Articles
ഇല്ല, ഗസ്സ കീഴടങ്ങില്ല
ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചടക്കലും അധികാരം നടപ്പാക്കലും അത്ര എളുപ്പമാകില്ല. ഗസ്സാ മുനമ്പിന്റെ നിയന്ത്രണം അറബ് കണ്‍സോര്‍ഷ്യത്തിന് നല്‍കുക, മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയെ ഏല്‍പ്പിക്കുക, ഇസ്റാഈല്‍ നേരിട്ട് ഭരണം നിര്‍വഹിക്കുക തുടങ്ങിയ സാധ്യതകളാണ് തന്റെ മുമ്പിലുള്ളതെന്ന് നെതന്യാഹു സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏതെടുത്താലും സൈ്വരമായിരിക്കാന്‍ നെതന്യാഹുവിന് സാധിക്കില്ല. ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് മാത്രമേ ആര്‍ക്കും ജീവിക്കാനാകൂ.

‘ഞാന്‍ ഗസ്സയിലെ ശുജയ്യക്കാരിയാണ്. എന്റെ നാടിന്റെ പേരിനര്‍ഥം ‘ധൈര്യം’ എന്നാണ്. ഞങ്ങള്‍ ധീരരും അഭിമാനികളുമാണ്. ഗസ്സക്കാരെല്ലാവരും അങ്ങനെയാണ്. ജനങ്ങളുടെ ശക്തി, സഹിഷ്ണുത, ക്ഷമ, നാടിനോടുള്ള അചഞ്ചലമായ സ്നേഹം എന്നിവയാണ് ഞങ്ങളെ നയിക്കുന്നത്. അഭയത്തിനായി ഒരു കൂടാരം മാത്രമുള്ള ജീവിതം പോലും ഞങ്ങള്‍ സഹിക്കും. ഇപ്പോള്‍, ഇസ്റാഈല്‍ സൈന്യം ശുജയ്യക്കാരെ കരയാക്രമണത്തിലൂടെ പുറത്താക്കുകയാണ്. കുറേ പേര്‍ ഒഴിഞ്ഞുപോയി. റാഫയോട് ചെയ്തതുപോലെ, ഇസ്റാഈലിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ‘സുരക്ഷിത മേഖല’യായി ഈ പ്രദേശത്തെ മാറ്റാന്‍ നോക്കുകയാണ്. ഞങ്ങള്‍ക്കിത് കഷ്ടകാലമാണ്. പക്ഷേ, ഞങ്ങള്‍ അതിജീവിക്കും’- എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ദാലിയ അബൂ റമദാന്റെ വാക്കുകളാണിത്. ശുജയ്യ പോലെ, ഗസ്സയുടെ സര്‍വ ഇടങ്ങളിലും ഇസ്റാഈല്‍ ആക്രമണം രൂക്ഷമായി തുടരുമ്പോള്‍ ഈ യുവതിയുടെ ശബ്ദത്തില്‍ നിരാശ പടരുന്നുണ്ട്. എങ്കിലും ചരിത്രവും വര്‍ത്തമാനവും ഏല്‍പ്പിച്ച സഹനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒസ്യത്ത് അവരെപ്പോലുള്ള ഗസ്സക്കാര്‍ കാത്തുസൂക്ഷിക്കുന്നു. പണ്ട് അതിര്‍ത്തിക്കപ്പുറത്തേക്ക് ചിതറിപ്പോയ മനുഷ്യര്‍ക്ക് പിന്നെ ഒരിക്കലും തിരിച്ചുവരാന്‍ സാധിച്ചിട്ടില്ലെന്ന സത്യം അവര്‍ക്ക് മുന്നിലുള്ളതിനാല്‍ അവസാന ശ്വാസം വരെയും പിടിച്ചു നില്‍ക്കുന്നു.
