Kerala
കോഴിക്കോട്ട് ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ദമ്പതികളായ നാടോടികള്‍ പിടിയില്‍
രക്ഷപ്പെടുത്തിയത് ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍

കോഴിക്കോട് | ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ദമ്പതികളായ നാടോടികള്‍ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ബീച്ച് പുതിയ കടവിലാണ് ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. മംഗലാപുരം സ്വദേശികളായ ശ്രീനിവാസനും ലക്ഷ്മിയുമാണ് സംഭവത്തില്‍ പിടിയിലായത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നാടോടികളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ചാക്കിലാക്കിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പിടിയിലായ ശ്രീനിവാസന്റെ പേരില്‍ തൃശ്ശൂരില്‍ രണ്ട് മോഷണ കേസുളുണ്ട്. ദമ്പതികള്‍ കോഴിക്കോട് പത്ത് ദിവസം മുമ്പാണെത്തിയത്.
കൊച്ചി മരടിലെ നെട്ടൂര്‍ തട്ടേക്കാട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയെ പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇടപ്പള്ളിയിലും ചൊവ്വാഴ്ച കുട്ടിയെ കൈനോട്ടക്കാരന്‍ തട്ടിക്കൊണ്ടുപോയിരുന്നു. പ്രതി പോലീസ് പിടിയിലാണ്.