Kerala
ഉത്തരേന്ത്യയിൽ ഒരു ബി ജെ പി, കേരളത്തിൽ മറ്റൊരു ബി ജെ പി എന്നൊന്നില്ല; ക്രൈസ്തവ സഭകളെ ഓർമപ്പെടുത്തി മന്ത്രി ശിവൻകുട്ടി
ബി ജെ പിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യം

തിരുവനന്തപുരം | ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും ബി ജെ പി അനുകൂല നിലപാടിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ഉത്തരേന്ത്യയിൽ ഒരു ബി ജെ പി, കേരളത്തിൽ മറ്റൊരു ബി ജെ പി എന്നൊന്നില്ലെന്നും ബി ജെ പിയുടെ യഥാർഥ മുഖം ഒരെണ്ണമേ ഉള്ളൂവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ മുഖംമൂടിയാണ് ബി ജെ പി നേതാക്കൾ അണിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശക്തമായതിനാലാണ് അവരുടെ യഥാർഥ മുഖം വെളിയിൽ കാണിക്കാത്തത്. അവസരം കിട്ടിയാൽ അതവർ പുറത്തു കാണിക്കും.
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്.
ബി ജെ പിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഇത് ആഗോള തലത്തിൽ തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.
കെ സി ബി സി പ്രസിഡൻ്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.
ഇപ്പോൾ അവർ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കിൽ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും. ഛത്തീസ്ഗഡിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഉള്ള അക്രമം. കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തിൽ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണ്. മതേതര ശക്തികൾക്ക് ശക്തി പകർന്നാൽ മാത്രമേ ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ ശക്തമായി പ്രതിരോധിക്കാനാകൂ എന്ന് ഓർമിക്കണം.