National
ഓണ്‍ലൈനായി വോട്ട് ഒഴിവാക്കാനാവില്ല; രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷന്‍
കര്‍ണാടകാ നിയമസഭാ തിഞ്ഞെടുപ്പില്‍ അലന്ദ് മണ്ഡലത്തില്‍ ഇത്തരം ചില ശ്രമങ്ങള്‍ നടന്നിരുന്നു. കൃത്യമായി അതിനെ തടഞ്ഞിരുന്നുവെന്നും ക്രമക്കേടുകള്‍ക്ക് ശ്രമമുണ്ടായതില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷന്‍.

ന്യൂഡല്‍ഹി | വോട്ടുകള്‍ വെട്ടിമാറ്റിയെന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ തെറ്റും അടിസ്ഥാന രഹിതവുമാണ്. വ്യക്തികളെ നേരിട്ട് കേള്‍ക്കാതെ ഓണ്‍ലൈനായി വോട്ട് ഒഴിവാക്കാനാവില്ല.
ഓണ്‍ലൈനായി വോട്ട് ഒഴിവാക്കുന്നതിന് സാധ്യതയില്ല. വോട്ടറിനെ കേള്‍ക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂര്‍ത്തീകരിക്കാനുമാകില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആക്ഷേപം 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതാണ്. കര്‍ണാടകാ നിയമസഭാ തിഞ്ഞെടുപ്പില്‍ അലന്ദ് മണ്ഡലത്തില്‍ ഇത്തരം ചില ശ്രമങ്ങള്‍ നടന്നിരുന്നു. കൃത്യമായി അതിനെ തടഞ്ഞിരുന്നുവെന്നും ക്രമക്കേടുകള്‍ക്ക് ശ്രമമുണ്ടായതില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷന്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നു, ദശലക്ഷക്കണക്കിനു പേരെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നു, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ തെളിവുകളുണ്ടെന്നും 100 ശതമാനം ഉറപ്പുള്ളത് മാത്രമാണ് പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.