Connect with us

Uae

ആഗോള പാസ്പോർട്ട് റാങ്കിംഗിൽ യു എ ഇ ഒന്നാമത്

നേട്ടം തുടർച്ചയായ ഏഴാം വർഷം

Published

|

Last Updated

ദുബൈ| യു എ ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടു. ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ 2025 ലെ പാസ്പോർട്ട് സൂചികയിൽ തുടർച്ചയായ ഏഴാം വർഷമാണ് യു എ ഇ ഈ നേട്ടം സ്വന്തമാക്കുന്നത്. പല രാജ്യങ്ങളും പ്രവേശന നിയമങ്ങൾ കർശനമാക്കിയതിനാൽ ആഗോളതലത്തിൽ സഞ്ചാര സ്വാതന്ത്ര്യം കുറയുമ്പോഴും യു എ ഇ പാസ്പോർട്ട് ശക്തമായി തുടരുന്നു.

ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. 175 മൊബിലിറ്റി സ്‌കോറുമായി സിംഗപ്പൂർ 30ൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 174 സ്‌കോറുമായി മലേഷ്യ 41ൽ നിന്ന് 17-ാം സ്ഥാനത്തെത്തി. ജപ്പാനും ദക്ഷിണ കൊറിയയും മികച്ച നിലവാരം പുലർത്തി. സ്‌പെയിൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ മുൻനിരയിലുണ്ടെങ്കിലും കർശനമായ അതിർത്തി നിയന്ത്രണങ്ങൾ കാരണം സ്‌കോറിൽ കുറവുണ്ടായി.

ബ്രിട്ടൻ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ടുകൾക്ക് റാങ്കിംഗിൽ വലിയ ഇടിവ് സംഭവിച്ചു. ബ്രിട്ടൻ 39-ാം സ്ഥാനത്തേക്കും അമേരിക്ക 41-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കാനഡ 40-ാം സ്ഥാനത്താണ്. സുരക്ഷാ നടപടികളുടെ ഭാഗമായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ രാജ്യങ്ങൾ വ്യാപകമാക്കുന്നത് യാത്രാ സ്വാതന്ത്ര്യത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

Latest