ഹമാസ് ശക്തിയാര്‍ജിച്ച് വരുമായിരിക്കാം, ഇല്ലായിരിക്കാം. നേതൃനഷ്ടങ്ങളിലും മാറിമറിയുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും ഹമാസിന് മുന്നില്‍ വഴിയടയുന്നുണ്ടാകാം. ഫലസ്തീന്‍ അതോറിറ്റിയുടെ നിലപാടുകളില്‍ വെള്ളം ചേരുന്നുണ്ടാകാം. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ ഗസ്സ പിടിച്ചടക്കല്‍ പദ്ധതിക്ക് വേഗം കൂടിയിട്ടുണ്ടാകാം. അപ്പോഴും ഗസ്സക്കാരുടെ ചെറുത്തുനില്‍പ്പ് സന്നദ്ധത മാത്രം മാറ്റമില്ലാതിരിക്കുന്നുവെന്ന് മറ്റാരേക്കാളും മനസ്സിലാക്കുന്നത് ബെഞ്ചമിന്‍ നെതന്യാഹു തന്നെയായിരിക്കും. അതുകൊണ്ടാണ് വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് പോകുന്നതില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങി രൂക്ഷമായ ആക്രമണം തുടങ്ങിയത്. ഗസ്സ പിടിച്ചടക്കിയേ തീരൂവെന്ന് പ്രഖ്യാപിച്ചത്. കരയാക്രമണവും വ്യോമാക്രമണവും ഒരുമിച്ച് തുടങ്ങിയതും പോരാത്തതിന് അതിര്‍ത്തിയില്‍ ദുരിതാശ്വാസ ട്രക്കുകള്‍ തടയുന്നതും. നിസ്സഹായര്‍ തന്നെയാണ് ഗസ്സക്കാര്‍. എന്നാല്‍ അവര്‍ കീഴടങ്ങാന്‍ തയ്യാറല്ല. ഹമാസിനെ നിശ്ശേഷം തുടച്ചു നീക്കാനാകില്ലെന്ന് ഇസ്റാഈല്‍ പ്രതിരോധ സേനയിലെ ഉന്നതര്‍ തന്നെ സമ്മതിക്കുന്നതിന് കാരണവും മറ്റൊന്നല്ല. അതുകൊണ്ട് ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചടക്കലും അധികാരം നടപ്പാക്കലും അത്ര എളുപ്പമാകില്ല. ഗസ്സാ മുനമ്പിന്റെ നിയന്ത്രണം അറബ് കണ്‍സോര്‍ഷ്യത്തിന് നല്‍കുക, മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയെ ഏല്‍പ്പിക്കുക, ഇസ്റാഈല്‍ നേരിട്ട് ഭരണം നിര്‍വഹിക്കുക തുടങ്ങിയ സാധ്യതകളാണ് തന്റെ മുമ്പിലുള്ളതെന്ന് നെതന്യാഹു സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏതെടുത്താലും സൈ്വരമായിരിക്കാന്‍ നെതന്യാഹുവിനും സംഘത്തിനും സാധിക്കില്ല. ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് മാത്രമേ ആര്‍ക്കും ജീവിക്കാനാകൂ.
അകത്ത് നിന്ന്
ഇസ്റാഈലിലെ പൗരസമൂഹം നെതന്യാഹുവിന്റെ ചോരക്കൊതിക്കെതിരെ അതിശക്തമായ പോരാട്ടം നടത്തുന്നുവെന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ എത്ര മറച്ച് വെച്ചിട്ടും പുറത്തേക്ക് വരികയാണ്. വലിയ പ്രക്ഷോഭങ്ങള്‍ അവിടെ അരങ്ങേറുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തത് ഹമാസ് പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ച സൈനിക ഉദ്യോഗസ്ഥ നാമ ലെവിയായിരുന്നു. അവരുടെ വാക്കുകളിതാ: ‘തടവിലായിരിക്കെ ഞാന്‍ ഭയന്നത്, ഹമാസ് ആയുധധാരികളെയായിരുന്നില്ല, മറിച്ച് ഇസ്റാഈല്‍ വ്യോമാക്രമണത്തെയായിരുന്നു. പുറത്ത് നിന്ന് കേള്‍ക്കുന്നത് പോലുള്ളവരായിരുന്നില്ല ഹമാസ് കേഡര്‍മാര്‍. അവര്‍ എനിക്ക് സുരക്ഷിതത്വം തന്നു. ഇസ്റാഈല്‍ സൈന്യത്തിന്റെ ലക്കും ലഗാനുമില്ലാത്ത ബോംബിംഗായിരുന്നു സഹിക്കാനാകാത്തത്. ഓരോ തവണ സൈറണ്‍ മുഴങ്ങുമ്പോഴും ഞാന്‍ ഭയന്നു. ഏത് നിമിഷവും സ്വന്തം സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സ്ഥിതി. വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിച്ച് വീണ്ടും നരമേധത്തിലേക്ക് നീങ്ങുമ്പോള്‍, ബന്ദികളാക്കപ്പെട്ട ഇസ്റാഈല്‍ പൗരന്മാര്‍ സുരക്ഷിതരാകുകയല്ല ചെയ്യുന്നത്. അന്ന് ഞാന്‍ അനുഭവിച്ച യാഥാര്‍ഥ്യം ഇന്ന് അവരനുഭവിക്കുന്നു. ഓരോ സൈറണും മുഴങ്ങവേ ബന്ദികള്‍ പേടിച്ച് വിറക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചുകൊണ്ടും കൂടിയാലോചന തുടര്‍ന്നും മാത്രമേ ബന്ദി മോചനം സാധ്യമാകൂ. ഈ ആക്രമണം ബന്ദികള്‍ക്ക് വേണ്ടിയാണെന്നത് ക്രൂരമായ നുണയാണ്’. നാമ ലാമിക്ക് സത്യം പറയുന്നതിന് ഐ ഡി എഫ് അംഗമായിരുന്നുവെന്നത് തടസ്സമാകുന്നില്ല. ഹമാസിന്റെ തടവില്‍ കഴിഞ്ഞുവെന്നതും അവരെ പിറകോട്ട് വലിക്കുന്നില്ല. ലാമിയെപ്പോലെ ആയിരക്കണക്കായ മനുഷ്യര്‍ നെതന്യാഹുവിന്റെ യുദ്ധക്യാബിനറ്റിനെ വെല്ലുവിളിച്ച് ശരിയായ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. ശനിയാഴ്ച ടെല്‍ അവീവില്‍ നടന്ന റാലിയില്‍ സംസാരിച്ചവരില്‍ ബന്ദിയാക്കപ്പെട്ട മതാന്‍ സാന്‍ഗോക്കറുടെ അമ്മ ഐനവ് സാന്‍ഗോക്കറുമുണ്ടായിരുന്നു. അവര്‍ നെതന്യാഹുവിനെ പേര് വിളിച്ചു തന്നെ ചോദിച്ചു: ‘എന്നോട് പറയൂ മിസ്റ്റര്‍ പ്രധാനമന്ത്രീ… രാത്രിയില്‍ ഉറങ്ങുകയും രാവിലെ ഉണരുകയും ചെയ്യുന്നത് എങ്ങനെയാണ്? 58 ബന്ദികളെ ഉപേക്ഷിക്കുകയാണെന്ന് അറിഞ്ഞിട്ടും നിങ്ങള്‍ കണ്ണാടിയില്‍ എങ്ങനെ നോക്കും?’. ഈ പ്രക്ഷോഭ പരമ്പര കൂടുതല്‍ ശക്തമാകും. കടുത്ത യുദ്ധോത്സുകനും തീവ്ര സയണിസ്റ്റുമായ മേജര്‍ ജനറല്‍ ഡേവിഡ് സിനിയെ ഷിന്‍ ബെത്ത് (ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം) തലപ്പത്ത് വാഴിക്കുക വഴി പ്രക്ഷോഭകരെ വെല്ലുവിളിക്കുകയാണ് നെതന്യാഹു ചെയ്തിരിക്കുന്നത്. ഫലസ്തീന്‍ ജനതയോട് ബോംബിന്റെ ഭാഷയില്‍ മാത്രം സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ ഹൃദയശൂന്യനാണ് ഡേവിഡ് സിനി. ഉദ്യോഗതലത്തില്‍ തന്നെ ഇയാളുടെ നിയമനത്തില്‍ മുറുമുറുപ്പുണ്ട്.
