Kerala
പിഎസ്സി പരീക്ഷ ക്രമക്കേട്: അറസ്റ്റിലായ അഡീഷണല്‍ സെക്രട്ടറി ആര് ഹരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നേരത്തേ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
തിരുവനന്തപുരം| പിഎസ്സി പരീക്ഷ ക്രമക്കേടില്‍ അറസ്റ്റിലായ അഡീഷണല്‍ സെക്രട്ടറി ആര് ഹരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഹരിയെ ഇന്നലെ കൊച്ചിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തില്‍ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടില്‍ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ക്രമക്കേട് നടന്ന ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ചുമതലയായിരുന്നു ഹരിക്ക്.
നേരത്തേ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഹരിക്കൊപ്പം മൂല്യനിര്‍ണ്ണയ ചുമതലയുണ്ടായിരുന്ന ആളാണ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷ്. പ്രതി ചേര്‍ത്തതിന് പിന്നാലെ ഹരിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചെയര്മാന് എംആര്‍ ബൈജുവും ഹരിയും ചേര്‍ന്നാണ് കൂടിയാലോചനയില്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
പിഎസ് സി സെക്രട്ടറി സാജു ജോര്‍ജ്ജിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരാകാനായി ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. പരീക്ഷ കണ്ട്രോളര് ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും നോട്ടീസ് നല്കി. തിങ്കളാഴ്ച പത്ത് പിഎസ്സി അംഗങ്ങള്‍ക്ക് ഹാജരാകാനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തേയും വിപുലപ്പെടുത്തിയിട്ടുണ്ട്. പുതുതായി മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ് അന്വേഷണ സംഘം വിപുലപ്പെടുത്തിയത്. പ്രത്യേക സംഘത്തില്‍ രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും ഉള്‍പ്പെടുത്തി.
Content Highlights: Additional Secretary R Hari, arrested in the PSC exam fraud case, will be produced in court today. He was taken into custody from Kochi after hiding at Isha Yoga Center. The Crime Branch has also summoned PSC Secretary Saju George for questioning today, alongside expanding the probe team.

