Connect with us

local body election 2025

മീനങ്ങാടി ഡിവിഷനില്‍ യു ഡി എഫ് ഘടകകക്ഷികളുടെ പോര്

നേരത്തെ കേരള കോണ്‍ഗ്രസ്സ് യു ഡി എഫിനായി മത്സരിച്ച സീറ്റാണ് മീനങ്ങാടി ഡിവിഷന്‍.

Published

|

Last Updated

കല്‍പ്പറ്റ | ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മീനങ്ങാടി ഡിവിഷനില്‍ യു ഡി എഫിലെ ഘടകക്ഷികള്‍ പരസ്പരം പോരടിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്- അഡ്വ. ഗൗതം ഗോകുല്‍ദാസും യു ഡി എഫിലെ മറ്റൊരു ഘടകക്ഷിയായ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിനായി ലിന്റോ കെ കുര്യാക്കോസുമാണ് മത്സര രംഗത്തുള്ളത്. ഇരു കൂട്ടരും പോസ്റ്റര്‍ പ്രചാരണമടക്കം തുടങ്ങിയിട്ടുണ്ട്.

നേരത്തെ കേരള കോണ്‍ഗ്രസ്സ് യു ഡി എഫിനായി മത്സരിച്ച സീറ്റാണ് മീനങ്ങാടി ഡിവിഷന്‍. ഇത്തവണ കോണ്‍ഗ്രസ്സ് നേതൃത്വം സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ യു ഡി എഫ് സീറ്റുകള്‍ കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ് കക്ഷികള്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കേരള കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട സീറ്റ് കോണ്‍ഗ്രസ്സ് തട്ടിയെടുത്തതായാണ് ഇവര്‍ ആരോപിക്കുന്നത്. ഒരു ചര്‍ച്ചയുമില്ലാതെയാണ് കോണ്‍ഗ്രസ്സ് നീക്കമെന്നും ഇതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നും കേരള കോണ്‍ഗ്രസ്സ് പറയുന്നു. പി ജെ ജോസഫും യു ഡി എഫിന്റെ മറ്റ് സംസ്ഥാന നേതാക്കളും ഇടപെട്ടിട്ടും സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് രണ്ട് കൂട്ടരും മത്സര രംഗത്ത് എത്തിയത്.

എന്നാല്‍ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അഡ്വ. ഗൗതം ഗോകുല്‍ദാസാണെന്ന് ജില്ലാ നേതൃത്വം പറയുന്നു. ലിന്റോ കെ കുര്യാക്കോസിന് യു ഡി എഫുമായി യാതൊരു ബന്ധവുമില്ല. ലിന്റോ കെ കുര്യാക്കോസ് യു ഡി എഫ് സ്ഥാനാര്‍ഥി എന്ന പേരില്‍ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ കെ കെ അഹ്്മദ് ഹാജി, കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു.

Latest