International
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിയില്‍; കിരീടാവകാശിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം
ഇത് രണ്ടാം തവണയാണ് യു എസ് പ്രസിഡന്റെന്ന നിലയില്‍ തന്റെ ആദ്യ വിദേശ യാത്രയ്ക്ക് ട്രംപ് സഊദി അറേബ്യ തിരഞ്ഞെടുക്കുന്നത്.

റിയാദ് | പ്രഥമ മധ്യപൂര്‍വദേശത്തെ പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിയില്‍. പ്രാദേശിക സമയം രാവിലെ 9.50 ന് സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ നേതൃത്വത്തില്‍ ട്രംപിനെ സ്വീകരിച്ചു.
ഇത് രണ്ടാം തവണയാണ് യു എസ് പ്രസിഡന്റെന്ന നിലയില്‍ തന്റെ ആദ്യ വിദേശ യാത്രയ്ക്ക് ട്രംപ് സഊദി അറേബ്യ തിരഞ്ഞെടുക്കുന്നത്. ഇക്കാലയളവില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ വിദേശ നേതാവും സല്‍മാന്‍ രാജകുമാരനാണ്. ട്രംപ് സഞ്ചരിച്ച വിമാനത്തിന് സഊദി എഫ്-15 യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു
പിന്നീട് ട്രംപിന്റെ വാഹനവ്യൂഹം റിയാദിലെ അല്‍-യമാമ കൊട്ടാരത്തിലെത്തിച്ചേര്‍ന്നു. പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തല്‍, സെറിമണല്‍ ബ്ലൂ റൂമില്‍ കോഫി സത്കാരം, ബിസിനസ്സ് നേതാക്കളുമായുള്ള ഉച്ചഭക്ഷണം, ഉഭയകക്ഷി കൂടിക്കാഴ്ചകള്‍, സഊദിയുമായുള്ള വാണിജ്യ കരാര്‍ ഒപ്പിടല്‍ എന്നിവയാണ് ആദ്യദിന പരിപാടികള്‍.
സഊദി-യുഎഇ-ഖത്വര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രസിഡന്റ് ട്രംപ്, യാത്രക്ക് മുന്നോടിയായി വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗള്‍ഫ് യാത്രയെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ചു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിക്കുന്നു.