പ്രതിപക്ഷത്ത് നിന്നുള്ള എതിര്‍ശബ്ദം നെതന്യാഹു അടിച്ചമര്‍ത്തുന്നത് പതിവ് ആയുധങ്ങളുപയോഗിച്ചാണ്- ആന്റി സെമിറ്റിസിസം, ദേശവിരുദ്ധം, ഭീകരര്‍ക്കൊപ്പം. ഇങ്ങനെ ദേശവിരുദ്ധ ചാപ്പ പതിഞ്ഞവരില്‍ പ്രമുഖനാണ് യേര്‍ ഗോലാന്‍. മുന്‍ സൈനിക ഉപമേധാവിയാണ് അദ്ദേഹം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ്. നെതന്യാഹുവിന്റെ ശക്തനായ വിമര്‍ശകന്‍. ‘താങ്കള്‍ അഴിമതിക്കാരനാണ്. സ്വന്തം അധികാരം സംരക്ഷിക്കാന്‍ നികുതിപ്പണം കൊള്ളയടിക്കുന്നു. സൈനികരെ കുരുതി കൊടുക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നു. ലോകത്തെ മനുഷ്യസ്നേഹികളുടെയാകെ ശാപം ഏറ്റുവാങ്ങുന്നു. താങ്കളെ ആര്‍ക്കും രക്ഷിക്കാനാകില്ല’- നെതന്യാഹുവിനെ പരസ്യമായി വെല്ലുവിളിച്ച് ഗോലാന്‍ പറയുന്നു. പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡുമായി കൈകോര്‍ത്ത് വമ്പന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് യേര്‍ ഗോലാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യത്തിന്റെ മുന്‍നിരയിലിരുന്നിട്ടും പാഠം പഠിക്കാത്ത വിഡ്ഢിയെന്നാണ് നെതന്യാഹു യേര്‍ ലാപിഡിനെ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരര്‍ക്കായി സംസാരിക്കുന്നുവെന്നും ജൂത പാരമ്പര്യത്തെ വെല്ലുവിളിക്കുന്നുവെന്നും ആക്ഷേപിച്ച് തടിതപ്പാനാണ് നെതന്യാഹുവിന്റെ ശ്രമം. ഇന്ത്യയില്‍ ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ പാക് പക്ഷപാതിയും ദേശവിരുദ്ധനുമാക്കുന്ന സംഘ്പരിവാര്‍ തീവ്രദേശീയതാ തന്ത്രത്തിന്റെ അതേ പതിപ്പാണ് ഇസ്റാഈലിലും പയറ്റുന്നത്. സയണിസവും ഹിന്ദുത്വയും തമ്മില്‍ സാമ്യം മാത്രമേയുള്ളൂ. അറബ് ഇസ്റാഈലി അംഗം അയ്മന്‍ ആദില്‍ ഔദയെ പാര്‍ലിമെന്റില്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ പോഡിയത്തില്‍ നിന്ന് വലിച്ച് താഴെയിടുന്ന ദൃശ്യം ലോകം കണ്ടതാണ്. മധ്യപൗരസ്ത്യ ദേശത്തെ ഒരേയൊരു ജനാധിപത്യ രാജ്യമെന്നൊക്കെ അവകാശപ്പെടുന്ന ഇസ്റാഈല്‍ പാര്‍ലിമെന്റില്‍ ഒരംഗത്തിന് പ്രധാനമന്ത്രിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് ഒറ്റ കാരണമേയുള്ളൂ. പ്രജാപതിയുടെ പേടി. ധീരമായ ഒറ്റ വാക്കു കൊണ്ട് പൊളിഞ്ഞു പോകുന്നതാണ് അധികാരികള്‍ പണിത കോട്ടകള്‍.
പുറത്ത് നിന്ന്
പട്ടിണിയെ ആയുധമാക്കുന്ന ഗതികെട്ട ഭരണാധികാരിയായി നെതന്യാഹുവിനെ ലോകം അടയാളപ്പെടുത്തും. കരയില്‍ നിന്നും ആകാശത്ത് നിന്നും മരണം വിതക്കുന്ന ഇസ്റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്), നെട്ടോട്ടമോടുന്ന ഗസ്സാ ജനതയെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. ഈ ജനതയെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ അയച്ച ആയിരക്കണക്കിന് ദുരിതാശ്വാസ ട്രക്കുകള്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നുണ്ട്. അവ ഗസ്സയില്‍ പ്രവേശിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കുകയാണ് ഐ ഡി എഫ് സൈനികര്‍. