Ongoing News
റയല്‍ വിടാനൊരുങ്ങി മോഡ്രിച്ച്; ഒഴിയുക ക്ലബ് വേള്‍ഡ് കപ്പിനു ശേഷം
ഫിഫ ക്ലബ് വേള്‍ഡ് കപ്പിനു ശേഷം സ്പാനിഷ് ക്ലബില്‍ നിന്ന് വിടവാങ്ങും.

മാഡ്രിഡ് | റയല്‍ മാഡ്രിഡ് വിടാനൊരുങ്ങി നായകന്‍ ലൂക മോഡ്രിച്ച്. ഇത്തവണത്തെ ഫിഫ ക്ലബ് വേള്‍ഡ് കപ്പിനു ശേഷം സ്പാനിഷ് ക്ലബില്‍ നിന്ന് വിടവാങ്ങാനാണ് ക്രൊയേഷ്യയുടെ മധ്യനിര താരവും 2018ലെ ബാലണ്‍ ദിയോര്‍ ജേതാവുമായ 39കാരനായ താരത്തിന്റെ തീരുമാനം.
ജൂണ്‍ 18ന് സഊദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലുമായാണ് വരുന്ന ക്ലബ് വേള്‍ഡ് കപ്പില്‍ റയല്‍ മാഡ്രിഡിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മെക്‌സിക്കന്‍ ക്ലബായ പച്ചുവ, ആസ്ത്രിയയുടെ ആര്‍ബി സാല്‍സ്ബര്‍ഗ് എന്നിവയുമായും റയല്‍ മാറ്റുരയ്ക്കും.
ക്ലബിന്റെ ഹോം ഗ്രൗണ്ടായ ബെര്‍നാബ്യൂവില്‍ റയല്‍ സോസിദാദുമായി ശനിയാഴ്ച നടക്കുന്ന മത്സരത്തിലായിരിക്കും മോഡ്രിച്ച് മാഡ്രിഡിനായി അവസാനമായി ബൂട്ട് കെട്ടുക. ലാല ലിഗയില്‍ സീസണിലെ അവസാന മത്സരമാണിത്.
‘ആ സമയം ആഗതമായിരിക്കുന്നു. അത് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചതല്ല. എന്നാല്‍, അതാണ് ഫുട്‌ബോള്‍. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരാരംഭവും അവസാനവും ഉണ്ടായിരിക്കും. റിയല്‍ മാഡ്രിഡിനു വേണ്ടി കളിച്ചത് ഫുട്‌ബോളര്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ചരിത്രത്തിലെ തന്നെ മികച്ച ക്ലബിനൊപ്പം ഏറ്റവും വിജയകരമായ ഒരു യുഗത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.’- മോഡ്രിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2012ല്‍ സ്‌പേസ് ക്ലബ് വിട്ട് റയല്‍ മാഡ്രിഡിലെത്തിയ മോഡ്രിച്ച് ക്ലബിനായി ആറ് ചാമ്പ്യന്‍സ് ലീഗും നാല് പ്രാദേശിക ടൂര്‍ണമെന്റുകളും ഉള്‍പ്പെടെ 28 കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.