Connect with us

Articles

വോട്ടർ പട്ടിക: പുറന്തള്ളലിന്റെ ബിഹാര്‍ മോഡല്‍

നിയമപരമായ അടിത്തറയില്ലാത്തതാണ് ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍. നിയമപരമായ പിന്‍ബലമെന്താണെന്നതിന് ശരിയായ ഉത്തരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാകുന്നില്ല.

Published

|

Last Updated

ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടികളില്‍ പ്രതിഷേധിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് “ഇന്ത്യ’ സഖ്യം. അത്രയൊക്കെ വേണോ എന്നാണ് ചോദ്യമെങ്കില്‍ കീഴ്്വഴക്കമനുസരിച്ചോ പരിചിത വഴികളിലൂടെയോ അല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഞ്ചാരമെന്നാണ് ഉത്തരം. കഴിഞ്ഞ മാസമാണ് ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചത്. വര്‍ധിത നഗര കുടിയേറ്റത്തിന്റെയും ഇരട്ട വോട്ടുകളുടെയും പശ്ചാത്തലത്തില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പ്രസ്തുത ദൗത്യത്തെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍വചിച്ചിരിക്കുന്നത്.

നിയമത്തിലുള്ളതാണോ ഈ പരിഷ്‌കരണം

1950ലെ ജനപ്രാതിനിധ്യ നിയമത്തിലോ 1960ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സിലോ കാണാന്‍ സാധിക്കാത്തതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ തുടക്കമിട്ടിരിക്കുന്ന ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’. സ്‌പെഷ്യല്‍ റിവിഷനും ഇന്റന്‍സീവ് റിവിഷനും നിയമങ്ങളില്‍ കാണാമെങ്കിലും സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെന്ന മിശ്രിതം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം സൃഷ്ടിയാണ്. അതുവഴി ദശലക്ഷക്കണക്കിന് വോട്ടര്‍മാരോടാണ് കമ്മീഷന്‍ പൗരത്വത്തിന്റെ സമഗ്ര രേഖകള്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുള്ള ഒരു ഭരണപരമായ നടപടിയെ പൗരത്വ പരിശോധനയാക്കി മാറ്റിയിരിക്കുന്നു കമ്മീഷന്‍. ഭരണഘടനയോ നിയമങ്ങളോ കമ്മീഷനെ അതനുവദിക്കുന്നില്ലെന്നതാണ് സത്യം.

വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിനെ പൗരത്വം തീരുമാനിക്കുന്ന ഏര്‍പ്പാടാക്കി മാറ്റുന്നതില്‍ നിയമ വ്യാഖ്യാനങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല ഉള്ളത്. പ്രായപൂര്‍ത്തി വോട്ടവകാശമെന്ന ഭരണഘടനാ ആശയത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അമിതാധികാര പ്രവൃത്തികള്‍. നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണെന്ന് ഉദ്‌ഘോഷിക്കുന്ന പ്രധാന മൗലികാവകാശത്തെ നിഷേധിക്കുക കൂടിയാണ് ബിഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം.
അടിത്തറയെന്ത്? അവ്യക്തതകളുണ്ട്.

കഴിഞ്ഞ ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കുറിപ്പില്‍ 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21ാം വകുപ്പ് പ്രകാരം സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടത്താനുള്ള അധികാരം കമ്മീഷനുണ്ടെന്ന് അവകാശപ്പെടുന്നു. എന്നാല്‍ പ്രസ്തുത നിയമത്തിലെ 21ാം വകുപ്പിലോ 1960ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സിലോ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ എന്ന പരാമര്‍ശമില്ല. അത്തരമൊരു ദൗത്യവുമില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 21ാം വകുപ്പില്‍ റിവിഷനെക്കുറിച്ചും സ്‌പെഷ്യല്‍ റിവിഷനെക്കുറിച്ചുമുള്ള പരാമര്‍ശമുണ്ട്. രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സില്‍ നടപടിക്രമങ്ങള്‍ക്കുള്ള രണ്ട് മാര്‍ഗങ്ങളായി ഇന്റന്‍സീവ് റിവിഷനും സമ്മറി റിവിഷനും വരുന്നുണ്ട്. അവിടെയും കാണാനാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവിയലാണ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍. നിയമപരമായ അടിത്തറയില്ലാത്തതിനാല്‍ ആ അവിയലിന് രുചിയത്ര പോരെന്നാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവ്യക്തതകള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കാനാകുന്നുമില്ല ബിഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെന്നത് രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഗുരുതര ഭീഷണിയുയര്‍ത്തുന്ന കാര്യമാണ്.