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഉപരോധമാണിത്. വിശന്ന് വിശന്ന് മരണാസന്നരായ കുഞ്ഞുങ്ങള്‍ ലോക മനഃസാക്ഷിയെ പിടിച്ചുലച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയ്്ര്‍ സ്റ്റാര്‍മറും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും നടത്തിയ സംയുക്ത പ്രസ്താവന. ഗസ്സയില്‍ നടക്കുന്നത് മാനവരാശിക്കെതിരായ ആക്രമണമാണെന്ന് സംയുക്ത പ്രസ്താവന പ്രഖ്യാപിക്കുന്നു. ആക്രമണ വ്യാപനം ഒരിക്കലും നീതീകരിക്കാനാകില്ല. ഗസ്സക്കാര്‍ അനുഭവിക്കുന്ന ദുരിതം തീര്‍ത്തും അസഹനീയമാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റം അനുവദിക്കാനാകില്ല. ഗസ്സയിലെ ജനങ്ങളെ ശിക്ഷിക്കുന്നത് തുടര്‍ന്നാല്‍ ഉപരോധമടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗസ്സക്ക് വേണ്ടി സമീപകാലത്ത് ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദമായാണ് ഈ മൂന്ന് നേതാക്കളുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. ഇത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടിയുള്ള താക്കീതാണ്. പറഞ്ഞ് നിര്‍ത്തുകയല്ല, ബ്രിട്ടന്‍ നടപടിയിലേക്ക് നീങ്ങുകയും ചെയ്തു. ഇസ്റാഈലുമായുള്ള വ്യാപര ചര്‍ച്ച നിര്‍ത്തിയതായി യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. തങ്ങളുടെ സ്ഥാനപതിയെ ഇസ്റാഈലില്‍ നിന്ന് പിന്‍വലിക്കുന്നതായും ലാമി വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കാന്‍ 22 രാജ്യങ്ങള്‍ ഇതിനകം ആവശ്യപ്പെട്ടുവെന്നാണ് അല്‍ജസീറ റിപോര്‍ട്ട് ചെയ്തത്. നെതന്യാഹു എത്രമാത്രം അസ്വസ്ഥനാണെന്ന് അറിയണമെങ്കില്‍ ഫ്രഞ്ച്, ബ്രിട്ടീഷ്, കനേഡിയന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവനക്ക് മറുപടി പറയുന്ന ഒറ്റ വീഡിയോ കണ്ടാല്‍ മതി. അദ്ദേഹം ക്ഷുഭിതനാണ്. പ്രകോപിതനാണ്. ‘ഈ മൂന്ന് നേതാക്കള്‍ ശരിയുടെയും നീതിയുടെയും പക്ഷത്തല്ല. ഭീകരതയുടെ പക്ഷത്താണ്. അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ആന്റി സെമിറ്റിക്കായ ഈ നേതാക്കളെ അവരുടെ ജനത തന്നെ ഇറക്കി വിടും’. ഇങ്ങനെ പോകുന്ന നെതന്യാഹുവിന്റെ കരച്ചില്‍. പൊതുബോധം മാറുന്നുവെന്ന അപകടം നെതന്യാഹുവിന്റെ അടുപ്പക്കാര്‍ ചെവിയിലോതിക്കൊടുത്തുവെന്ന് വേണം മനസ്സിലാക്കാന്‍. ഏതാനും ട്രക്കുകള്‍ കടത്തിവിടാന്‍ ഇസ്റാഈല്‍ തയ്യാറായിരിക്കുന്നു. മരണമുഖത്ത് നിന്ന് ഗസ്സയിലെ മനുഷ്യരെ രക്ഷിക്കാന്‍ അതൊന്നും മതിയാകില്ലെന്നതാണ് വസ്തുത.
ദുരിതാശ്വാസ വിതരണം പോലും വരുതിയിലാക്കാന്‍ നെതന്യാഹു- ട്രംപ് കൂട്ടുകെട്ട് ശ്രമിക്കുന്നതിന്റെ തെളിവാണ് ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍. യു എസിന്റെയും ഇസ്റാഈലിന്റെയും നിയന്ത്രണത്തിലുള്ള എന്‍ ജി ഒയാണിത്. ദുരിതാശ്വാസ സാമഗ്രികള്‍ക്കൊപ്പം ഹമാസിന് ആയുധം വരുമെന്ന് പേടിക്കുന്നവരുടെ അതിബുദ്ധി. ഈ നീക്കത്തിന് ആദ്യ പ്രഹരം കിട്ടിയത് ഫൗണ്ടേഷന്റെ തലവന്‍ ജെയ്ക് വുഡില്‍ നിന്ന് തന്നെയാണ്. മറ്റാരുടെയോ ചരടനുസരിച്ച് തുള്ളാന്‍ താനില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം രാജിവെച്ചു. ആശ്വസിക്കാം. ഫലസ്തീന്‍ ജനതയുടെ സത്യം തിരിച്ചറിയുന്നവരുടെ നിര നിലച്ച് പോകുന്നില്ല. വ്യാജങ്ങളുടെ കൊടുങ്കാറ്റിലും മനുഷ്യത്വത്തിന്റെ വേരുറപ്പോടെ ചില മരങ്ങള്‍ ചില്ലകള്‍ നിവര്‍ത്തി നില്‍പ്പുണ്ട്.