Articles
ശുഭകരമാണ് കേരളത്തിന്റെ ഭാവി
സംസ്ഥാന രൂപവത്കരണ കാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്ര പ്രദേശമായിരുന്നു കേരളം. 1959-60ല്‍ ഇന്ത്യയിലെ ദാരിദ്ര്യം 45 ശതമാനം ആയിരുന്നത് കേരളത്തില്‍ 69 ശതമാനമായിരുന്നു. എന്നാല്‍ ഇന്ന് നിതി ആയോഗിന്റെ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ ദാരിദ്ര്യം 0.48 ശതമാനം മാത്രമാണ്. ഇന്ത്യയിലേത് 11.28 ശതമാനവും. ജീവിത ഗുണപരതയുള്‍പ്പെടെ ഏത് കണക്കെടുത്താലും ഒന്നാം സ്ഥാനത്ത് കേരളമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മഹാ വിജയ കഥകളാണ് കേരളത്തിന്റെ കരുത്ത്. സംസ്ഥാന രൂപവത്കരണ കാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്ര പ്രദേശമായിരുന്നു കേരളം. 1959-60ല്‍ ഇന്ത്യയിലെ ദാരിദ്ര്യം 45 ശതമാനമായിരുന്നുവെങ്കിൽ കേരളത്തിലേത് 69 ശതമാനമായിരുന്നു. എന്നാല്‍ ഇന്ന് നിതി ആയോഗിന്റെ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ ദാരിദ്ര്യം 0.48 ശതമാനം മാത്രമാണ്. ഇന്ത്യയിലേത് 11.28 ശതമാനവും. ജീവിത ഗുണപരതയുള്‍പ്പെടെ ഏത് കണക്കെടുത്താലും ഒന്നാം സ്ഥാനത്ത് കേരളമാണ്.
1970കളില്‍ തന്നെ സാമൂഹിക- സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയ ഒരു കാര്യം, ദരിദ്ര സംസ്ഥാനമായിട്ടു കൂടി സാക്ഷരത, ശിശുമരണ നിരക്ക് തുടങ്ങിയവയില്‍ കേരളം മറ്റു പ്രദേശങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതായിരുന്നു. ഈ മുന്നേറ്റമാണ് പിന്നീട് കേരള മോഡല്‍ എന്ന പ്രയോഗത്തിന് പ്രചോദനമേകിയത്. മാനുഷിക വിഭവശേഷിക്ക് പ്രാധാന്യം കൊടുക്കുന്ന വികസന നയം പിന്തുടര്‍ന്നതാണ് കേരളത്തിന്റെ നേട്ടങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം. ഇത് സാമ്പത്തിക വളര്‍ച്ചയിലേക്കും തുടര്‍ന്ന് മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്കും നയിച്ചു എന്നുള്ളതാണ് വസ്തുത. 1990കള്‍ വരെ ആളോഹരി വരുമാനം ഇന്ത്യന്‍ ശരാശരിയേക്കാള്‍ താഴെയായ കേരളം പുതിയ നൂറ്റാണ്ടില്‍ കുതിച്ചുയര്‍ന്ന് ഇന്നത് ഇന്ത്യന്‍ ശരാശരിയുടെ ഏറെ മുകളിലാണ്. 2004-2019 കാലഘട്ടത്തിലെ 15 വര്‍ഷമാണ് ഈ കുതിച്ചു ചാട്ടത്തിന് നിദാനമായത്.
