുടെയും മുന്നില്‍ തലകുനിക്കാതെ നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതിയാകാന്‍ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങുന്നത്.

 

---- facebook comment plugin here -----