Connect with us

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു

കേസില്‍ മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി.

Published

|

Last Updated

കൊച്ചി |  ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.കേസില്‍ മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി

2005 സെപ്റ്റംബര്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ആഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് പോലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇരുവര്‍ക്കും രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കാനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ ഉത്തരവിട്ടിരുന്നു.ഇതിനെതിരെയാണ് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest