Connect with us

Articles

ആ അപശബ്ദങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ?

ദേശീയ താത്പര്യങ്ങളേക്കാള്‍ സങ്കുചിത രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്ന രീതി നന്നല്ല. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും അതേക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയ എതിരാളികളെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവനകളും ഐക്യ ശ്രമത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ പാകിസ്താനെ ആക്രമണ രാജ്യമായി അവതരിപ്പിക്കുന്ന ഇന്ത്യയുടെ നിലപാടിന് കരുത്ത് പകരുന്നതാകണം നമ്മുടെ പ്രവര്‍ത്തനം.

Published

|

Last Updated

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുണ്ടായ ഏകോപനം രാജ്യത്തിന്റെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാന്‍ തിരഞ്ഞെടുത്ത സർവകക്ഷി പ്രതിനിധികളെ നിയോഗിച്ചതിലും വേണമായിരുന്നു. ഓപറേഷന്‍ സിന്ദൂറുമായി രൂപപ്പെട്ട രാഷ്ട്രത്തിന്റെ ഒരുമ വെടിനിര്‍ത്തലോടെ അവസാനിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കരുതായിരുന്നു. ഓപറേഷന്‍ സിന്ദൂറിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും ഭീകരവാദികളെ പിന്തുണക്കുന്ന പാകിസ്താന്റെ നിലപാട് തുറന്നുകാട്ടുന്നതിനും വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പാര്‍ലിമെന്റ്പ്രതിനിധികളെ അയക്കാനുള്ള ഇന്ത്യൻ സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. വിവിധ രാഷ്ട്രീയ മേഖലകളില്‍ നിന്നും നയതന്ത്ര രംഗത്ത് നിന്നും 59 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏഴ് ഗ്രൂപ്പുകളെയാണ് സർവകക്ഷി സംഘത്തില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 51 പേര്‍ രാഷ്ട്രീയ പ്രതിനിധികളും മറ്റുള്ളവര്‍ നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിച്ചവരുമാണ്. ഏഴ് ഗ്രൂപ്പുകളായി തിരിച്ച സംഘം പര്യടനം തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ നാടുകള്‍, യൂറോപ്പ്, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, റഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പാര്‍ലിമെന്റ്അംഗങ്ങള്‍, യു എന്‍ ഏജന്‍സികള്‍, നയരൂപവത്കരണ സംഘങ്ങള്‍, പ്രവാസി നേതാക്കള്‍, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള സര്‍ക്കാറിന്റെ നയതന്ത്ര നീക്കത്തിന്റെ ഭാഗമാണിത്.

ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിലെ (യു എന്‍ എസ് സി) 15 അംഗ രാജ്യങ്ങള്‍ ഉൾപ്പെടെ 32 രാജ്യങ്ങളിലാണ് സംഘത്തിന്റെ സന്ദര്‍ശനം. അടുത്ത തവണ യു എന്‍ എസ് സിയില്‍ അംഗത്വം വഹിക്കുന്ന അഞ്ച് രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും. പാകിസ്താൻ യു എന്‍ എസ് സി അംഗമായി തുടരുന്നതിനാല്‍ ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണത്തിന് ഈ വേദി ഉപയോഗിക്കാനുള്ള സാധ്യത കണ്ടാണ് ഇന്ത്യ ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്താന്‍ മുമ്പ് പലതവണ ഇന്ത്യാവിരുദ്ധ പ്രചാരണത്തിനായി യു എന്‍ വേദി ഉപയോഗപ്പടുത്തിയതിന്റെ അനുഭവം മുമ്പിലുണ്ട്. 10 ദിവസത്തെ ദൗത്യത്തിന് ശശി തരൂര്‍, രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ, ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ എന്നീ മുതിര്‍ന്ന പാര്‍ലിമെന്റ്അംഗങ്ങളാണ് നേതൃത്വം നല്‍കുന്നത്. പാകിസ്താനെതിരെ പ്രചാരണം നടത്തുന്ന സംഘത്തില്‍ മുസ്്ലിം പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. 59 പേരില്‍ എട്ട് പേര്‍ മുസ്്ലിംകളാണ്. മുന്‍ കേന്ദ്ര മന്ത്രിമാരായ ഗുലാം നബി ആസാദ്, എം ജെ അക്ബര്‍, സല്‍മാന്‍ ഖുര്‍ശിദ്, എം പിമാരായ ഇ ടി മുഹമ്മദ് ബശീര്‍ (മുസ്്ലിം ലീഗ്), അസദുദ്ദീന്‍ ഉവൈസി (എ ഐ എം ഐ എം), സര്‍ഫാസ് അഹ്്മദ് (ജെ എം എം), മിയാന്‍ അല്‍ത്താഫ് അഹ്്മദ് (നാഷനല്‍ കോണ്‍ഫറൻസ്), മുന്‍ അംബാസഡര്‍ ജാവേദ് അശ്റഫ് എന്നിവരാണ് സർവകക്ഷി സംഘത്തിലെ മുസ്്ലിം പ്രതിനിധികള്‍. തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പി യൂസുഫ് പത്താനെ കേന്ദ്ര സര്‍ക്കാര്‍ സംഘത്തില്‍ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സംഘത്തില്‍ നിന്ന് പിന്‍മാറിയതായി പാര്‍ട്ടി അറിയിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയും അഭിഷേക് ബാനര്‍ജി എം പിയെ പ്രതിനിധിയായി ഉൾപ്പെടുത്തുകയുമുണ്ടായി.

പാകിസ്താനെ തുറന്നുകാട്ടാന്‍ നേരത്തേയും വിദേശ രാജ്യങ്ങളില്‍ പ്രതിനിധികളെ ഇന്ത്യ അയച്ച സന്ദര്‍ഭമുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ കശ്മീരിനെ കുറിച്ചുള്ള പ്രമേയം പാകിസ്താന്‍ അവതരിപ്പിച്ച ഘട്ടത്തില്‍ അതേക്കുറിച്ച് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ 1994ല്‍ പി വി നരസിംഹ റാവു സര്‍ക്കാര്‍ അന്നത്തെ പ്രതിപക്ഷ നേതാവ് അടല്‍ ബിഹാരി വാജ്‌പയ്, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘത്തെ വിദേശ രാജ്യങ്ങളില്‍ അയക്കുകയുണ്ടായി. 2008ൽ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിവിധ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി പ്രതിനിധികളെ അയച്ചിരുന്നു.
ഇത്തരം സന്ദര്‍ശനങ്ങള്‍ നിലപാട് അറിയിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഐക്യവും വിദേശ രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. എന്നാല്‍ ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നുണ്ടായ അപശബ്ദങ്ങള്‍ നല്‍കിയ സൂചന നല്ലതല്ല. ഓപറേഷന്‍ സിന്ദൂറിനെ പൂർണമായി പിന്തുണച്ച കോണ്‍ഗ്രസ്സിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി പ്രതിനിധികളെ നിശ്ചയിച്ചതിലൂടെ ഭരണകക്ഷി ഭിന്നിപ്പിനുള്ള മതില്‍ പണിയുകയായിരുന്നു. ഓപറേഷന്‍ സിന്ദൂറിന് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്ക് വ്യാപകമായ പിന്തുണ ലഭിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. മിക്ക രാജ്യങ്ങളും ഇന്ത്യയെയും പാക്കിസ്താനെയും സമദൂരത്തില്‍ കാണുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം മനസ്സിലാക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടത്ര സാധിച്ചിട്ടില്ല. സ്വന്തം പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ലോകാഭിപ്രായം അനുകൂലമാക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. സര്‍വ കക്ഷി പ്രതിനിധികളുടെ ദൗത്യം ഇന്ത്യ ഭീകരതയുടെ ഇരയാണെന്ന് ബോധ്യപ്പെടുത്തലാണ്.

ഇതിനായി നിയോഗിക്കപ്പെട്ട പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അതാത് പാര്‍ട്ടിയുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് ശശി തരൂരിനെയും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് യൂസുഫ് പത്താനെയും സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ ഇരു പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. പാര്‍ട്ടിയുടെ നിർദേശപ്രകാരം യൂസുഫ് പത്താന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പിന്‍മാറുകയുണ്ടായി. എന്നാല്‍ ശശി തരൂര്‍ പാര്‍ട്ടിയുടെ വികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ്സ് ശിപാര്‍ശ ചെയ്ത പേരുകള്‍ വെട്ടിയാണ് കേരളത്തില്‍ നിന്നുള്ള എം പിയായ ശശി തരൂരിനെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഇതിലുള്ള വിയോജിപ്പ് മറന്ന് നിർദേശിച്ച പാര്‍ട്ടികള്‍ സർവകക്ഷി പ്രതിനിധി സംഘത്തില്‍ പങ്കെടുക്കുകയാണ്.

അടുത്ത കാലങ്ങളില്‍ തരൂരില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുമായി യോജിച്ചു പോകുന്നതല്ല. അദ്ദേഹത്തിന്റെ പല പ്രതികരണങ്ങളും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നതും ബി ജെ പിയെ സന്തോഷിപ്പിക്കുന്നതുമായിരുന്നു. ഓപറേഷന്‍ ലോട്ടസ് എന്ന് പേരിട്ട് പ്രതിപക്ഷത്തെ ക്ഷീണിപ്പിക്കുക എന്നത് നയമായി സ്വീകരിച്ച ബി ജെ പി, പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാല്‍ അതിനു പറ്റിയ സമയം ഇതല്ല. ശത്രു രാജ്യത്തിന്റെ ഭീഷണി തലക്കു മുകളില്‍ നില്‍ക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള രാഷ്ട്രീയക്കളി വിലകുറഞ്ഞതാണ്. ഇത് പാകിസ്താനെ സന്തോഷിപ്പിച്ചേക്കാം.
ദേശീയ താത്പര്യങ്ങളേക്കാള്‍ സങ്കുചിത രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്ന രീതി നന്നല്ല. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും അതേക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയ എതിരാളികളെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവനകളും ഐക്യശ്രമത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്. ശശി തരൂര്‍ രാജ്യത്തെ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന നയതന്ത്രജ്ഞനുമാണ്. പക്ഷേ, അദ്ദേഹം പാര്‍ലിമെന്റില്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെയാണ്. സർവകക്ഷി പ്രതിനിധികളെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റരുത്. രാഷ്ട്രീയത്തേക്കാള്‍ രാഷ്ട്രമാണ് പ്രധാനമെന്ന ശശി തരൂരിന്റെ നിലപാട് ഭരിക്കുന്ന പാര്‍ട്ടിയും ഉൾക്കൊള്ളേണ്ടതായിരുന്നു.

പ്രമുഖ രാജ്യങ്ങളിലേക്ക് നയതന്ത്ര സംഘങ്ങളെ അയക്കാന്‍ പാകിസ്താനും തീരുമാനിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോട് തുറന്ന സമീപനം സ്വീകരിക്കേണ്ടതായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാകിസ്താന്റെ ദുഷ്ടലക്ഷ്യങ്ങള്‍ ഫലപ്രദമായി തുറന്നുകാട്ടാന്‍ ഇന്ത്യയിലെ സർവകക്ഷി പ്രതിനിധികള്‍ ഒന്നിച്ച് നിലപാട് സ്വീകരിക്കണം. പാർട്ടികള്‍ തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷം ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ.
പഹല്‍ഗാം ആക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥക്ക് ശമനം ഉണ്ടായിട്ടുണ്ടെങ്കിലും വെടിനിര്‍ത്തലിന് ശേഷവും ഭീഷണി നിലനില്‍ക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ പാകിസ്താനെ ആക്രമണ രാജ്യമായി അവതരിപ്പിക്കുന്ന ഇന്ത്യയുടെ നിലപാടിന് കരുത്ത് പകരുന്നതാകണം നമ്മുടെ പ്രവര്‍ത്തനം.