Articles
ചുരുങ്ങിയത് സുരക്ഷിത കേരളമെങ്കിലുമാകൂ
കൃത്യമായ കണക്കിപ്പോഴും ഇല്ലെങ്കിലും നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ നഷ്ടമായി. അനേകായിരം മനുഷ്യരുടെ മണ്ണും മറ്റു ജീവനോപാധികളും നഷ്ടമായി. ദുരന്തം അനുഭവിച്ച മനുഷ്യരോട് നമ്മള്‍ എത്രമാത്രം നീതി പുലര്‍ത്തി എന്നത് ഒരു പ്രധാന ചോദ്യമാണ്. അവര്‍ക്ക് താത്കാലികമായ ആശ്വാസങ്ങള്‍ നല്‍കി എന്നത് മറക്കുന്നുമില്ല. കേവല കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറം ആ മനുഷ്യര്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ട് എന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്.

ചൂരല്‍മല – മുണ്ടക്കൈ വയനാട് ദുരന്തത്തിന് ശേഷം ഒരു വര്‍ഷം കടന്നുപോയിരിക്കുന്നു. കൃത്യമായ കണക്കിപ്പോഴും ഇല്ലെങ്കിലും നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ അവിടെ നഷ്ടമായി. അനേകായിരം മനുഷ്യരുടെ മണ്ണും മറ്റു ജീവനോപാധികളും നഷ്ടമായി. അവിടെ ദുരന്തം അനുഭവിച്ച മനുഷ്യരോട് നമ്മള്‍ എത്രമാത്രം നീതി പുലര്‍ത്തി എന്നത് ഒരു പ്രധാന ചോദ്യമാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ളവര്‍ കൈയയച്ച് സഹായിച്ചിട്ടും സര്‍ക്കാറിന്റെ കൈയില്‍ 750 കോടിയിലധികം രൂപ കിട്ടിയിട്ടും ഇപ്പോഴും അവിടെ ഒരു വീട് പോലും പുനര്‍നിര്‍മിക്കാനായിട്ടില്ല. വീട് വെക്കാന്‍ നിരവധി നല്ല വ്യക്തികളും സംഘടനകളും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. അവര്‍ക്ക് താത്കാലികമായ ആശ്വാസങ്ങള്‍ നല്‍കി എന്നത് മറക്കുന്നുമില്ല. കേവല കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറം ആ മനുഷ്യര്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ട് എന്ന് എല്ലാവരും ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. സ്ഥലം ലഭ്യമായിരുന്നെങ്കില്‍ പലരുടെയും സഹായത്തോടെ അവരൊക്കെ സ്വന്തമായി വീട് വെക്കുമായിരുന്നില്ലേ? ഒരു സ്ഥാപനം തന്നെ എല്ലാ വീടുകളും നിര്‍മിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കേണ്ടതുണ്ടായിരുന്നോ? സ്ഥലം ലഭ്യമാക്കാന്‍ ഇത്ര കാലതാമസം ഉണ്ടായത് എന്തുകൊണ്ട്? എന്തായാലും സുരക്ഷക്കും സമാശ്വാസത്തിനും നമ്മള്‍ കാട്ടിയ ജാഗ്രത പുനരധിവാസത്തില്‍ ഉണ്ടായില്ലെന്നത് സത്യം.
ഇതുപോലെ തന്നെ പ്രധാനമായ മറ്റൊരു വിഷയമാണ് ആ ദുരന്തത്തില്‍ നിന്ന് നമ്മള്‍ എന്ത് പാഠങ്ങള്‍ പഠിച്ചു എന്നത്. ഇക്കാര്യത്തില്‍ ഒരന്വേഷണം നടത്താന്‍ പോലും മാധ്യമങ്ങളോ രാഷ്ട്രീയ കക്ഷികളോ തയ്യാറായിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. കാലാവസ്ഥാ മാറ്റവും അനുബന്ധമായുണ്ടാകുന്ന തീവ്രമഴയും ഇന്ന് ആര്‍ക്കും നിഷേധിക്കാനാകാത്ത സത്യങ്ങളാണ്. ഇതെഴുതുന്നതിന് രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍, പ്രത്യേകിച്ചും മധ്യ വടക്കന്‍ ഭാഗത്ത് അതി തീവ്ര മഴമുന്നറിയിപ്പുണ്ടായത്. നല്ല മഴ പെയ്യുകയും ചെയ്തു. തത്കാലം ഒന്ന് കുറഞ്ഞിട്ടുണ്ട്. പക്ഷേ ഇനിയും അത് വരാനുള്ള സാധ്യത ഏറെയാണ്. വയനാട് അടക്കം പല ജില്ലകളിലും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായി. ഏറെ പ്രതീക്ഷയോടെ നിര്‍മിച്ച് കൊണ്ടിരിക്കുന്ന ദേശീയ പാത തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി വലിയ നാശം നേരിട്ടുകൊണ്ടിരിക്കുന്നു. 