സാമ്പത്തിക വളര്‍ച്ചയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ഇക്കാലം ഏറെ മുന്നേറി. 2019ല്‍ ശരാശരി ആളോഹരി വരുമാനം കൂടിയത് 96.4 ശതമാനമാണ്. ആകെ വരുമാനത്തിന്റെ 12.5 ശതമാനം മാത്രമാണ് പുറമെ നിന്നുള്ളത്. ആഭ്യന്തര വരുമാന വര്‍ധന 101.5 ശതമാനവും പുറം വരുമാന വര്‍ധന 66.8 ശതമാനവുമാണ്. കേരളത്തിന്റെ കുതിച്ച് ചാട്ടത്തിനുള്ള പ്രധാന കാരണം ആഭ്യന്തര വളര്‍ച്ചയാണെന്നാണ് ഇത് കാണിക്കുന്നത്. ഉപഭോഗ ചെലവിലുള്ള വര്‍ധന 37 ശതമാനമാണ്. ജീവിത ഗുണപരതാ വസ്തുക്കളുടെ വര്‍ധന ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഉദാഹരണത്തിന് മത്സ്യ മാംസാദികളുടെയും മുട്ടയുടെയും ഉപഭോഗ ചെലവില്‍ 356.6 ശതമാനം വര്‍ധനവുണ്ടായി. ഈ കാലത്ത് വീടുകളില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. അടുക്കളയിലെ ഗ്യാസിന്റെ ഉപയോഗം 49 ശതമാനത്തില്‍ നിന്ന് 82 ശതമാനമായിട്ടുണ്ട്. 91.3 ശതമാനം വീടുകളില്‍ ശുദ്ധമായ കുടിവെള്ള സ്രോതസ്സ് ലഭ്യമാണ്.
2004ല്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം ഉണ്ടായിരുന്ന പാലക്കാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ തലയെണ്ണല്‍ കണക്ക് പ്രകാരം ദാരിദ്ര്യ സൂചികയില്‍ വന്ന കുറവ് ശുഭ സൂചനയായി കാണാം. ദാരിദ്ര്യത്തിന്റെ തീവ്രത അളക്കുന്ന ദാരിദ്ര്യ വിടവ് അനുപാതം (പി ജി ആര്‍) കേരളത്തിലെ ഗ്രാമങ്ങളില്‍ 5.7 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായും നഗരങ്ങളില്‍ 4.6 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായും കുറഞ്ഞു. ഇതുപ്രകാരം സമീപഭാവിയില്‍ തന്നെ ദാരിദ്ര്യമുക്ത കേരളമെന്ന ലക്ഷ്യം സാധ്യമാകുമെന്നുറപ്പാണ്. ഇടത്തരക്കാരുടെ സമൂഹമായി കേരളം മാറി. താഴെക്കിടയിലുള്ളവര്‍ക്ക് വിവിധ തരം സാമൂഹിക സുരക്ഷാ പെന്‍ഷനുള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പിന്തുണ ലഭിച്ചതു കൊണ്ടാകാം വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായ ഈ ഘട്ടത്തില്‍ അസമത്വത്തിന്റെ സൂചികയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. സ്ഥിരതയാര്‍ന്ന ജനസംഖ്യയാണ് ഇപ്പോഴുള്ളത്. ശരാശരി ജനന നിരക്ക് ഇപ്പോള്‍ 1.8 ആണ്. എന്നാല്‍ കുട്ടികളുടെ അനുപാതം കുറയുകയും മുതിര്‍ന്നവരുടെ ആശ്രിതത്വം കൂടുകയും ചെയ്തു.
സംസ്ഥാന വരുമാനത്തിന്റെ 72.3 ശതമാനം തൊഴിലില്‍ നിന്നാണ്. പുരുഷന്മാരില്‍ 49 ശതമാനവും സ്ത്രീകളില്‍ 16.2 ശതമാനവുമാണ് തൊഴിലുള്ളവര്‍. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ 3.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 48 ശതമാനം പേര്‍ പണിയെടുക്കുന്ന സേവന മേഖലയാണ് മൊത്തം തൊഴില്‍ വരുമാനത്തിന്റെ 64.8 ശതമാനവും. ശരാശരി തൊഴില്‍ വരുമാനം 15,464 രൂപയാണ്. തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനമാണ്. ഇത് 2004ലെ 15.1 ശതമാനത്തില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല.
പ്രതീശീര്‍ഷ മാസച്ചെലവില്‍ 36.8 ശതമാനം വര്‍ധനവുണ്ടായി. കുടുംബങ്ങളുടെ കടബാധ്യതയില്‍ 82.2 ശതമാനം വര്‍ധന ഉണ്ടായി. വിവാഹ, ചികിത്സാ ചെലവുകളിലുണ്ടായ ഉയര്‍ച്ചയാണിതിന് കാരണം.
