Connect with us

Editors Pick

ഇൻസ്റ്റഗ്രാം ഫോൺ ബാറ്ററി 'കാർന്നു തിന്നുന്നു'; പരിഹാരം നിർദേശിച്ച് ഗൂഗിൾ

പശ്ചാത്തലത്തിൽ പ്രവർത്തിക്കാത്തപ്പോൾ പോലും ആപ്പ് ബാറ്ററി ചോർത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം

Published

|

Last Updated

ന്യൂഡൽഹി | ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പുകളിൽ ഒന്നാണ് സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട ഒരു പരാതി ടെക് ലോകത്ത് ചുറ്റിത്തിരിയുന്നുണ്ട്. മറ്റൊന്നുമല്ല, ഇൻസ്റ്റഗ്രാം സ്മാർട്ട്ഫോണിന്റെ ബാറ്ററി കാർന്നുതിന്നുന്നു എന്നാണത്. പശ്ചാത്തലത്തിൽ പ്രവർത്തിക്കാത്തപ്പോൾ പോലും ആപ്പ് ബാറ്ററി ചോർത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഈ പ്രശ്‌നം പരിഹരിക്കാൻ ഇൻസ്റ്റാഗ്രാം ഇതുവരെ വഴിയൊന്നും നിർദേശിച്ചിട്ടില്ല. എന്നാൽ ഇതിന് പരിഹാരം നിർദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടെക് ഭീമൻ ഗൂഗിൾ. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ നിർദേശം നൽകിയിരിക്കുകയാണ്.

മേയ് 28-ന് ഇൻസ്റ്റാഗ്രാം, ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി ചോർച്ച പ്രശ്‌നം പരിഹരിക്കുന്ന ഒരു അപ്‌ഡേറ്റ് പുറത്തിറക്കിയതായി ഗൂഗിൾ അറിയിച്ചു. ബാറ്ററി ചോർച്ച തടയാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാഗ്രാം ബിൽഡ് 382.0.0.49.84 ഇൻസ്റ്റാൾ ചെയ്യാനും ടെക് ഭീമൻ ഉപയോക്താക്കളെ ഉപദേശിക്കുന്നുണ്ട്. എന്നിരുന്നാലും, ഇൻസ്റ്റാഗ്രാം എന്ത് കൊണ്ടാണ് ഇത്രയധികം ബാറ്ററി ചോർത്തുന്നത് എന്ന് ഗൂഗിളോ ഇൻസ്റ്റാഗ്രാമോ ഇതുവരെ വിശദീകരിച്ചിട്ടില്ല.

ബാറ്ററി ചോർച്ച പ്രശ്‌നം പരിഹരിക്കാൻ ആപ്പിന്റെ പഴയ പതിപ്പിലേക്ക് മാറിയ ചില ഉപയോക്താക്കൾക്ക് തങ്ങളുടെ ഉപകരണം കാര്യമായി ചൂടാകുന്നതായി അനുഭവപ്പെട്ടു. മറ്റു ചിലർ താൽക്കാലികമായി ഇൻസ്റ്റാഗ്രാം ലൈറ്റിലേക്ക് മാറിയപ്പോൾ പ്രശ്നം ഇൻസ്റ്റാഗ്രാം ആപ്പ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ബാറ്ററി ചോർച്ച പ്രശ്‌നം ഏത് ഫോണുകളെയോ ആൻഡ്രോയിഡ് പതിപ്പുകളെയോ ആണ് ബാധിച്ചതെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മേയ് അപ്‌ഡേറ്റ് ലഭിച്ച എല്ലാ പിക്സൽ ഉപകരണങ്ങളെയും ഇത് ബാധിച്ചതായി ഗൂഗിൾ പറഞ്ഞു. മറ്റ് നിർമ്മാതാക്കളുടെ ആൻഡ്രോയിഡ് ഫോണുകളെയും ഈ പ്രശ്നം ബാധിച്ചിട്ടുണ്ടോ അതോ ബാറ്ററി ചോർച്ചയ്ക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നും വ്യക്തമല്ല.

Latest