കഴിഞ്ഞ ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ബിഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് കമ്മീഷന് അധികാരം നല്‍കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പാണെന്ന് പറയുന്നുണ്ട്. അതായത് 21ാം വകുപ്പില്‍ പ്രത്യേക പരിഷ്‌കരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് 21(3) എന്ന ഉപവകുപ്പില്‍ മാത്രമാണ്. പക്ഷേ ഉപവകുപ്പില്‍ പറയുന്ന വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിഷ്‌കരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധ ബാധ്യതയല്ല. വേണമെങ്കില്‍ ചെയ്യാം എന്നാണ് വകുപ്പ് പറയുന്നത്. എന്നാല്‍ 21ാം വകുപ്പില്‍ മറ്റൊരിടത്തും വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിഷ്‌കരണത്തെക്കുറിച്ചുള്ള പരാമര്‍ശമില്ല. അതായത് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ ഉണ്ടാകേണ്ട പതിവ് പരിഷ്‌കരണമാണ് 21ാം വകുപ്പില്‍ മറ്റിടങ്ങളില്‍ പറയുന്നത്. അതാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധ ബാധ്യതയാണുതാനും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജൂണ്‍ 30ലെ കുറിപ്പില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 21(2)(എ) വകുപ്പ് പ്രകാരവും രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സ് പ്രകാരവുമാണ് ബിഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 21(2)(എ) വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത് നിര്‍ബന്ധ ഉത്തരവാദിത്വമാണ്.

വോട്ടര്‍ പട്ടികയിലെ പതിവ് പരിഷ്‌കരണത്തിനുള്ള നിര്‍ബന്ധ ഉത്തരവാദിത്വമാണത്. ജൂണ്‍ 24ല്‍ നിന്ന് മുപ്പതിലേക്കെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മലക്കം മറിഞ്ഞതാണിവിടെ കാണുന്നത്. ആദ്യം പ്രത്യേക പരിഷ്‌കരണത്തിന് അധികാരമുണ്ടെന്ന് കുറിപ്പിറക്കിയ കമ്മീഷന്‍ പ്രസ്തുത അധികാരം നിര്‍ബന്ധ സ്വഭാവത്തിലുള്ളതല്ലെന്ന് കണ്ടാണോ ദിവസങ്ങള്‍ക്ക് ശേഷം കളം മാറ്റി ചവിട്ടിയത്. അപ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടത് വോട്ടര്‍ പട്ടികയിലെ പതിവ് പരിഷ്‌കരണമാണെന്ന സത്യം ബാക്കിയാകുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പനുസരിച്ചുള്ള, വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിഷ്‌കരണം തന്നെയും സംസ്ഥാന വ്യാപകമായുള്ളതല്ലെന്ന് കാണാം. പ്രത്യേക സാഹചര്യത്തില്‍ ഏതെങ്കിലും മണ്ഡലത്തിലോ അതിന്റെ ഒരു ഭാഗത്തോ നടത്തുന്ന സ്‌പെഷ്യല്‍ റിവിഷനാണത്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള, വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിഷ്‌കരണം സംസ്ഥാന വ്യാപകമായ പരിഷ്‌കരണം അനുവദിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ പോലും ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ ന്യായങ്ങള്‍ അതിന് പര്യാപ്തമാണെന്ന് തോന്നുന്നില്ല. വേഗമേറിയ നഗരവത്കരണവും കുടിയേറ്റവും ഇരട്ട വോട്ടുമെല്ലാം വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിന് നിര്‍ബന്ധിതമാക്കുന്നു എന്നാണല്ലോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അതൊന്നും സാധൂകരിക്കുന്ന വസ്തുതകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടിട്ടുമില്ല.

ബിഹാറില്‍ ഇതാദ്യമല്ല

2024 ജൂണിനും നവംബറിനുമിടയില്‍ ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ഒരു സമ്മറി റിവിഷന്‍ നടത്തിയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌പെഷ്യല്‍ റിവിഷന്‍ വേണമെന്നാവശ്യപ്പെടുന്ന തരത്തിലുള്ള ക്രമക്കേടുകള്‍ സമ്മറി റിവിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. അപ്പോള്‍ പിന്നെ ഒരു സ്‌പെഷ്യല്‍ റിവിഷന് (ഇന്റന്‍സീവ് ഒഴിവാക്കിയാല്‍) ഉത്തരവിടാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തിന്റെ മാനദണ്ഡം എന്താണെന്നത് ദുരൂഹമാണ്. ആ ദുരൂഹത ചെന്നു തൊടുന്നത് പൗരത്വ പരിശോധനയിലാണ്.

നിയമപരമായ അടിത്തറയില്ലാത്തതാണ് ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍. നിയമപരമായ പിന്‍ബലമെന്താണെന്നതിന് ശരിയായ ഉത്തരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാകുന്നില്ല. അപ്പോള്‍ പിന്നെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തില്‍ തങ്ങളെ വീണ്ടും സ്വയം തെളിയിക്കേണ്ട അധിക ബാധ്യത ചുമത്തുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. അത് നമ്മുടെ ജനാധിപത്യത്തിന്റെ ഉള്‍ക്കൊള്ളല്‍ പാരമ്പര്യത്തിനെതിരാണ്. നിയമത്തിന് മുമ്പിലെ തുല്യതക്കും നിയമവാഴ്ചക്കുമെതിരായ നടപടിയാണ്. (തുടരും)

 

 

Latest