Connect with us

Kerala

കുടിശ്ശികയുള്ള ഫയലുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കും

കൂടുതല്‍ ഫയലുകള്‍ തീര്‍പ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ ഓഫീസുകളിലും റെഗുലേറ്ററി അതോറിറ്റികളിലും 2025 മേയ് 31 വരെ കുടിശ്ശികയുള്ള ഫയലുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റില്‍ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ ഓഫീസുകളില്‍ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 10,728 (40.74%) ഫയലകളും തീര്‍പ്പാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ്. 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ, 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പില്‍ 46.30 ശതമാനവും ധനകാര്യ വകുപ്പില്‍ 42.72 ശതമാനവും നിയമ വകുപ്പില്‍ 42.03 ശതമാനവും പൂര്‍ത്തിയായി. വകുപ്പ് അധ്യക്ഷന്‍മാരുടെ ഓഫീസുകളില്‍ ഏറ്റവും കൂടതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയത് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തിലാണ്, 76.27 ശതമാനം.

സൈനിക ക്ഷേമം 72.24 ശതമാനവും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് 64.41 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി. റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 57.21 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി കെ എസ് ഇ ബിയാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍ എസ് ജി ഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.

ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തില്‍ വിലയിരുത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേല്‍നോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തില്‍ നടത്തുന്ന പുരോഗതി വിലയിരുത്തല്‍ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയല്‍ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകള്‍ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

 

Latest