Business
യുക്രൈയ്ന്‍ പ്രതിസന്ധി: ഏസര്‍ റഷ്യയിലെ ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തി
നിലവിലെ സംഭവവികാസങ്ങള്‍ കാരണം റഷ്യയിലെ തങ്ങളുടെ ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ഏസര്‍ പ്രസ്താവനയില്‍ അറിയിച്ചു.

തായ്‌പേയ് സിറ്റി| റഷ്യയുടെ യുക്രൈയ്ന്‍ അധിനിവേശത്തിനെതിരെ തായ്പേയ് ഉപരോധം വിപുലീകരിച്ചതിനെത്തുടര്‍ന്ന് റഷ്യയിലെ എല്ലാ ബിസിനസുകളും നിര്‍ത്തിവച്ചതായി തായ്വാന്‍ ടെക് സ്ഥാപനമായ ഏസര്‍ അറിയിച്ചു. തായ്‌വാന്‍ യുക്രൈയ്നിലെ സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയും റഷ്യയ്ക്കെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ ചേരുകയുമായിരുന്നു. നിലവിലെ സംഭവവികാസങ്ങള്‍ കാരണം റഷ്യയിലെ തങ്ങളുടെ ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ഏസര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ ടെക് കമ്പനി അതിന്റെ എല്ലാ ജീവനക്കാരുടെയും സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും നിലവിലെ സാഹചര്യത്തില്‍ ഓരോ വ്യക്തിയെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വ്യക്തമാക്കി. കമ്പ്യൂട്ടറുകള്‍, ടെലികോം, ഏവിയോണിക്‌സ് ഉപകരണങ്ങള്‍, അര്‍ധചാലകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ 57 തന്ത്രപ്രധാനമായ ഹൈ-ടെക് ഉല്‍പ്പന്നങ്ങളെക്കുറിച്ച് തായ്വാന്‍ സര്‍ക്കാര്‍ അടുത്തിടെ പട്ടികപ്പെടുത്തിയിരുന്നു. കയറ്റുമതിക്കാര്‍ റഷ്യയിലേക്ക് നിയന്ത്രിത ഇനങ്ങള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ ബ്യൂറോ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം.
കഴിഞ്ഞ മാസം പ്രമുഖ തായ്വാനീസ് കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ അസൂസ് റഷ്യയിലേക്കുള്ള തങ്ങളുടെ കയറ്റുമതി യുദ്ധം കാരണം നിശ്ചലാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്റല്‍, മൈക്രോസോഫ്റ്റ്, പേപാല്‍ തുടങ്ങിയ മള്‍ട്ടിനാഷണല്‍ ടെക് കമ്പനികളോട് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ യുക്രൈനിന്റെ ഡിജിറ്റല്‍ മന്ത്രി കൂടിയായ ഫെഡോറോവ് അഭ്യര്‍ത്ഥിച്ചിരുന്നു. മക്ഡൊണാള്‍ഡ്സ്, അഡിഡാസ്, സാംസംഗ് എന്നീ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായോ ഭാഗികമായോ നിര്‍ത്തിവച്ചിരിക്കുകയാണ്.