സമ്പദ് വ്യവസ്ഥയുടെ മാറ്റങ്ങളുടെ ഭാഗമായി ജീവിത സാഹചര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടായി. പോഷകാഹാരങ്ങളുടെ വര്‍ധനവും ധാന്യങ്ങളുടെ ഉപയോഗത്തിലെ കുറവും ശ്രദ്ധേയമാണ്. വേഷങ്ങളില്‍ മാറ്റം പ്രകടമാണ്. മുസ്‌ലിം സ്ത്രീകളില്‍ ഹിജാബിന്റെ ഉപയോഗം 31.6 ശതമാനത്തില്‍ നിന്ന് 66.4 ശതമാനമായി മാറി. കോളജ് പ്രായത്തിലെ പെണ്‍കുട്ടികളിലിത് 9.1 ശതമാനമാണ്.
രാജ്യം വലിയ തോതില്‍ വര്‍ഗീയവത്കരിക്കപ്പെട്ട കാലത്തും കേരളത്തില്‍ ജാതി, മത സ്വാധീനത്തിലുള്ള രാഷ്ട്രീയം പൊതുവില്‍ അംഗീകരിക്കപ്പെടുന്നില്ലായെന്നതാണ് കണക്കുകള്‍ പറയുന്നത്. ഭരണനിര്‍ഹണത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്, നേരത്തേതില്‍ നിന്ന് മാറി സംസ്ഥാന സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനേക്കാള്‍ മികവ് കാണിക്കുന്നു എന്നതാണ്.
ചുരുക്കത്തില്‍ അതിവേഗം മുന്നോട്ട് കുതിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ ഒരു സമൂഹത്തെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനം 2.0 എന്നതിലൂടെ വ്യക്തമാകുന്നത്. ഭൂരിഭാഗവും ദരിദ്രരായ മനുഷ്യരുള്‍ക്കൊള്ളുന്ന ഒരു സമൂഹം, ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന, ഇടത്തരക്കാര്‍ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ നേടിയ മാനുഷിക വിഭവശേഷിയാണ് ഈ നേട്ടങ്ങളുടെ ആധാരശില. എന്നാല്‍ ഇതിനനുസൃതമായ തൊഴിലുകളുടെ അഭാവമാണ് ഈ നേട്ടത്തിലും മോശം പ്രവണതയായി കാണുന്നത്. ബഹുഭൂരിപക്ഷവും 10,000 രൂപക്കടുത്ത് വരുമാനമുള്ള തൊഴിലുകളാണ് ചെയ്യുന്നത്. ഇത് ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുന്ന തൊഴിലുകളെ ഇവിടെ എങ്ങനെ സൃഷ്ടിക്കാമെന്നതാണ് ഈ പുരോഗതിയിലും നവ കേരളം നേരിടുന്ന കടുത്ത വെല്ലുവിളി. വൈജ്ഞാനിക നൈപുണി വികാസത്തിനുതകുന്ന ഉന്നത വിദ്യാഭ്യാസവും അതിന് സഹായകരമായ അടിസ്ഥാന വിദ്യാഭ്യാസവും വേഗത്തില്‍ ലഭ്യമാക്കിയാണ് ഈ പ്രതിസന്ധി തരണം ചെയ്യേണ്ടത്.
പൊതുവില്‍ അനുകൂലമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നൂതനാവിഷ്‌കാരങ്ങള്‍ ഭീഷണിയായി കാണാതെ അതുപയോഗിച്ച് മുന്നേറാനുള്ള അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്തണം. അപ്പോള്‍ മാത്രമേ ശുഭപ്രതീക്ഷയോടെയുള്ള കേരള മോഡല്‍ അതിന്റെ പാരമ്യത്തിലെത്തൂ. മാറ്റങ്ങളെ അവസരമായി കാണാന്‍ കഴിയുകയെന്നതാണ് പരമപ്രധാനം.