Kerala
പത്തനംതിട്ട പോക്‌സോ കേസ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ
തിരുവല്ല ഡി വൈ എസ് പി. നന്ദകുമാര്‍, ആറന്മുള സി ഐ. പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്.

പത്തനംതിട്ട | പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിച്ചതില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാര്‍, ആറന്മുള സി ഐ. പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ അന്തസ്സിന് കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി.
കേസില്‍ കോന്നി മുന്‍ ഡി വൈ എസ് പി. രാജപ്പന്‍ റാവുത്തര്‍, സി ഐ. ശ്രീജിത്ത്, പത്തനംതിട്ട സി ഡബ്ല്യു സി ചെയര്‍മാന്‍ എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലീസ് വഴിവിട്ട സഹായം നല്‍കിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കിട്ടിയ പരാതിയില്‍ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പോലീസ് പ്രതിയെ സഹായിച്ചു. പിന്നീട് പേരിന് ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു ആറന്മുള പൊലീസിന് കൈമാറി. എന്നാല്‍, കൈമാറിക്കിട്ടിയ കേസില്‍ ആറന്മുള പോലീസും പ്രതിക്ക് സഹായമേകുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.