16 ഇടങ്ങളില്‍ പാതക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. അതിതീവ്രമഴ ഇനിയും ഉണ്ടായാല്‍ മറ്റു പലയിടങ്ങളിലും ഇതുപോലെ വിനാശമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിന്റെ നിര്‍മാണ രീതികള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ തക്ക ശേഷിയില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്. 2018ലെ മഹാപ്രളയത്തിനു ശേഷം കേന്ദ്ര സര്‍ക്കാറും യു എന്നും എ ഡി ബിയും ലോക ബേങ്കും ചേര്‍ന്ന് നടത്തിയ വിശദമായ പഠന റിപോര്‍ട്ട് ഉണ്ട്. പി ഡി എന്‍ എ (പോസ്റ്റ് ഡിസ്സാസ്റ്റര്‍ നീഡ്‌സ് അനാലിസിസ് അഥവാ ദുരന്താനന്തര ആവശ്യങ്ങളെ സംബന്ധിച്ചുള്ള വിശകലന) റിപോര്‍ട്ട് സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയതാണ്. ഇതുപോലെ മറ്റു നിരവധി പഠനങ്ങള്‍ ഉണ്ടെങ്കിലും വിസ്താര ഭയത്തല്‍ ഇത് മാത്രം ഇവിടെ പരിഗണിക്കുന്നു. ലോകത്തെവിടെയും ദുരന്തങ്ങള്‍ സംഭവിച്ചാല്‍ മേല്‍ നടപടികള്‍ സംബന്ധിച്ച് ഇത്തരം പഠനങ്ങള്‍ ഇവര്‍ നടത്താറുണ്ട്. നേപ്പാള്‍ ഭൂചലനം, ശ്രീലങ്കയിലെ ദുരന്തം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ഇത് സര്‍ക്കാര്‍ രേഖയാണ്.
മുന്‍കരുതലുകള്‍ സംബന്ധിച്ച് പി ഡി എന്‍ എ റിപോര്‍ട്ടില്‍ പറയുന്നത് നോക്കുക. ഇടുക്കിയും വയനാടും പാരിസ്ഥിതികമായി ഏറെ ദുര്‍ബല പ്രദേശമാണ്. പ്രളയവും ഉരുള്‍പൊട്ടലുകളും ഉണ്ടാകുന്നത് തടയാന്‍ ഭൂവിനിയോഗ രീതികളില്‍ കാതലായ മാറ്റങ്ങള്‍ വേണം. വനഭൂമി മാത്രമല്ല നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാറ്റാന്‍ പാടില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വന്തം പ്രദേശത്തെ ഭൂമി ദുരന്ത സാധ്യതയും പാരിസ്ഥിതിക ദൗര്‍ബല്യങ്ങളും അനുസരിച്ച് മേഖലകളാക്കി തിരിക്കണം. പാരിസ്ഥിതിക ദുര്‍ബലം എന്ന് ഗാഡ്ഗില്‍ റിപോര്‍ട്ട് ചൂണ്ടിക്കാണിച്ച ഇടങ്ങളില്‍ തന്നെയാണ് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത് എന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ഓരോ മേഖലയിലും സ്വീകരിക്കേണ്ട നിര്‍മാണ രീതികളെ കുറിച്ചാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഈ മേഖലകളില്‍ പരിസ്ഥിതി സൗഹൃദ സാമഗ്രികളും നിര്‍മാണ രീതിയും ഉപയോഗിക്കണം. ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഓടും സിമന്റും ഇടുന്നത് കുറക്കണം. പുതിയ കേരളം ഹരിത കേരളമായിരിക്കും. ഒരു സുസ്ഥിര കെട്ടിട നിര്‍മാണ മാര്‍ഗ നിര്‍േദശം (ഗ്രീന്‍ ബില്‍ഡിംഗ് കോഡ്) ഉണ്ടാകണം. ഹരിത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് മണല്‍, കരിങ്കല്‍, സിമന്റ് മുതലായവയുടെ ഉപഭോഗം കുറക്കണം. നാടിനു ചേരാത്ത സാങ്കേതിക വിദ്യകള്‍ ഉപേക്ഷിക്കണം. ലാറി ബേക്കര്‍, ഹാബിറ്റാറ്റ്, കോസ്റ്റഫോര്‍ഡ്, നിര്‍മിതി കേന്ദ്ര മുതലായ സ്ഥാപനങ്ങളാകും