Kerala
പി എസ് സി പരീക്ഷാ ക്രമക്കേട്; ചെയര്മാന് എം ആര് ബൈജുവിനെ പ്രതിചേര്‍ത്തു
ക്രമക്കേടില്‍ ചെയര്‍മാനും പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ പ്രതിചേര്‍ത്തത്
തിരുവനന്തപുരം | പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ചെയര്മാന് എം ആര് ബൈജുവിനെ പ്രതിചേര്‍ത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ ക്രമക്കേടിലാണ് നടപടി. ക്രമക്കേടില്‍ ചെയര്‍മാനും പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ പ്രതിചേര്‍ത്തത്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേടില്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഇടപെടലിനെക്കുറിച്ച് ചോദിച്ചറിയും.
ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ബൈജുവിനെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും. കേസില്‍ അന്വേഷണം തുടരുകയാണെന്ന് എസ് ഐ ടി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയാണോ അതോ ചിലരെ വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഇടപെടലാണോ നടന്നതെന്നതിലാണ് ഇനി അന്വേഷണം കേന്ദ്രീകരിക്കുന്നത്.
പി എസ് സി സെക്രട്ടറി സാജു ജോര്‍ജിനെ ഇന്നും പരീക്ഷാ കണ്‍ട്രോളറെ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പരീക്ഷാ ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് സാജുവിനെ വിളിച്ചു വരുത്തുന്നത്. പി എസ് സി സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അറസ്റ്റിലായ അഡിഷണല്‍ സെക്രട്ടറി ആര് ഹരിയെ കോടതിയില്‍ ഹാജരാക്കും. പരീക്ഷയില്‍ 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിലെ കണ്ടെത്തല്‍. ഇതിനകം മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി എസ് സി ചെയര്മാന് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.
Content Highlights: Kerala PSC Chairman MR Baiju has been named an accused in the Fisheries Extension Officer exam irregularity case. The Crime Branch summoned him for questioning following statements indicating his involvement. Officials are investigating whether high-level conspiracy or system failure caused the fraud.