മാതൃക. മുള, മണ്ണിന്റെ ഇഷ്ടിക മുതലായവ കൂടുതല്‍ ഉപയോഗിക്കണം. വീട്ടിനകത്തെ ഊര്‍ജ ഉപഭോഗം കുറക്കുന്ന വിധത്തില്‍ നിര്‍മാണം നടത്തണം. ചെരിഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഉരുള്‍പൊട്ടലിന് കൂടുതല്‍ ഇരകളാകുന്നത്. അവിടെ കര്‍ശനമായ ഭൗമശാസ്ത്ര പരിശോധനകള്‍ക്കു ശേഷം മാത്രമേ നിര്‍മാണങ്ങള്‍ നടത്താന്‍ പാടുള്ളൂ. ഓരോ പ്രദേശങ്ങളിലെയും മണ്ണിന്റെ ഘടന പരിശോധിച്ച ശേഷം കെട്ടിട നിര്‍മാണം സാധ്യമെന്ന് ഉറപ്പു വരുത്താതെ ഒട്ടനവധി കെട്ടിടങ്ങള്‍ നിര്‍മിച്ചതാണ് പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും രൂക്ഷത വര്‍ധിപ്പിച്ചത്. ഭാവി ദുരന്തങ്ങള്‍ കുറക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍മാണ മേഖലകളില്‍ വേണം എന്നാണ് പറയുന്നത്. ദുരന്ത സാധ്യതാ ഭൂപടം കൃത്യമായി ഉണ്ടാക്കിയാല്‍ അത് പാരിസ്ഥിതിക ദുര്‍ബലതയുടെ ഭൂപടം തന്നെയാകും എന്നര്‍ഥം. ഇതിനെല്ലാം പുറമെ നിരവധി പ്രദേശങ്ങളെ ‘വികസനരഹിത മേഖലകളായി’ പ്രഖ്യാപിക്കണമെന്നും ഈ സര്‍ക്കാര്‍ റിപോര്‍ട്ടില്‍ തന്നെ പറയുന്നു.
എല്ലാ മേഖലകളിലും എല്ലാ കെട്ടിടങ്ങള്‍ക്കും മലിനജല സംസ്‌കരണ സംവിധാനം ഉണ്ടായിരിക്കണം. മലിനജലം സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുകയോ ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യുകയോ വേണം. ജലമാനേജ്‌മെന്റിനുള്ള സംവിധാനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കണം. വളരെ ഉയര്‍ന്ന പ്രദേശത്തുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കണം. ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടിപ്രദേശം സംരക്ഷിക്കണം. നദികളുടെ ഒഴുക്ക് തിരിച്ചുവിടാന്‍ പാടില്ല.
ഖനനം, വ്യവസായങ്ങള്‍, വൈദ്യുത പദ്ധതികള്‍, റോഡുകള്‍ മുതലായവയുടെ നിര്‍മാണങ്ങള്‍ സംബന്ധിച്ചും കര്‍ശനമായ നിര്‍ദേശങ്ങള്‍ ഈ റിപോര്‍ട്ടിലുണ്ട്. പക്ഷേ ചോദ്യം മറ്റൊന്നാണ്. ഇതില്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നുണ്ടോ? ഖേദത്തോടെ പറയട്ടെ, ഇല്ല. വികസനത്തിന്റെ സമ്മര്‍ദങ്ങള്‍ എന്നൊക്കെ നമുക്ക് പറഞ്ഞൊഴിയാം. പക്ഷേ വികസനത്തേക്കാള്‍ മുന്‍ഗണന സുരക്ഷക്കല്ലേ? ഇതിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചിരുന്നു എങ്കില്‍ പാടങ്ങള്‍ നികത്തിയും കുന്നിടിച്ചും നീരൊഴുക്ക് തടഞ്ഞും നെടുനീളന്‍ മതിലായി പാതകള്‍ നിര്‍മിക്കില്ലായിരുന്നു. നെല്‍വയലുകള്‍ ഒരു വിധ നിയന്ത്രണങ്ങളുമില്ലാതെ നികത്താന്‍ അനുമതി കൊടുക്കില്ലായിരുന്നു. ദുര്‍ബല മേഖലകളില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കില്ലായിരുന്നു. തുരങ്ക പാതകള്‍ കൊണ്ടുവരുമ്പോള്‍ അല്‍പ്പം കൂടി ആലോചിക്കുമായിരുന്നു. ഇത്തരത്തില്‍ ഒരു പുനര്‍ വിചിന്തനത്തിനു തയ്യാറായാല്‍ മാത്രമേ പുതിയ കേരളം ഹരിത കേരളമായി മാറൂ. ചുരുങ്ങിയത് സുരക്ഷിത കേരളമെങ്കിലുമാകൂ. വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് നല്ല പുനരധിവാസം ഒരുക്കുന്നതോടൊപ്പം വരും കാല കേരളത്തെ കൂടി കാണാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു.